പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ഭാഷ: വാര്യരെപ്പോലെ സ്വതന്ത്രനായ ഒരു കവി ആട്ടക്കഥാസാഹിത്യത്തിലെന്നല്ല, മണിപ്രവാളസാഹിത്യലോകത്തിൽത്തന്നെ കാണുമോ എന്നു സംശയമാണു്. ആട്ടക്കഥകളിൽ ശ്ലോകങ്ങൾ പ്രായേണ സംസ്കൃതവും, പദങ്ങൾ മണിപ്രവാളവുമായിട്ടാണല്ലോ കണ്ടുവരാറുള്ളത്. വാര്യർ ഈ വ്യവസ്ഥയെ സർവ്വത്ര ലംഘിച്ചിട്ടുണ്ട്. ശബ്ദ പ്രയോഗത്തിലും സ്വാതന്ത്ര്യംതന്നെയാണു കൈക്കൊണ്ടിട്ടുള്ളതു്. സംസ്കൃതവും മലയാളവും ഒന്നുപോലെ സ്വാധീനമായിരുന്ന കവി, അപ്പോഴപ്പോൾ വന്നുചേരുന്ന ഭാഷയിൽ എഴുതുമെന്നല്ലാതെ, താനെഴുതുന്ന കവിത സംസ്കൃതമോ മലയാളമോ എന്നുള്ള വിഭേദചിന്തചെയ്യുക പതിവില്ലായിരുന്നുവെന്നു തോന്നുന്നു. ‘തേടിപ്പോയ വള്ളി കാലിൽ ചുററി’ എന്നു പറയേണ്ടിടത്ത്, ‘മിളിതം പദയുഗളേ നിഗളതയാ മാർഗ്ഗിതയാ ലതയാ’ എന്നാണ് വാര്യർക്കു് അപ്പോൾ തോന്നുന്നതെങ്കിൽ അതുതന്നേ എഴുതുകയുള്ളൂ.

നവവിരഹമയന്ത്യാം നൈഷധം ചിന്തയന്ത്യാം
ജനിഭുവി ദമയന്ത്യാം ജാതതാപം വസന്ത്യാം
വ്യസനമകലെയാവാൻ വീണിരന്നാശു ദേവാൻ
നളനഭജത ദാവാൻ നാടുപൂവാൻ രൂപാവാൻ.

ഇങ്ങനെ ഒരേ ശ്ലോകത്തിൽത്തന്നെയും പച്ചമലയാളവും, തനി സംസ്കൃതവും ചേരുന്നപടി ചേർക്കുവാൻ വാര്യർക്കു് ഒരു കൂസലുമില്ല.