പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ദൃശ്യകലകളെ ഭരതൻ തുടങ്ങിയ ആചാര്യന്മാർ നാട്യം, നൃത്യം, നൃത്തം എന്നു മൂന്നുതരമായി തിരിച്ചിട്ടുണ്ട്. വാക്യാർത്ഥാഭിനയാത്മകവും രസാശ്രയവുമാണു നാട്യം; പദാർത്ഥാഭിനയാത്മകവും ഭാവാശ്രയവുമാണു് നൃത്യം; താളലയാശ്രയമായ അംഗവിക്ഷേപമാണ് നൃത്തം. ഈ വിവരണത്തിൽനിന്നും ആട്ടക്കഥ നൃത്യവർഗ്ഗത്തിൽ ഉൾപ്പെട്ട ഒന്നാണെന്നു സ്പഷ്ടമാണല്ലോ. പക്ഷേ, ദക്ഷയാഗം കഥകളിയുടെ ആരംഭത്തിൽ,

കേനാപി തൽ പദജൂഷാ കില ദക്ഷയാഗ-
നാട്യപ്രബന്ധമുദിതം സുധിയഃ പുനന്തു

എന്നു് ഇരയിമ്മൻതമ്പി കഥകളിയെ നാട്യവർഗ്ഗത്തിൽ ഉൾപ്പെടുത്തി പറഞ്ഞു കാണുന്നു. അത് എങ്ങനെയോ സംഭവിച്ച ഒരു പ്രമാദം മാത്രമാണു്. ഓരോ പദത്തിൻ്റെയും അർത്ഥം മുദ്രക്കൈകൊണ്ടു കാണിച്ച് ഭാവം അഭിനയിക്കുന്ന പദാർത്ഥാഭിനയപ്രധാനമായ കഥകളിയും, വാചികാഭിനയം വഴി രസസ്ഫൂർത്തിവരുത്തുന്ന നാടകം തുടങ്ങിയ രൂപകങ്ങളും അത്യന്തഭിന്നങ്ങളാണെന്നു് അഭിജ്ഞന്മാരെ പറഞ്ഞറിയിക്കേണ്ടതില്ല. നാട്യവർഗ്ഗത്തിൽ നാടകമെന്നപോലെ നൃത്യവർഗ്ഗത്തിൽ കഥകളി പ്രമുഖസ്ഥാനമർഹിക്കുന്നു.