ദൃശ്യകലാപ്രസ്ഥാനം
യുദ്ധരംഗത്തിൽ ശത്രുരാജാവിനെ കണ്ടുമുട്ടുമ്പോൾ ചില വീരവാദങ്ങൾ പരസ്പരം പുറപ്പെടുവിക്കാറുണ്ട്. ചവിട്ടുനാടകത്തിൽ ആ ഭാഗത്തിനു ‘കല’ എന്നാണു പറഞ്ഞുവരുന്നതു്. കഥകളിയിലും ഇങ്ങനെ ഒരു ചടങ്ങുണ്ടെന്നറിയാമല്ലോ, പ്രതിപക്ഷബഹുമാനം കഥകളിയെ അപേക്ഷിച്ച് കുറച്ചുകൂടി പരിഷ്കൃതമായ വിധത്തിൽ ചവിട്ടുനാടകങ്ങളിൽ പ്രയോഗിച്ചുകാണുന്നുണ്ട്.
ഈ നാടകങ്ങളിൽ ചില പ്രണയകഥകളും ഇല്ലെന്നില്ല. കാറൾസ്മാൻ ചക്രവർത്തിയുടെ സ്വസ്വേയനായ റൊൾദോമിനു ശത്രുരാജാവിൻ്റെ പുത്രിയായ ‘ആഞ്ചലിക്ക’യിൽ അനുരാഗം ജനിക്കയും അവർ പരസ്പരം പ്രേമബദ്ധരായിത്തീരുകയും ചെയ്യുന്നു. പ്രണയപരവശനായ റൊൾദോമ് തൻ്റെ പ്രാണാധിഭർത്ത്രിയെ വർണ്ണിക്കുന്ന ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:
അമ്പത്തിലുതിത്തിലങ്കും ചന്ദ്രൻതാനോ
അരിവൈമുകം താമരയോ വേലോ നേത്രം,
പമ്പരമോ കടൈന്തെടുത്ത ചിമിഴോ കൊങ്കൈ,
പാകവെകതർച്ചിലയോ മുകിലോ കൂന്തൽ,
ഇമ്പുവിയിലവൾക്കിണൈ മറെറാരുവരുണ്ടോ
ഏൻചെയ്പനുനൈക്കാണായിടൈലെപ്പോതോ?
തുമ്പിപോൽ പറന്തു നാൻ ഉന്നൈക്കാണ
സുകൃതമെകക്കേകിടുവീർ തോകയാരേ!
ഇതുപോലെ രസം തുളുമ്പുന്ന പല ഭാഗങ്ങളും ചവിട്ടുനാടകത്തിലുണ്ട്. പാശ്ചാത്യവും പൗരസ്ത്യവുമായ ദൃശ്യകലാധാരകൾ സമ്മേളിച്ചുണ്ടായ ഈ അഭിനയകല ഇന്നു ലുപ്തപ്രചാരമായിത്തീർന്നുകൊണ്ടിരിക്കയാണു്. കഥകളി മുതലായ കേരളീയകലകളെ സമുദ്ധരിക്കുന്നതിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്ന ‘കലാമണ്ഡല’മോ, ‘സംഗീതനാടക അക്കാദമി’ തുടങ്ങിയ സ്ഥാപനങ്ങളോ, ആശയവൈശിഷ്ട്യം, ഗാനമാധുര്യം, അഭിനയചാതുര്യം ആദിയായ ഗുണവിശേഷങ്ങളാൽ മേളിതമായ ഈ നാട്യകലയേയും പുനരുദ്ധരിക്കുവാൻ ശ്രമിക്കേണ്ടതുതന്നെയാണു്.
