ദൃശ്യകലാപ്രസ്ഥാനം
നളചരിതത്തിൽ,
അപി ച, മമ ദയിതാ കളിയല്ലനതിചിരസൂതാ
പ്രാണൻ കളയുമതിവിധുരാ എന്നാൽ
കുലമിതഖിലവുമറുതിവന്നിതു
എന്ന ഹംസവാക്യത്തിൽ കവിക്കു് അറംപറ്റിയിട്ടുണ്ടെന്നും, അങ്ങനെയാണു കുലമറുതി വന്നതെന്നും പ്രബലമായ ഒരു വിശ്വാസമുണ്ട്.
ആട്ടക്കഥാകർത്താക്കളായി ഒട്ടുവളരെപ്പേർ ഉണ്ടെന്നുവരികിലും അവരിൽ ഉണ്ണായിവാര്യർ, കോട്ടയത്തുതമ്പുരാൻ, ഇരയിമ്മൻതമ്പി എന്നിവരെ ആർക്കും വിസ്മരിക്കാനാവില്ല. വിശേഷിച്ച് പാത്രസൃഷ്ടിയിലും, കഥയുടെ നാടകീയമായ ഘടനയിലും, ആശയപ്രൗഢിയിലും ഉന്നതശ്രേണിയിൽ നില്ക്കുന്ന ഉണ്ണായിവാര്യരെ സഹൃദയന്മാർക്കു് ഒരിക്കലും വിസ്മരിക്കാനാവില്ല.
കാർത്തികതിരുനാൾ: കൊല്ലവർഷം 933 മുതൻ 973 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവ് കഥകളിയിൽ വളരെ ഭ്രമക്കാരനും, അനേകം കഥകളുടെ നിർമ്മാതാവുമായിരുന്നു. ഒട്ടുവളരെ കവികളെ അദ്ദേഹം സംരക്ഷിച്ചുപോന്നു. കഥകളിയുടെ ഉദ്ധാരണത്തിനായി കൊട്ടാരം കഥകളിയോഗം എന്ന പേരിൽ പ്രശസ്ത നടന്മാരെയും ഗായകന്മാരെയും സംഘടിപ്പിച്ച് ഒരു സ്ഥാപനംതന്നെ രാജധാനിയിൽ അദ്ദേഹം ഏർപ്പെടുത്തിയിരുന്നു. ഭാരതകഥയെ ആസ്പമോക്കി രാജസൂയം, സുഭദ്രാഹരണം, ബകവധം, കല്യാണസൗഗന്ധികം ഇങ്ങനെ ചില ആട്ടക്കഥകൾ അദ്ദേഹംതന്നെ രചിക്കയുണ്ടായി. കാർത്തികതിരുനാളിൻ്റെ കാലം കഥകളിയുടെ ഒരു സുവർണ്ണദശതന്നെയായിരുന്നു എന്നു പറയാം.
അശ്വതിതിരുനാൾ: കാർത്തികതിരുനാളിൻ്റെ ഭാഗിനേയനായിരുന്നു, കൊല്ലം 931-ൽ ജാതനായ അശ്വതിതിരുനാൾ തമ്പുരാൻ. രുക്മിണീസ്വയംവരം, പൂതനാമോക്ഷം, അംബരീഷചരിതം, പൗൺഡ്രകവധം എന്നീ നാലു കൃതി ഭാഗവതത്തെ അവലംബിച്ച് അദ്ദേഹം എഴുതിയിട്ടുള്ളവയാണ്. പാടിക്കേൾക്കാനും ആടിക്കാണാനും ഒന്നുപോലെ കൊള്ളാവുന്നവയാണു് അശ്വതിതിരുനാളിൻ്റെ കൃതികളെല്ലാം.
