പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

പേരിൻ്റെ അന്വർത്ഥത: ആട്ടക്കഥയിൽ ആട്ടം പ്രധാനമായിരിക്കുന്നതുപോലെ ചവിട്ടുനാടകത്തിൽ ചവിട്ടു പ്രധാനമായിരിക്കുന്നു. യുദ്ധവീരന്മാരുടെ രണപാടവത്തെ പ്രദർശിപ്പിക്കുകയാണ് ഈ നാടകത്തിൻ്റെ മുഖ്യലക്ഷ്യം. പൊക്കത്തിൽ പലക നിരത്തി തയ്യാർചെയ്തിട്ടുള്ള തട്ടിൽ പത്തിരുപതു നടന്മാർ അണിനിരന്നു് പാട്ടിനും താളത്തിനും ഒപ്പം, ചവിട്ടി ആടുക എന്നള്ളതാണു്. തൽസന്ദർഭത്തിലെ പ്രധാനമായ അഭിനയം. അതിനാൽ പ്രസ്തുത നാടകാഭ്യസനത്തിൽ സർവ്വോപരി പ്രയാസമേറിയതും പ്രാധാന്യമേറിയതും താളമേളങ്ങൾക്കനുരൂപമായി കൈയും മെയ്യും ചലിപ്പിച്ചു ചോടു ചവിട്ടുന്നതാണെന്നു സ്പഷ്ടമാകുന്നുണ്ടല്ലൊ ഇങ്ങനെ ചവിട്ടു സർവ്വപ്രധാനമായിത്തീർന്നതുകൊണ്ടത്രെ, ഈ ദൃശ്യകലയ്ക്കു ചവിട്ടുനാടകം എന്ന പേർ പ്രസിദ്ധമാകുവാൻ കാരണവും. പ്രസ്തുത നാടകത്തെപ്പററി പണ്ഡിതനായ പ്രൊഫസർ കെ. ജെ. അഗസ്റ്റിൻ, എം. എ പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

“ചവിട്ടുനാടകം പഠിക്കുന്നതിനു് ആഗ്രഹിക്കുന്നവർ ചേർന്നു് എവിടെനിന്നെങ്കിലും ഒരു ‘അണ്ണാവി’യെ വരുത്തുകയും, അയാളുടെ നിർദ്ദേശമനുസരിച്ച് സൗകര്യമുള്ള സ്ഥാനത്തു ‘കളരി’ കെട്ടുകയും ചെയ്യുന്നു. ഒരു ‘ഒന്നാംക്ലാസ് അണ്ണാവി’ക്കു പാട്ടിലും ആട്ടത്തിലും ഒരുപോലെ പരിജ്ഞാനമുണ്ടായിരിക്കും; അയാൾ അഭ്യാസവും, ആയോധനമുറകളും, കഥകളിയും ശീലിച്ചിട്ടുണ്ടായിരിക്കും. അയാൾ ആദ്യമായി പ്രധാനനടന്മാരെ നിശ്ചയിച്ചു, ഗുരുദക്ഷിണ വാങ്ങിയശേഷം അവരെ ആയുധാഭ്യാസം ചെയ്യിക്കുന്നു. അതിനുശേഷമാണു കഥ പഠിപ്പിക്കുന്നത്. നാടകം മുഴുവനും ഗാനരൂപത്തിലുള്ളതാണു്. ഇംഗ്ലീഷിൽ ‘Opera’ (സംഗീതനാടകം) എന്നു പറയുന്ന നാടകജാതിയെ ഇതു് അനുസ്മരിപ്പിക്കുന്നു. ഭാഷ തമിഴാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലൊ. ഗദ്യം തീരെ ഇല്ല. വിരുത്തം, കവി, കാപ്പ്, തുകരം, കലിത്തുറ, ഇന്നിശൈ, ചിന്തു, ചൊല്ല്, കൊച്ചകം വെൺപാ ആദിയായി സന്ദർഭോചിതമായ വർണ്ണമുട്ടുകളിലാണു ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുള്ളതു്. കാറൾമാൻനാടകമൊഴികെ മറെറാന്നും അച്ചടിച്ചു കണ്ടിട്ടില്ല; ഓലയിലോ കടലാസിലോ എഴുതിസൂക്ഷിച്ചുവരുന്ന നാടകഗ്രന്ഥങ്ങൾക്കു ‘ചുവടി’ എന്നാണു പേരു്. പ്രാഥമികപരിശീലനത്തെ ‘ചൊല്ലിയാട്ടം’ എന്നു പറയുന്നു. പഠനത്തിൻ്റെ ഏറ്റവും പ്രയാസമേറിയ ഭാഗം ചവിട്ടാണു്. താളത്തിനും മേളത്തിനുമനുസരിച്ച് കൈയും മെയ്യും കണ്ണും സന്ദർഭോചിതമായി ചലിപ്പിച്ചുവേണം ചോടു ചവിട്ടുവാൻ. ഒന്നുമുതൽ പന്ത്രണ്ടുവരെ ചോടുകൾ പഠിക്കുവാനുണ്ട്. പാട്ടുപാടുമ്പോഴും കലാശത്തിനും പ്രയാസമേറിയ ചോടുകളുണ്ട്. ചിലപ്പോൾ കവിത്തം പാടി- ഭാഗവതന്മാർ സ്വരം ചൊല്ലിക്കുന്നതുപോലെ – വേഷക്കാരെക്കൊണ്ടു ചോടു ചവിട്ടിക്കാറുണ്ട്. പന്ത്രണ്ടു ചോടും ചവിട്ടുവാനുള്ള ഒരു കവിത്തം താഴെ ഉദ്ധരിക്കുന്നു: