ദൃശ്യകലാപ്രസ്ഥാനം
ജീവിതദർശനം: ജീവിതത്തെപ്പറ്റി കവിക്കുള്ള അഭിപ്രായം ഇതിലെ കഥാപാത്രങ്ങളിൽക്കൂടി അവിടവിടെ പ്രകാശിപ്പിച്ചിട്ടുള്ളതു ശ്രദ്ധേയമാണു്. വിധിയുടെ അലംഘനീയാവസ്ഥയിലും, പൗരുഷത്തിൻ്റെ ശക്തിയിലും കവി ഒന്നുപോലെ വിശ്വസിക്കുന്നു. തൻ്റെ നാശത്തിനു കാരണമായിത്തീർന്ന ചൂതുകളിയിൽ താൻ ഏർപ്പെട്ടുപോയതു്, ‘അപരിഹരണീയവിധിയന്ത്രത്തിരിപ്പ്’ മൂലമാണെന്നു നളൻ വിചാരിക്കുന്നത്, വാര്യരുടെ വിധിവിശ്വാസത്തെയാണല്ലൊ വെളിപ്പെടുത്തുന്നത്. എന്നാൽ, മനുഷ്യൻ്റെ യത്നത്തിനും അവൻ്റെ ഭാഗധേയത്തെ സൃഷ്ടിക്കുവാൻ ശക്തിയുണ്ടെന്നു കാർക്കോടകൻ നളനെ ഉപദേശിക്കുന്ന ഭാഗത്ത് കവി വ്യക്തമാക്കാതെയുമിരിക്കുന്നില്ല.
ഏതെന്നാകിലുമിവയെ വിടുമുടനെ, പിന്നെ
നീതന്നെ വേണം തവ ഗുണഘടനേ.
‘നിൻ്റെ ഗുണഘടനയ്ക്കു നീതന്നെ യത്നിക്കണം’ എന്നു പറയുന്നതുകൊണ്ട് കവിക്കു പൗരുഷത്തിൻ്റെ ശക്തിയിലുള്ള വിശ്വാസവും പ്രകടമാകുന്നു.
