ദൃശ്യകലാപ്രസ്ഥാനം
പ്രസിദ്ധകൃതികൾ: കൊട്ടാരക്കരത്തമ്പുരാൻ്റെ രാമനാട്ടം കൃതികളെപ്പററി
ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ആട്ടക്കഥാപ്രസ്ഥാനത്തിലെ ആദ്യത്തെ കൃതികൾ എന്ന നിലയ്ക്കു രാമനാട്ടം കഥകൾക്കു സാഹിത്യചരിത്രത്തിൽ ഗണ്യമായ ഒരു സ്ഥാനമുണ്ട്. എന്നാൽ സാഹിത്യഗുണങ്ങളെ പുരസ്ക്കരിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ ആദരാഭിനന്ദനങ്ങളെ അർഹിക്കുന്ന കൃതികൾ മറ്റു ചിലതാണെന്നു കാണാം.
കൊട്ടാരക്കരത്തമ്പുരാൻ്റെ കാലം മുതൽ ഇന്നുവരെ ഈ പ്രസ്ഥാനത്തിൽ അനവധി കൃതികൾ എഴുതിയിട്ടുണ്ട്. അവയിൽ 54 ദിവസത്തെ ആട്ടക്കഥകൾ തിരുവനന്തപുരം ‘കേരളവിലാസം’ അച്ചുക്കൂടത്തിൽനിന്നു 1033-ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈശ്വരപിള്ള വിചാരിപ്പുകാരുടെ ഈ ആദ്യപ്രസിദ്ധീകരണത്തിനുശേഷം, കൊല്ലത്തെ എസ്. ടി. റെഡ്ഡ്യാർ 72 ദിവസത്തെ ആട്ടക്കഥകളും, ശ്രീരാമവിലാസം പ്രസ്സുകാർ 41 ദിവസത്തെ കഥകളും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തീട്ടുള്ളതു പലരും കണ്ടിരിക്കുമല്ലോ. ഇനിയും അനേകമെണ്ണം അമുദ്രിതങ്ങളും അപ്രകാശിതങ്ങളുമായിട്ടുണ്ട്. എന്നാൽ ഇവയിൽ അധികമെണ്ണവും നിർഗുണങ്ങളും നീരസങ്ങളുമാകയാൽ ഇന്നു ലുപ്തപ്രചാരങ്ങളായിത്തീർന്നിരിക്കയാണു്. ഈ പ്രസ്ഥാനത്തിൽ മുഖ്യങ്ങളായി ഗണിച്ചുവരുന്ന കൃതികളെ സംബന്ധിച്ച ഒരു പട്ടിക പ്രസിദ്ധമായിട്ടുണ്ട്:
കോട്ടം വിട്ടൊരു കോട്ടയംകഥകൾ നാല,ഞ്ചാതെ വഞ്ചീശ്വര-
ശ്രേഷ്ഠൻതന്നുടെ നാലു, തമ്പിയുടെ മൂന്നൊ, ന്നക്കവീന്ദ്രൻ്റെയും.
