പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

എന്നാൽ ഈ പ്രസ്ഥാനത്തിലെ മകുടാലങ്കാരഹീരമായി ശോഭിക്കുന്ന ഉണ്ണായിവാര്യരുടെ കഥകളെപ്പറ്റി പ്രസ്തുത പട്ടികയിൽ പ്രസ്താവിച്ചിട്ടില്ലെന്നുള്ളതു വിസ്മരിക്കാവുന്നതല്ല. പട്ടികയിൽ പ്രസ്താവിക്കുന്ന വസ്തുതകൾ എങ്ങനെയിരുന്നാലും കഥകളിപ്രസ്ഥാനത്തിൽ ഇന്നു സർവ്വാഭിവന്ദ്യന്മാരായി വർത്തിക്കുന്നതു മൂന്നു പേരാണു്; കോട്ടയത്തുതമ്പുരാൻ, ഉണ്ണായിവാര്യർ, ഇരയിമ്മൻതമ്പി. ഇവരുടെ, വിശേഷിച്ച് ആദ്യത്തെ രണ്ടുപേരുടെ കൃതികളുടെ പുറപ്പാടോടുകൂടിയാണു്. ആട്ടക്കഥാസാഹിത്യത്തിനു് ഇന്നത്തെ കാന്തിയും മൂല്യവും കൈവന്നിട്ടുള്ളതു്. പ്രസ്തുത കവീശ്വരന്മാരെപ്പറ്റി – അവരുടെ കൃതികളെപ്പറ്റി – വളരെ സംക്ഷിപ്തമായി ചിലതിവിടെ പ്രസ്താവിക്കാം.

കോട്ടയത്തുതമ്പുരാൻ: കഥകളിപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാൻ കഴിഞ്ഞാൽ, ആ സാഹിത്യപ്രസ്ഥാനത്തിൽ നമ്മുടെ ശ്രദ്ധയെ സവിശേഷം ആകർഷിക്കുന്ന ഒരു പ്രാമാണികനാണു കോട്ടയത്തുതമ്പുരാൻ. കൊട്ടാരക്കരത്തമ്പുരാൻ്റെ കൃതികൾക്കു പറയത്തക്ക മെച്ചമൊന്നും കല്പിക്കുവാനില്ല. രാമായണകഥയെ എട്ടായി വിഭജിച്ച്, എട്ടുദിവസം ആടാനുള്ള സൗകര്യം ഉണ്ടാക്കിത്തീർത്തു എന്നുമാത്രം. എന്നാൽ കോട്ടയത്തുതമ്പുരാൻ്റെ കൃതികളുടെ സ്ഥിതി അതല്ല. കഥകളിസാഹിത്യത്തിനു്, ഇന്നു കാണുന്ന ഗുണപുഷ്ക്കലതയ്ക്ക് പ്രധാനഹേതു കോട്ടയത്തിൻ്റെ കൃതികളാണ്. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള നാലു കഥകളാണു അദ്ദേഹം ചമച്ചിട്ടുള്ളത്. ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം ഇവയാണു പ്രസ്തുത കൃതികൾ. ഇവയിൽ എല്ലാംകൊണ്ടും പ്രാധാന്യമർഹിക്കുന്നതു കാലകേയവധം തന്നെ. ആടാനും പാടാനും അതു് ഒന്നുപോലെ മേന്മയേറിയതാണു. വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും, പ്രയോഗസാമർത്ഥ്യം പൂർണ്ണമായി പ്രകാശിപ്പിക്കത്തക്കവണ്ണം രംഗങ്ങളെ വിഭജിക്കുന്നതിലും, ഗാനങ്ങൾക്ക് ഉചിതമായ രാഗങ്ങൾ തിരഞ്ഞെടുക്കുന്നതിലും തമ്പുരാൻ അതിവിദഗ്ദ്ധനായിരുന്നു. അർത്ഥഗാംഭീര്യവും സംഗീതസാന്ദ്രതയും അദ്ദേഹത്തിൻ്റെ കൃതികളുടെ ഒരു പ്രത്യേകതയാണു്. കാലകേയവധത്തിൽ ഈ ഗുണങ്ങളെല്ലാം പ്രകടമായി വിലസുന്നു.

സുലളിതപദവിന്യാസാ
രുചിരാലങ്കാരശാലിനീ മധുരാ
മൃദുലാപി ഗഹനഭാവാ
സൂക്തിരിവാവാപ സോഉർവ്വശീവിജയം.

നല്ല കവിത വിജയത്തിലെത്തിച്ചേരുന്നതുപോലെ, ഉർവ്വശി വിജയൻ്റെ അടുക്കൽ എത്തിച്ചേർന്നു, എന്നുള്ള ഇതിലെ ശ്ളിഷ്ടോപമയിൽക്കൂടി, കവി തൻ്റെ കവിതയുടെ ഗുണങ്ങളെയും പ്രകാശിപ്പിക്കുന്നുണ്ട്.