പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ദാസ്യം സമസ്തജനഹാസ്യം നിനച്ചു നിജ-
മാസ്യം നമിച്ചു പുനരേഷാ
വിജിതസുരയോഷാ, വിഗതപരിതോഷാ
ശ്രമസലിലബഹുലതരനയനജലമതിലുടനെ
മുഴുകി ബത! മലിനതരവേഷാ

ഗാത്രം വിറച്ചതതിമാത്രം കരത്തിലഥ
പാത്രം ധരിച്ചവിടെ നിന്നൂ
പരിചൊടു നടന്നു, പഥി കിമപി ചെന്നൂ
ഹരിണരിപുവരസഹിതദരിയിലിഹ പോകുമൊരു
ഹരിണിയുടെ വിവശത കലർന്നു

നിശ്വസ്യ ദീർഗ്ഘമഥ വിശ്വസ്യ നാഥമപി
വിശ്വസ്യ ചേതസി സുജാതാ
ധൃതിരഹിതചേത – ധൃതപുളകജാതാ
സൂതസുതനുടെ മണിനികേതമതിലവൾ ചെന്നു
ഭീതിപരിതാപപരിഭൂതാ (കീചകവധം)

പാഞ്ചാലി, ക്ഷോണീന്ദ്രപത്നിയുടെ വാക്കുകേട്ടു പെട്ടെന്നു നടുങ്ങിയതും, സമസ്ത ജനഹാസ്യമായ നിജദാസ്യമോർത്ത് ആസ്യം നമിച്ചതും, ശ്രമസലിലം തുടച്ചതും, വിവശത കലർന്നതും മറ്റുമായ ഭാവങ്ങൾ നാം സിനിമയിൽ എന്നപോലെ ഇവിടെ സ്ഫുടമായി കാണുന്നില്ലെ? ഇതിലധികം ഭംഗിയായി ഈ മനോഭാവങ്ങളെ ഏതൊരാൾക്കാണു ചിത്രീകരിക്കാൻ കഴിയുക? ദക്ഷയാഗത്തിലെ ഒരു ശ്ലോകം മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.

പുന്തേൻനേർവാണിബാലേ! സുമുഖിവിമുഖിയായെങ്ങുപോകുന്നിദാനീം
സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹ തേ വന്നു ഞാൻ നിന്നീടുമ്പോൾ
ഞാൻ തേ ഭാവം ഗ്രഹിപ്പാനവനി സുരമിഷാലപ്രിയം ചൊന്നതെല്ലാം
കാന്തേ ഹാ ഹന്ത കോപംകളക മയി തവാഭീഷ്ടമെല്ലാം തരുന്നേൻ.