പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ഉണ്ണായിവാര്യർ: ആട്ടക്കഥാസാഹിത്യത്തിൽ എല്ലാവിധത്തിലും ഒന്നാം സ്ഥാനമർഹിക്കുന്ന കവീശ്വരനാണു് ഉണ്ണായിവാര്യർ. ആട്ടക്കഥാസാഹിത്യത്തിൽ മാത്രമല്ല, ഭാഷാപദ്യസാഹിത്യം മൊത്തത്തിൽ പരിശോധിക്കുമ്പോഴും വാര്യർ മുന്നണിയിൽത്തന്നെ നിലകൊള്ളുന്നു. നളചരിതം കഥയാണു് വാര്യരുടെ യശഃപ്രതിഷ്ഠയ്ക്കു കാരണമായിത്തീർന്നിട്ടുള്ളത്. കഥാഘടന, പാത്രസൃഷ്ടി തുടങ്ങിയ ഉപാധികളിലുടെയാണ് കവി ആ വിജയം നേടിയിട്ടുള്ളതു്.

കഥാഘടന: മഹാഭാരതം വനപർവ്വത്തിൽ ഇരുപത്തെട്ട് അദ്ധ്യായങ്ങളിലും, ശ്രീഹർഷൻ്റെ നൈഷധീയചരിതത്തിൽ ഇരുപത്തിരണ്ടു സർഗ്ഗങ്ങളിലുമായി പരത്തി പ്രകാശിപ്പിച്ചിട്ടുള്ള ഒരു കഥയാണു, വാര്യർ നളചരിതം നാലുദിവസത്തെ ആട്ടക്കഥയായി സംഗ്രഹിച്ചിട്ടുള്ളത്. ഒന്നാം ദിവസത്തെ കഥയിൽ നളദമയന്തിമാരുടെ വിവാഹംവരെയുള്ള കഥ അടങ്ങിയിരിക്കുന്നു. രണ്ടാംദിവസത്തേതിൽ, നളനും പുഷ്ക്കരനുമായുള്ള ചുത്, വനയാത്ര, പരിത്യക്തയായ ദമയന്തി ചില സാർത്ഥവാഹന്മാരുടെകൂടെ ചേദിരാജ്യത്തെത്തുന്നതും ചേദിനൃപപുത്രിയുടെ സഖിയായി വസിക്കുന്നതുമായ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ദമയന്തിയെ വിട്ടുപോയ നളൻ, കാർക്കോടകദംശനമേറ്റു കലിബാധയിൽനിന്നു വിമോചിതനായി ബാഹുകൻ എന്ന പേരോടുകൂടി ഋതുപർണ്ണ രാജധാനിയിൽ വാഴുന്നതും, ഭീമ രാജാവു ദൂതന്മാരെ വിട്ടു് ദമയന്തിയെ അന്വേഷിച്ചു കൊണ്ടുവരുന്നതും, നളനെ അന്വേഷിക്കാൻ ദൂതന്മാരെ വിടുന്നതുമായ ഭാഗങ്ങൾ മൂന്നാം ദിവസത്തേതിൽ കൊള്ളിച്ചിരിക്കുന്നു. രണ്ടാം വിവാഹ പ്രസ്താവവും, ഋതുപർണ്ണൻ്റെ കണ്ഡിനപുരത്തേക്കുള്ള വരവും, ദമയന്തീനളന്മാരുടെ പുനസ്സമാഗമവും അവസാനത്തേതിലുമായി ഘടിപ്പിച്ചിരിക്കുന്നു. അപ്രസക്തങ്ങളായ പല ഭാഗങ്ങളും തള്ളിക്കളഞ്ഞു നാടകത്തെ അങ്കങ്ങളായി വിഭജിക്കുന്നതുപോലെ, ഇതിവൃത്തത്തെ മേൽപ്രകാരം വിഭജിക്കാൻ സാധിച്ചതോടെ കവിക്കു, കഥകളിയുടെ ജീവനായ ഭാവസ്ഫുരണത്തിൻ്റെ ഏകാഗ്രത വേണ്ടപോലെ പരിപാലിക്കുവാനും കഴിഞ്ഞു. ഇതരകൃതികളിൽനിന്നു നളചരിതത്തെ വ്യാവർത്തിപ്പിക്കുന്ന ഒരു മേന്മയും ഇതുതന്നെ.