പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

പരിഷ്ക്കരണങ്ങൾ: മേൽപ്രകാരം ആട്ടക്കഥ എന്നൊരു അഭിനവപ്രസ്ഥാനം ഉടലെടുത്തുവെങ്കിലും, അതിലെ അഭിനയസമ്പ്രദായം, വേഷവിധാനം മുതലായവ വളരെ പ്രാകൃതമായിരുന്നു. പലയംശങ്ങളിലും പരിഷ്ക്കരണം പിന്നീട് ആവശ്യമായി വന്നു. പാളകൊണ്ടുണ്ടാക്കിയ മുഖങ്ങൾ വെച്ചുകെട്ടിയാണു് നടന്മാർ അന്നഭിനയിച്ചുവന്നതു്. കുപ്പായം, കിരീടം മുതലായവയുടെ ആകൃതിയും ഇന്നത്തേതായിരുന്നില്ല. വേഷക്കാർ തന്നെ ആടുകയും പാടുകയുമായിരുന്നു പതിവു്. വളരെ വിരളമായേ കൈമുദ്രകളും ഉണ്ടായിരുന്നുള്ളൂ. ഇപ്പറഞ്ഞവയിലെല്ലാം പല മാറ്റങ്ങളും വരുത്തി കഥകളിയെ ഇന്നത്തെ നിലയിലെത്തിക്കുവാൻ പലരും പ്രയത്നിക്കയുണ്ടായി. അവരിൽ മുന്നണിയിൽ നില്ക്കുന്ന മൂന്നു കലാരസികന്മാരാണു് വെട്ടത്തു തമ്പുരാനും, കപ്ലിങ്ങാട്, കല്ലടിക്കോട് എന്നീ ഇല്ലങ്ങളിലെ നമ്പൂരിമാരും, വേഷവിധാനങ്ങൾ, കൈമുദ്രകൾ, ആട്ടം, പാട്ടു്, കലാശം എന്നിവയിലെല്ലാം തന്നെ കാര്യമായ പല പരിഷ്കാരങ്ങളും ഇവർ ചെയ്തു. നടന്മാർ അഭിനയവേളകളിൽ മൂകരായിരിക്കണമെന്നും, മുഖത്തു മനയോല തേയ്ക്കണമെന്നും, ചെണ്ട മുതലായ വാദ്യങ്ങൾ ഉപയോഗിക്കണമെന്നും മറ്റുമുള്ള ചില പരിഷ്കാരങ്ങൾ വെട്ടത്തുതമ്പുരാൻ വരുത്തിയതാണത്രെ. അതിനാൽ ഇതിനു വെട്ടത്തു സമ്പ്രദായം എന്നു പറഞ്ഞുവരുന്നു. കപ്ലിങ്ങാട്ടു നമ്പൂരി കുപ്പായം മുതലായതു് ഒന്നു കൂടി മോടിപിടിപ്പിക്കുകയും, അരിമാവും ചുണ്ണാമ്പും ചേർത്തു ചുട്ടികുത്തു് ഏർപ്പെടുത്തുകയും, പച്ച, കത്തി, കരി, മിനുക്കു, താടി മുതലായവയുടെ തേപ്പിൽ ചില ദേഗതികൾ ചെയ്യുകയും, കൈമുദ്രകൾ പരിഷ്ക്കരിക്കുകയും മറ്റും ചെയ്തുവത്രെ ഇതിനു കപ്ലിങ്ങാടൻ സമ്പ്രദായമെന്നാണു പറയുന്നതു്. അനന്തരം കല്ലടിക്കോട്ടു നമ്പൂരിയും കഥകളിയിൽ ചില ചില്ലറ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. ഇങ്ങനെ കൊല്ലം 9-ാം ശതാബ്ദത്തിൽത്തന്നെ രാമനാട്ടത്തിൻ്റെ പഴയ സംവിധാനങ്ങളിൽ കാലോചിതമായ ചില വികാസങ്ങൾ വരുത്തി അതിനെ ഇന്നത്തെ കഥകളിയോടടുപ്പിക്കുവാൻ മേല്പറഞ്ഞ കലാരസികന്മാർ ശക്തരായിത്തീർന്നു. ഇവരുടെ കാലാനന്തരം കഥകളിയിൽ പറയത്തക്ക ചില പരിഷ്കാരങ്ങൾ ചെയ്തത് ‘കലാമണ്ഡല’വും അതിൻ്റെ നേതൃത്വംവഹിച്ച മഹാകവി വള്ളത്തോളുമായിരുന്നു. കലാമണ്ഡലത്തിൻ്റെ പരിഷ്കരണങ്ങൾ, ഇന്നു കേരളത്തിലെ കഥകളിയോഗക്കാർ പൊതുവേ അംഗീകരിച്ചുവരുന്നുണ്ട്.