ദൃശ്യകലാപ്രസ്ഥാനം
പാശ്ചാത്യസമ്പർക്കംവഴി ഇത്തരത്തിൽ നമുക്കു ലഭിച്ച സംഭാവന ഇന്നത്തെ നാടകത്തിൻ്റെ പൂർവ്വരൂപങ്ങൾ പലതും ഉൾക്കൊള്ളുന്നവയായിരുന്നു എന്നു പറയേണ്ടതുണ്ട്. പുരാണപുരുഷന്മാരുടെ സ്ഥാനത്തു ചരിത്രപുരുഷന്മാരെ പ്രവേശിപ്പിച്ചുകാണുന്നതു് ആവക നാടകങ്ങളിലത്രെ. കഥാപാത്രങ്ങൾ തമ്മിലുള്ള പ്രത്യക്ഷമായ സംഘട്ടനങ്ങൾ നാം കാണുന്നതും അത്തരം നാടകങ്ങളിലത്രെ. കലാപരവും സ്വാഭാവികവുമായ അഭിനയം, സംഭാഷണം തുടങ്ങി നാടകകലയുടെ പല ഘടകങ്ങളും ഉൾക്കൊള്ളുന്നവയായിരുന്നു, ഈ പുതിയ പ്രസ്ഥാനം എന്നു തന്നെ പറയാം.
മലയാംതമിഴിലാണു് ഈവക നാടകങ്ങളിൽ അധികമെണ്ണവും എഴുതിയിട്ടുള്ളത്. ആരംഭത്തിലുണ്ടായ കൃതികൾ ഏതെല്ലാമെന്നു സൂക്ഷ്മമായി അറിയുവാൻ കഴിയുന്നില്ല. ചിന്നത്തമ്പി, വേദനായകൻപിള്ള തുടങ്ങിയ ചില തമിഴ് കവികളും കൊച്ചിയിലും കൊടുങ്ങല്ലൂരും അവയുടെ സമീപപ്രദേശങ്ങളിലും നിവസിച്ചിരുന്ന ക്രിസ്ത്യാനികളിൽ ചിലരുമാണു. പില്ക്കാലത്തുണ്ടായ കൃതികളിൽ പലതിൻ്റേയും നിർമ്മാതാക്കൾ. ചവിട്ടുനാടകങ്ങളിൽ ഏറ്റവും പ്രചാരം സിദ്ധിച്ചിട്ടുള്ളതു്, കാറൾമാൻചക്രവർത്തിയുടെ ദിഗ്വിജയത്തെ ആസ്പദമാക്കി വിരചിതമായ കൃതികൾക്കത്രെ.
