ദൃശ്യകലാപ്രസ്ഥാനം
ആട്ടക്കഥകൾ എല്ലാം തന്നെ കഥകളി എന്ന അഭിനയകലയുടെ ആവശ്യത്തിനുവേണ്ടി ജന്മംകൊണ്ടവയാണല്ലൊ. അങ്ങനെ ഉത്ഭവിച്ചിട്ടുള്ളവയിൽ കാവ്യഗുണംകൊണ്ടു പ്രസിദ്ധമായ ചിലതുമാത്രമേ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ ഈ അടുത്തകാലത്ത് (1979 ഏപ്രിൽ) സാഹിത്യപ്രവർത്തക സഹകരണസംഘം 101 ആട്ടക്കഥകൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡോ. എസ്. കെ. നായരുടെ അവതാരിക അതിനൊരു ഭൂഷണംതന്നെയാണു്.
ഭാവി: ഇനിയും കൃതികൾ ഉണ്ടായേക്കാം. എന്നാൽ, ഈ പ്രസ്ഥാനത്തിൻ്റെ ഭാസുരകാലം കഴിഞ്ഞുവെന്നുതന്നെ തോന്നുന്നു. കേരളത്തിലെ സംസ്കാരസമ്പന്നന്മാരായ ഒരുവിഭാഗം ആളുകൾ ഇതിൻ്റെ ആസ്വാദകന്മാരായി ഇന്നുമുള്ളതു ശുഭോദർക്കംതന്നെയാണ്. ദൃശ്യകലാപ്രസ്ഥാനത്തിലെ എല്ലാ വിഭാഗങ്ങളും ഏറെക്കുറെ സങ്കീർണ്ണമായി സ്ഥിതിചെയ്യുന്ന കഥകളി, കേരളീയരുടെ ഒരു പ്രത്യേക കലാപ്രസ്ഥാനമായി നിന്നുകൊണ്ടു് ഭാവുകന്മാരെ മേലിലും രസിപ്പിച്ചുകൊണ്ടിരിക്കും എന്നുള്ളതിൽ സംശയമില്ല. ഇന്നു് വിദഗ്ദ്ധരായ നടീനടന്മാരെ ക്കൊണ്ടു സമ്പന്നമായ കഥകളി ഭുവനവിദിതമായിത്തീർന്നിരിക്കയാണു്.
ചവിട്ടുനാടകം: കഥകളിയുടെ പുനരുജ്ജീവനഘട്ടമായ 18-ാം നൂറ്റാണ്ടിൽ ഉടലെടുത്ത ഒരു കലാപ്രസ്ഥാനമാണു് ചവിട്ടുനാടകം. വീരരൗദ്രരസങ്ങളുടെ വിളനിലങ്ങളായ ആട്ടക്കഥകൾ പോലെയുള്ള ചില കൃതികൾ കേരളീയക്രിസ്ത്യാനികൾക്കും വേണ്ടതാണെന്നു തോന്നിത്തുടങ്ങിയിരിക്കണം. പാശ്ചാത്യനാടകങ്ങളുമായി അവർക്കുണ്ടായ പരിചയം അതിനു് അവരെ പ്രേരിപ്പിച്ചുമിരിക്കണം. പാശ്ചാത്യ ദേശങ്ങളിൽ പ്രചുരപ്രചാരത്തിലിരുന്ന ചില കഥകളെത്തന്നെ അതിലേക്കു് അവർ സ്വീകരിക്കയും ചെയ്തു. അവയിൽ പലതും യൂറോപ്യൻ ക്രിസ്തീയ യുദ്ധവീരന്മാരുടെ വിജയകരമായ വേദപ്രചാരണത്തെ പരാമർശിക്കുന്നവയുമായിരുന്നു.
