ദൃശ്യകലാപ്രസ്ഥാനം
രാമരാവണസമരംപോലെയോ, പാണ്ഡവകൗരവയുദ്ധം പോലെയോ യൂറോപ്പിലെ ചക്രവർത്തിമാരും തുർക്കികളും തമ്മിൽ ഒരുകാലത്തു ഭീകരമായ പോരാട്ടം നടന്നിരുന്നു. ഫ്രാൻസുരാജ്യം ഭരിച്ചിരുന്ന കാറൽമാൻ (ചാറൽസ് മെയിൻ) ചക്രവർത്തി, റൊൾദോൻ (Roland), ഒലിവർ മുതലായ പന്ത്രണ്ടു രണവീരന്മാരോടു കൂടി പലസ്തൈൻ രാജ്യത്തു ചെന്നു അവധർമാൻ (അബ്രാഹിമാൻ), ഫറബ്രാസ് എന്നു തുടങ്ങിയ തുർക്കിത്തലവന്മാരുമായി രണമാടുന്നതും, ഒടുവിൽ അവരെ പരാജിതരാക്കി വിജയക്കൊടി പാറിക്കുന്നതുമാണു കാറൽമാൻനാടകത്തിലെ കഥാവസ്തു. പ്രസ്തുതകഥയെ ആധാരമാക്കി അനേകം നാടകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. യുദ്ധവീരമാണു് സ്ഥായിയായ രസമെങ്കിലും, ഇവയിൽ ചില അനുരാഗകഥകളും അത്ഭുതസംഭവങ്ങളും മറ്റും ഇടകലർത്തിയിട്ടുള്ളതിനാൽ അനേകരസങ്ങളുടെ ആസ്വാദനത്തിനു് ഈ നാടകങ്ങൾ അവസരം നല്കുന്നുണ്ട്.
ഓരോ കഥയും അഥവാ നാടകവും, അതിൻ്റെ തന്മയത്വത്തോടുകൂടി പൂർണ്ണമായി അഭിനയിക്കണമെങ്കിൽ അറുപതെഴുപതോളം വേഷക്കാരും, ആറേഴ് രാത്രികളും വേണ്ടിവരുന്നതാണു്. ചാറൽസ്മെയിൻ ചക്രവർത്തിയുടെ ദിഗ്വിജയത്തെ പുരസ്ക്കരിച്ചുള്ള നാടകങ്ങൾക്കു പുറമെ, ജോസഫ് നാടകം, ജനോവനാടകം, ഇസ്താക്കിനാടകം, ജ്ഞാനസുന്ദരിനാടകം തുടങ്ങി ഭക്തിസംവർദ്ധകങ്ങളായ കൃതികളും ചവിട്ടുനാടകചക്രത്തിൽ ഉൾപ്പെടുന്നവയായിട്ടുണ്ട്. പ്രസ്തുത നാടകങ്ങൾക്കു ചവിട്ടുനാടകം എന്ന പേർ എങ്ങനെ സിദ്ധിച്ചുവെന്നുള്ളതും ചിന്താവിഷയമാണു്.
