പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

ആദ്യത്തെ ആട്ടക്കഥ: ചാക്യാരിൽനിന്നു നമ്പ്യാർക്കു നേരിട്ട അഭിഭവം തുള്ളൽക്കഥകളുടെ ഉൽപ്പത്തിക്കു കാരണമായി എന്നു പറയാറുള്ളതുപോലെ, സാമൂതിരിപ്പാടും കൊട്ടാരക്കര തമ്പുരാനും തമ്മിലുണ്ടായ മത്സരത്തിൽനിന്നാണു് കഥകളിയുത്ഭവിച്ചത് എന്നു പറഞ്ഞുവരുന്നതിൽ വല്ല പരമാർത്ഥവുമുണ്ടോ എന്നു ചിന്തിക്കേണ്ടതാണ്. കഥകളി പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായി നാം ആദരിച്ചുപോരുന്നത് കൊട്ടാരക്കരത്തമ്പുരാനെയാണല്ലോ. രാമനാട്ടം പുത്രകാമേഷ്ടി കഥയുടെ ആരംഭത്തിലുള്ള ‘പ്രാപ്താനന്ത ഘനശ്രിയഃ’ എന്നു തുടങ്ങുന്ന മംഗള ശ്ലോകത്തിൽനിന്നു”, പ്രസ്തുത തമ്പുരാൻ വഞ്ചിരാജ്യം ഭരിച്ചിരുന്ന ഒരു വീരകേരള വർമ്മയുടെ മരുമകനും, ശങ്കരകവിയുടെ ശിഷ്യനുമാണെന്നു വ്യക്തമാകുന്നുണ്ട്. എങ്കിലും അദ്ദേഹത്തിൻ്റെ ജീവിതകാലത്തെപ്പറ്റി വ്യക്തമായി ഒന്നും അറിയുവാൻ കഴിയുന്നില്ല. 7-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർത്ഥത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു. രാമനാട്ടത്തിനുമുമ്പാണ് കൃഷ്ണനാട്ടം നിർമ്മിച്ചതെന്നു പറഞ്ഞുവരുന്നുണ്ടെങ്കിലും കേവലം ഐതിഹ്യം മാത്രമല്ലാതെ അതിലേക്ക് ഇതേവരെ യാതൊരു തെളിവും ആരും പ്രദർശിപ്പിച്ചിട്ടില്ല. ‘കിർമ്മീരവധം’ ആട്ടക്കഥയുടെ അവതാരികയിൽ, ശിരോമണി പി. കൃഷ്ണൻനായർ, കൃഷ്ണനാട്ടം, രാമനാട്ടത്തിനുശേഷം ഉത്ഭവിച്ചിട്ടുള്ളതായിരിക്കാനേ തരമുള്ളൂ എന്നൊരു നവീനാഭിപ്രായം പുറപ്പെടുവിച്ചുകാണുന്നു.

സ്ഫായദ് ഭക്തിപരേണ നുന്നമനസാ ശ്രീമാനവേദാഭിധ-
ക്ഷോണീന്ദ്രേണ കൃതാ നിരാകൃതകലിർ ഗ്രാഹ്യസ്തുതിർഗാഥ കൈഃ
ലക്ഷ്മീവല്ലഭ ‘കൃഷ്ണഗീതി’ രിതി വിഖ്യാതാ തവാനുഗ്രഹാ-
ദേഷാപുഷ്കരലോചനേഹ ഭജതാം പുഷ്ണാതു മോക്ഷശ്രിയം.

എന്ന ശ്ലോകത്തിലെ ‘ഗ്രാഹ്യസ്തുതിർഗാഥകൈഃ’ എന്ന ഭാഗം കൊണ്ട് കൃഷ്ണനാട്ടമുണ്ടാക്കിയത് കൊല്ലം 829-ാമാണ്ട് ധനുമാസത്തിലാണെന്നു ഗ്രഹിക്കാവുന്നതാണു്. ആ സ്ഥിതിക്ക് 7-ാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന കൊട്ടാരക്കരത്തമ്പുരാനുമുമ്പാണു ‘ശ്രീമാനവേദകൃത’മായ കൃഷ്ണനാട്ടം ഉത്ഭവിച്ചതെന്ന് ഭാഷാചരിത്രകാരന്മാർ പ്രസ്താവിക്കുന്നതിൽ വലുതായ അസാംഗത്യദോഷമുണ്ടെന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നു.