ദൃശ്യകലാപ്രസ്ഥാനം
പാത്രസൃഷ്ടി: മറ്റനേകം കവികൾ കൈകാര്യം ചെയ്ത കഥാപാത്രങ്ങളെത്തന്നെയാണു് വാര്യരും എടുത്തു പെരുമാറിയതു്. പക്ഷേ, ഇത്ര ജീവസ്സുററ കഥാപാത്രങ്ങളെ സൃഷ്ടിക്കുവാൻ അവരുടെ കരവിരുതുകൾക്കു സാധിച്ചിരുന്നില്ല. ഓരോ കഥാപാത്രത്തിനും അതിൻ്റേതായ ചൈതന്യവും വ്യക്തിത്വവും വരുത്തുവാൻ വാര്യർ നന്നായി ശ്രമിച്ചു. അതു വിജയത്തിലെത്തുകയും ചെയ്തു. കവി തൻ്റെ കഥാപാത്രങ്ങളുമായി സാത്മ്യം പ്രാപിച്ചശേഷമാണു് അവയെ അവതരിപ്പിക്കുന്നതു്. തന്മൂലം ആ പാത്രരചനയുടെ സ്വാഭാവികത എത്രയെന്നു വിവരിക്കുവാൻ തന്നെ പ്രയാസം. നളൻ, ദമയന്തി, നാരദൻ, കലി, കാർക്കോടകൻ, ഋതുപർണ്ണൻ തുടങ്ങിയ ഓരോ കഥാപാത്രവും അതതിൻ്റെ വ്യക്തിത്വം പുണ്ടു വിലസുന്നു. ഹംസത്തിൻ്റെ നർമ്മബോധവും ദൗത്യപാടവവും നമ്മെ അത്ഭുതസ്തിമിതരാക്കുന്നു. നളചരിതത്തിലെ അന്നം കേവലം ഒരു ദൂതൻമാത്രമല്ല, നളൻ്റേയും ദമയന്തിയുടേയും അന്തർഗ്ഗതമറിഞ്ഞ്, കാര്യം നടത്തുന്ന ഒരു പ്രത്യുല്പന്നമതികൂടിയാണു്. വിദർഭത്തിൽനിന്നു കുണ്ഡിനപുരത്തെത്തുന്ന ഹംസം നളൻ്റേതായിട്ടൊരു വാക്കുപോലും അവിടെ ഉച്ചരിക്കുന്നുണ്ടോ? നേരേ മറിച്ച്, നളൻ്റെ അഭിനിവേശമെന്തോ അതു മനസ്സിലാക്കി ദമയന്തിയുടെ ഹൃദയമറിയുകയും, ‘പത്തിനഞ്ചും’ അറിഞ്ഞതുകൊണ്ടും മതിയാകാതെ, നളനിൽ അവൾക്കു പിന്നേയും അനുരാഗം വർദ്ധിപ്പിച്ചും ഉറപ്പിച്ചുമാണ് ആ അതിവിദഗ്ദ്ധൻ മടങ്ങുന്നതു്. എന്തിനധികം? ഈ ഹംസ സൃഷ്ടി ഒന്നുകൊണ്ടുതന്നെ വാര്യർ വിജയശ്രീലാളിതനായിക്കഴിഞ്ഞിരിക്കയാണു്.
