ദൃശ്യകലാപ്രസ്ഥാനം
കർതിതാം – തൊങ്കത്തരികിട – തൊകതരികിടതക –
തിങ്ങനാം തക തിത്തത്തൈ –
തൊകർതരികിട – തൊകതരികിട, തക തിങ്ങനാം, തക
തിത്തത്തൈ കർതിതൊങ്കത്തരികിട തൊകതരികിത
കി – തത്തടീംതക – തകതക – തടീം തൊങ്കത്തിലാങ്ക
തതിങ്കിനത്തോം –
പ്രധാനവേഷക്കാരുടെ ഈ ചവിട്ടും അതോടൊന്നിച്ചുള്ള ചെണ്ടകൊട്ടും കഥകളിയെ അനുസ്മരിപ്പിക്കാതിരിക്കയില്ല.”
കഥകളിയും ചവിട്ടുനാടകവും: ചവിട്ടുനാടകം കഥകളിയുടെ സുവർണ്ണ കാലഘട്ടത്തിൽ ഉദയംകൊണ്ടതാണെന്നു മുമ്പേ സൂചിപ്പിച്ചിട്ടുണ്ടല്ലൊ. കഥകളിയെ അനുസ്മരിപ്പിക്കുന്ന അനേകം ചടങ്ങുകൾ ഇതിലും അനുകരിച്ചുകാണുന്നുണ്ട്. അവ പലതും യാദൃച്ഛികമായി വന്നുചേർന്നതല്ലെന്നു രണ്ടിൻ്റെയും സാമാന്യരൂപംകൊണ്ടു മനസ്സിലാക്കാവുന്നതാണു്.
കഥകളിക്കു്, കളിദിവസം സന്ധ്യയാകുന്നതോടുകൂടി കേളി പെരുക്കുന്നു. ചെണ്ട, മദ്ദളം, ഇലത്താളം ഈ ഉപകരണങ്ങളോടുകൂടി ആ കൃത്യം ഇവിടെയും നിർവ്വഹിക്കുന്നുണ്ട്. ഏകദേശം എട്ടുമണിയായാൽ രണ്ടാമത്തെ കേളികൊട്ട് ആരംഭിക്കുകയും, അതോടുകൂടി വേഷക്കാർ വേഷമിടുന്നതിനു് അണിയറയിൽ പ്രവേശിക്കുകയുമായി. കഥകളിയിലും അങ്ങനെതന്നെ. മൂന്നാംകേളി പെരുക്കുന്നതോടുകൂടി രണ്ടിടത്തും കളി ആരംഭിക്കുന്നു.
