ദൃശ്യകലാപ്രസ്ഥാനം
എന്നാൽ മഹാകവി ഉളളൂർ, കൃഷ്ണൻനായരുടെ അഭിപ്രായത്തോടു യോജിക്കുന്നില്ല. * (കേരളസാഹിത്യചരിത്രം, ഭാഗം മൂന്നു്, പേജ് 101-110.) “കൃഷ്ണനാട്ടം രചിച്ച 829-നു മേൽ, പത്തോ പന്ത്രണ്ടോ വർഷങ്ങൾക്കകം രാമനാട്ടപ്രസ്ഥാനം സംജാതമായി എന്നു നിർണ്ണയിക്കുന്നതിൽ യാതൊരപാകവും ഇല്ലെ”ന്നു മഹാകവി അഭിപ്രായപ്പെടുന്നു. മഹാകവിയുടെ ഈ അഭിപ്രായത്തിനു് ഉപോൽബലകമായി അദ്ദേഹം ചെയ്യുന്ന ചില ചോദ്യങ്ങളും ശ്രദ്ധാർഹങ്ങളാണു്. കൊല്ലം 7-ാം ശതകത്തിലാണു് രാമനാട്ടത്തിൻ്റെ ആവിർഭാവമെങ്കിൽ അതിൽപ്പിന്നീട് അത്തരത്തിലുള്ള കൃതികൾ, കൊല്ലം 9-ാം ശതവർഷത്തിൻ്റെ ഒടുവിൽ – അതായതു് കോട്ടയത്തുതമ്പുരാൻ്റെ കാലത്തുമാത്രം – ഉത്ഭവിക്കുവാൻ വല്ല ഉപപത്തിയുമുണ്ടോ? ഇരുന്നൂറിൽ ചില്വാനം കൊല്ലത്തേക്ക് ഒരാട്ടക്കഥയെഴുതുന്നതിനു വേണ്ട സംഗീതസാഹിത്യപാടവമുള്ള കവികൾ കേരളത്തിൽ ഇല്ലായിരുന്നുവോ? ഈ ചോദ്യങ്ങൾക്കു സാഹിത്യചരിത്രകാരന്മാർ ഉത്തരം പറയേണ്ടതുണ്ട്. കൃഷ്ണനാട്ടം കണ്ടു രസിക്കത്തക്ക കലാസ്വാദകന്മാർ കൊട്ടാരക്കരെ ഇല്ലെന്നുള്ള ആക്ഷേപമാണു രാമനാട്ടം നിർമ്മിക്കുവാൻ കൊട്ടാരക്കരത്തമ്പുരാനെ പ്രേരിപ്പിച്ചതെന്നുള്ള ഐതിഹ്യം വിശ്വാസയോഗ്യമായി കരുതാമെങ്കിൽ, ഉളളൂർ ഊഹിക്കുന്നതുപോലെ കൃഷ്ണഗീതിയുടെ നിർമ്മാണകാലമായ 829 നു ശേഷം ഏതാനും വർഷങ്ങൾക്കുള്ളിൽ രാമനാട്ടം നിർമ്മിച്ചുവെന്നു കരുതുന്നതിൽ വലിയ അപാകമൊന്നും വരാനിടയില്ലെന്നു് ഈ എഴുത്തുകാരനും തോന്നുന്നു.
