ദൃശ്യകലാപ്രസ്ഥാനം
രാമനാട്ടം: കൊട്ടാരക്കരത്തമ്പുരാൻ്റെ ജീവിതകാലത്തെപ്പറ്റിയുള്ള പക്ഷാന്തരം എങ്ങനെയിരുന്നാലും ആട്ടക്കഥാപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് അദ്ദേഹമാണെന്നുള്ള കാര്യത്തിൽ ആർക്കും പക്ഷാന്തരമുള്ളതായി അറിയുന്നില്ല. തമ്പുരാൻ രാമായണകഥയെ ആസ്പദമാക്കി പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധം, യുദ്ധം എന്നിങ്ങനെ എട്ട് ആട്ടക്കഥകൾ നിർമ്മിച്ചു. രാമായണകഥയെ വിഷയമാക്കി ഇങ്ങനെ കൃതികൾ ചമയ്ക്കയാൽ കഥകളിപ്രസ്ഥാനത്തിനു് രാമനാട്ടം എന്നൊരു അപ പര്യായം വന്നുചേരുവാനും ഇടവന്നു.
കൃഷ്ണനാട്ടത്തിൽ കൂത്തിൻ്റേയും കൂടിയാട്ടത്തിന്റേയും അഷ്ടപദിയുടേയും പല സ്വഭാവവിശേഷങ്ങളും സമ്മേളിച്ചിരുന്നുവെന്നേയുള്ളൂ. അതുകൊണ്ടുമാത്രം കേരളിയർക്കു തൃപ്തിവന്നില്ല. ആ വിനോദകല കുറെയേറെ ജനകീയമായിത്തീരേണ്ടതുണ്ടായിരുന്നു. കൃഷ്ണനാട്ടത്തിൻ്റെ രചനതന്നെ സംസ്കൃതത്തിലായിരുന്നല്ലോ. രാമനാട്ടത്തിലാകട്ടെ, ആ അംശത്തിൽ പല പരിഷ്കാരങ്ങളും ചെയ്തു. കഥാവതരണരൂപമായ കവിവാക്യം മണിപ്രവാള ശ്ലോകങ്ങളിലും, കഥാപാത്രങ്ങളുടെ സംവാദരൂപമായ പദങ്ങൾ ഭാഷയേറിവരുന്ന മണിപ്രവാളത്തിലുമാണു് തമ്പുരാൻ നിമ്മിച്ചതു്. സാധാരണജനങ്ങളെ ആകർഷിക്കുവാൻ പറ്റുമാറ് വീരരൗദ്രരസങ്ങൾക്ക് രാമനാട്ടത്തിൽ കൂടുതൽ സ്ഥാനമനുവദിച്ചു. അഭിനയരീതിയിലും ചില മാാറങ്ങൾ ചെയ്തു. ചുരുക്കത്തിൽ കൃഷ്ണനാട്ടം കൂടുതൽ ജനകീയമായവിധത്തിൽ രൂപാന്തരപ്പെടുത്തുകയാണു് രാമനാട്ടംവഴി തമ്പുരാൻ ചെയ്തതു്. അങ്ങനെ രാമനാട്ടം, ആട്ടക്കഥ എന്ന ഒരു സാഹിത്യപ്രസ്ഥാനത്തിൻ്റെ പശ്ചാത്തലമായും, ഇന്നത്തെ കഥകളിയുടെ പൂർവ്വരൂപമായും പരിണമിക്കുന്നതിനും ഇടയായി. കൊട്ടാരക്കരത്തമ്പുരാൻ കഥകളിപ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവായിത്തീർന്നതും ഇങ്ങനെയാണു്.
