പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ഉൽക്കർഷം: കവി, ശബ്ദാലങ്കാരപക്ഷപാതിയാകകൊണ്ടു ചിലപ്പോൾ ശബ്ദങ്ങളുടെ വാലും തലയും ഇല്ലാതാക്കുന്നു എന്നുള്ളതാണു് വാര്യരുടെ പേരിൽ ചുമത്താറുള്ള ഒരു കുററം. അതുപോലെതന്നെ അദ്ധ്യാഹരപൂര്യത വേറൊരു ദോഷമായും കല്പിക്കാറുണ്ട്. അന്വയകാർക്കശ്യം മറെറാരു കുററമായും പറയാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ”സംഗീതസാഹിത്യങ്ങൾ രണ്ടും ഒന്നുപോലെ പലമാതിരിയിലും നയിക്കാവുന്നതിനാലുള്ള സർവ്വതോമുഖത, പ്രകൃതിസിദ്ധമായ ഗാംഭീര്യം, ഉദാരമായ ബന്ധം, സ്വകപോലകല്പിതങ്ങളായ നൂതനഭംഗികൾ, ആലോചിക്കുന്തോറും നീണ്ടുനീണ്ടുപോകുന്ന വ്യംഗ്യാർത്ഥത്തിൻ്റെ ബാഹുല്യം, പ്രയോഗവൈചിത്ര്യത്താലുള്ള വ്യുൽപ്പാദകത, എല്ലാ വിഷയത്തിലുമുള്ള ക്ഷോഭ ക്ഷമത ഇതുകൾ നളചരിതത്തെ മണിപ്രവാളകൃതികളിൽ പ്രഥമഗണനീയമാക്കി ചമച്ചിരിക്കുന്നു” * (കാന്താരതാരകം വ്യാഖ്യാനം.) എന്നതു നിർവ്വിവാദമാണു്.

വാര്യരുടെ ജീവചരിത്രം: തെക്കേവാര്യം എന്നുകൂടി പറയാറുള്ള ഇരിങ്ങാലക്കുട അകത്തൂട്ടു വാര്യത്താണ് ഉണ്ണായിവാര്യർ ജനിച്ചതു്. * (തൃശൂർ അടുത്തുള്ള കുട്ടനല്ലൂർ പടിഞ്ഞാറെ വാര്യത്താണു് അദ്ദേഹം ജനിച്ചതെന്നു വേറൊരു പക്ഷവുമുണ്ട് .) ജീവിതകാലത്തെപ്പറ്റി അഭിപ്രായഭേദങ്ങളുണ്ട്. കൊല്ലം പത്താം ശതകത്തിലാണു് വാര്യർ ജീവിച്ചിരുന്നതെന്നു ഭാഷാചരിത്രകാരൻ പ്രസ്താവിക്കുന്നു. 850-നും 930-നും ഇടയ്ക്കുള്ള കാലഘട്ടത്തിലായിരിക്കണമെന്നു മഹാകവി ഉള്ളൂർ ഊഹിക്കുന്നു. * (കേരളസാഹിത്യചരിത്രം, ഭാഗം മൂന്നു, പേജ് 254.) ഉണ്ണായി വാര്യരും കുഞ്ചൻനമ്പ്യാരും സമകാലികന്മാരായിരുന്നുവെന്നുള്ള ഐതിഹ്യം പ്രസിദ്ധമാണു്. നളചരിതംകഥ കൊല്ലം 920-ൽ തിരുവനന്തപുരത്തു് അഭിനയിച്ചതായി രേഖ കാണുന്നത്രെ. ആ സ്ഥിതിക്കു് 920-നു മുമ്പുതന്നെ പ്രസ്തുത കൃതി നിർമ്മിച്ചിട്ടുണ്ടെന്നുള്ളതു സ്പഷ്ടമാണ്. ആകെക്കൂടി ആലോചിക്കുമ്പോൾ, 850-നും 930-നും ഇടയ്ക്കുള്ള കാലത്താണു വാര്യർ ജീവിച്ചിരുന്നതെന്ന മഹാകവിയുടെ അഭിപ്രായം മിക്കവാറും സ്വീകരിക്കാമെന്നു തോന്നുന്നു. വാര്യരുടെ സാക്ഷാൽ നാമധേയം രാമൻ എന്നായിരുന്നുവത്രെ. ഗിരിജാകല്യാണമാണു് ഈ അഭിപ്രായത്തിനു് ഉപോൽബലകമായി നിലകൊള്ളുന്നത്. രാമപഞ്ചശതിയും ഇവിടെ വിസ്മരിക്കാവതല്ല. രാമനെ ഉണ്ണിരാമൻ എന്നു് ഓമനപ്പേരായി വിളിച്ചുവന്നു എന്നും, അതു പിന്നീടു് ഉണ്ണാമൻ, ഉണ്ണാമി, ഉണ്ണായി എന്നിങ്ങനെ വിപരിണാമത്തെ പ്രാപിച്ചുവെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഉണ്ണായിയുടെ കാലശേഷം അകത്തുട്ടുവാര്യം അന്യം നിന്നു പോയെന്നാണു കേട്ടിട്ടുള്ളതു്.