പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

മററു കൃതികൾ: കൊട്ടാരക്കരത്തമ്പുരാൻ്റെ കാലം മുതൽ പത്താം ശതകത്തിൻ്റെ അവസാനംവരെ ഒട്ടുവളരെപ്പേർ ആട്ടക്കഥാനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതായി കാണുന്നു. കൊച്ചിയിലെ വീരകേരളവർമ്മ എന്ന രാജാവു് ഒരുനൂറിൽപ്പരം കഥകൾ നിർമ്മിച്ചിട്ടുണ്ടെന്നാണു കേൾവി. കഥകളിക്കാരോടു വളരെ വിരോധമുള്ള കുഞ്ചൻനമ്പ്യാർതന്നെ ശംബരവധം തുടങ്ങി ഇരുപതോളം കഥകൾ എഴുതിയിട്ടുണ്ടത്രെ. ആട്ടക്കഥകളുടെ ഒരു വേലിയേറ്റമായിരുന്നു അക്കാലമെന്നു തോന്നുന്നു. പതിനൊന്നാംശതകത്തിലും ഒട്ടേറെ കൃതികൾ ഉണ്ടാകാതിരുന്നിട്ടില്ല. അവയിൽവച്ച് കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ്റെ രാവണവിജയം, വയസ്കര മൂസ്സതിൻ്റെ ദുര്യോധനവധം മുതലായ ചില കൃതികൾ പ്രസ്താവയോഗ്യങ്ങളാണെന്നുമാത്രം പറയാം. കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ ഒലിവേർ വിജയം അർവ്വാചീനകാലത്തെ ഒരു കൃതിയാണു്. 1896 മാർച്ചുമാസത്തിൽ കടത്തനാട്ടു വാര്യത്തു ജനിച്ച കുഞ്ഞുണ്ണിവാര്യർ ധ്രുവചരിതം, പുളിന്ദമോക്ഷം, പരീക്ഷിത്തുചരിതം, മഗ്ദലനമറിയം, ഇങ്ങനെ ഏതാനും ആട്ടക്കഥകൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ധ്രുവചരിതമാണ് കാവ്യഗുണംകൊണ്ടു മുന്നിൽ നില്ക്കുന്നതു്. ആധുനികകാലത്തുണ്ടായ അപൂർവം ചില കൃതികളിൽ ഒന്നാണു് വി. കൃഷ്ണൻ തമ്പിയുടെ താടകാവധം. എൻ. വി. കൃഷ്ണവാര്യരുടെ ബുദ്ധചരിതമാണു ഈ പ്രസ്ഥാനത്തിൽ ഒടുവിലുണ്ടായിട്ടുള്ള ഒരു കൃതിയെന്നു തോന്നുന്നു. ബുദ്ധചരിതത്തിനുശേഷം വി. വിജയൻ വിരചിച്ച ശ്രീമണികണ്ഠവിജയം അയ്യപ്പഭക്തന്മാരെ ആനന്ദലഹരിയിൽ ആറാടിക്കുവാൻ മതിയായ ഒരു കൃതിയാണു്. ശബരിമലയിലെ ശാസ്താവിൻ്റെ വീരചരിതമാണ് ഈ കഥകളിയിലെ ഉള്ളടക്കം.