ദൃശ്യകലാപ്രസ്ഥാനം
സംസാരബന്ധങ്ങളിൽനിന്നു വിട്ടുനില്ക്കാൻ മനുഷ്യനു് എളുപ്പമല്ലെന്നും അങ്ങനെ ആർക്കെങ്കിലും വിട്ടുനില്ക്കാൻ കഴിയുമെങ്കിൽ അതു് അഭികാമ്യവും അനുമോദാർഹവുമാണെന്നും കവി ജീവലനെക്കൊണ്ടു പറയിക്കുന്നതും ശ്രദ്ധേയമാണു”:
ഞാനെന്നുമെനിക്കുള്ളതെന്നും – അഭിമാനമെല്ലാവർക്കും തോന്നും
അതു മായം, അതമേയം, അതു മായുന്നതുമല്ലുലകിൽ
കായം പോകിലും, തദുപായം യോഗികൾക്കുപദേശം;
ഗതനാശം, അതിക്ലേശം, പശുപാശം, ജഗദീശം
ചീന്തിപ്പവർ ജനിമൃതിക്ഷയമനുഭവിപ്പവർ.
ഇതുപോലെ തത്ത്വഗർഭിതങ്ങളായ ഒട്ടേറെ അംശങ്ങൾ മുക്താഫലകങ്ങൾക്കൊപ്പം നളചരിതത്തിൽ പലേടത്തും ചിതറിക്കിടക്കുന്നതു കാണാം.
അന്തരീക്ഷശുദ്ധി: ആട്ടക്കഥകളെ പ്രായേണ അലങ്കോലപ്പെടുത്തുന്ന മൂരിശൃംഗാരപദങ്ങൾക്കു നളചരിതത്തിൽ യാതൊരു സ്ഥാനവുമില്ല. ശൃംഗാരരസത്തെ അംഗിയായും വീരം, കരുണം തുടങ്ങിയവയെ അംഗങ്ങളായും വർണ്ണിക്കുന്ന ഈ കാവ്യത്തിൽ മറ്റ് ആട്ടക്കഥാകാരന്മാരുടെ പതിവനുസരിച്ചാണെങ്കിൽ നഗ്നമായ ശൃംഗാരം കടത്തിവിടാമായിരുന്നു. പക്ഷേ, പ്രൗഢചിത്തനും ഔചിത്യവേദിയുമായ വാര്യർ കാവ്യാന്തരീക്ഷത്തെ ഇതിൽ എത്രത്തോളം ശുദ്ധിപ്പെടുത്താമോ അത്രത്തോളം ചെയ്തിട്ടുണ്ട്. നാടകത്തിൽ എന്നപോലെ രംഗപ്രയോഗാനർഹങ്ങളായ ഭാഗങ്ങൾ പലതും കവി ഇതിൽ ഘടിപ്പിക്കാതെ വിട്ടുകളഞ്ഞിരിക്കയാണു്. നളചരിതത്തിൻ്റെ മാററു വർദ്ധിപ്പിക്കുവാൻ ഇതും കാരണമായിത്തീർന്നിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലൊ.
