ദൃശ്യകലാപ്രസ്ഥാനം
സംഗീതം: ആട്ടക്കഥകളിലെ ചില പദങ്ങൾ അവയുടെ ഗുണപൗഷ്ക്കല്യം കൊണ്ടുതന്നെ പ്രസിദ്ധങ്ങളാണു്. ആടാനും പാടാനും ആസ്വദിക്കാനും പറ്റിയ അനവധി പദങ്ങൾ പലതിലുമുണ്ട്. സംഗീതഭംഗികൊണ്ടു സുവിദിതങ്ങളായ ചില പദങ്ങൾ ഇവിടെ സൂചീപ്പിക്കുകമാത്രം ചെയ്തുകൊള്ളുന്നു. കിർമ്മീരവധത്തിലെ, ”ബാലേ, നീ കേൾ മാമകവചനം കല്യേ കല്യാണീ,” “കണ്ടാലതി മോദമുണ്ടായ്‌വരും വിപിനമിതു കണ്ടായോ” തുടങ്ങിയവയും; കല്യാണസൗഗന്ധികത്തിലെ “പാഞ്ചാലാ ജതനയേ”, ”വഴിയിൽനിന്നു പോക വൈകാത വാനരാധമ” തുടങ്ങിയവയും കോട്ടയത്തുതമ്പുരാൻ്റെ സംഗീതനൈപുണിയെ തെളിയിക്കുന്നവയാണു്. ഉണ്ണായിവാര്യരുടെ നളചരിതത്തിലുള്ള, ”കുണ്ഡിന നായകനന്ദിനിക്കൊത്തൊരു ‘സാമ്യമകന്നൊരുദ്യാനം”, ”അംഗനമാർമൗലേ ബാലേ”, ”യാമി യാമി ഭൈമി കാമിതം”, ”പൂമാതിനൊത്ത ചാരുതനോ” തുടങ്ങിയ പദങ്ങൾ സഹൃദയന്മാർ ഒരിക്കലും വിസ്മരിക്കുന്നവയല്ല. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരത്തിലെ, “പ്രണയവാരിധേ! കേൾക്കു മേ വചനങ്ങൾ”, “വീര! വിരാടകുമാര! വിഭോ” തുടങ്ങിയവയും; കീചകവധത്തിലെ, “മാനിനിമാർ മൗലിമണേ”; ദക്ഷയാഗത്തിലെ, “പുന്തേൻവാണീ! ശൃണു മമവാണീ”, “കണ്ണിണയ്ക്കാനന്ദം നൽകീടുന്നു കാളിന്ദീനദി സാമ്പ്രതം”, “സന്താപമരുതരുതേ” തുടങ്ങിയവയും; അശ്വതിതിരുനാളിൻ്റെ പൗണ്ഡ്രകവധത്തിലെ, “മാധവസമയമിദം” തുടങ്ങിയവയും സംഗീതസാഹിത്യങ്ങളുടെ അന്യോന്യ രഞ്ജിതമായ സമ്മേളനത്താൽ മധുരമധുരമെന്നേ പറയാവൂ. കഥകളിപ്പദങ്ങൾ പലതും സ്ത്രീജനങ്ങൾ കൈകൊട്ടിക്കളിക്കും ഉപയോഗിക്കാറുണ്ടെന്നുള്ള വസ്തുതയും ഇവിടെ വ്യക്തമാണ്.
