ദൃശ്യകലാപ്രസ്ഥാനം
ഇരയിമ്മൻതമ്പി: ചേർത്തല നടുവിലെക്കോവിലകത്തു കേരളവർമ്മതമ്പാൻ്റേയും, കരമന പുതുമന അമ്മവീട്ടിൽ പാർവ്വതിപ്പിള്ള അമ്മച്ചിയുടേയും പുത്രനാണു രവിവർമ്മൻ തമ്പി, രവിവർമ്മൻ എന്നതിൻ്റെ തത്ഭവമാണ് ഇരയിമ്മൻ. പ്രസ്തുത നാമധേയത്തിലാണ് ഇദ്ദേഹം പ്രസിദ്ധനായിട്ടുള്ളത്. 1783 മുതൽ 1856 വരെയാണു തമ്പിയുടെ ജീവിതകാലം. ആട്ടക്കഥാ സാഹിത്യത്തിൽ കോട്ടയത്തു തമ്പുരാൻ, ഉണ്ണായിവാര്യർ എന്നീ പേരുകൾ പറഞ്ഞുകഴിഞ്ഞാൽ പിന്നീട് ആദ്യം പറയേണ്ട ഒരു നാമധേയമാണ് ഇരയിമ്മൻതമ്പിയുടേതു്. ‘ഓമനത്തിങ്കൾ കിടാവോ’ എന്നു തുടങ്ങുന്ന താരാട്ടുപാട്ടു് ഒന്നുകൊണ്ടുതന്നെ തമ്പി സുവിദിതനാണു്. കീചകവധം, ദക്ഷയാഗം, ഉത്തരാസ്വയംവരം ഇവയാണു് തമ്പിയുടെ ആട്ടക്കഥകൾ. സംഗീതമർമ്മജ്ഞനായ ഇദ്ദേഹത്തിൻ്റെ കൃതികളുടെ ആസ്വാദ്യത ഒന്നു വേറെതന്നെയാണ്. വാര്യരെപ്പോലെ ആശയഗൗരവമോ, ക്രാന്തദർശിത്വമോ, ഘടനാവൈദഗ്ദ്ധ്യമോ ഒന്നും തമ്പിയുടെ കൃതികളിൽ വേണ്ടത്ര ഇല്ലെന്നുവരികിലും, സംഗീതക്കാതലും സരസകവിയുമായ ഇദ്ദേഹത്തിൻ്റെ കൃതികൾ ആട്ടക്കഥാലോകത്തിൽ അവിസ്മരണീയങ്ങളായിത്തന്നെ നിലകൊള്ളുന്നു. ശ്രവണമാത്രയിൽത്തന്നെ അർത്ഥം സ്ഫുരിക്കുക എന്ന ഒരു ഗുണം തമ്പിയുടെ കവിതയ്ക്കുള്ള പ്രത്യേകതയാണു്.
ക്ഷോണീന്ദ്ര പത്നിയുടെ വാണീം നിശമ്യ പുന–
രേണീവിലോചന നടുങ്ങീ
മിഴിയിണ കലങ്ങി, വിവശതയിൽ മുങ്ങി
പലതടവുമതിനു പുനരവളൊടു പറഞ്ഞളവു
പരുഷമൊഴി കേട്ടുടനടങ്ങി
