പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

കഥകളിച്ചടങ്ങുകൾ: കഥകളിക്കു ചില പ്രത്യേക ചടങ്ങുകൾ കൂടിയേ കഴിയൂ. കേളികൊട്ടാണു് ആദ്യത്തേത്. കഥകളിയുണ്ടെന്നു ചുറ്റുപാടുമുള്ളവരെ പകലേതന്നെ ചെണ്ടകൊട്ടി അറിയിക്കുന്നു. നാടകത്തിനു നോട്ടീസുവിതരണം ചെയ്യുന്ന ഫലമാണ് ഇതുകൊണ്ടുണ്ടാകുന്നതു്. അടുത്തതു് അരങ്ങുകേളിയാണു്. ഇതിനു കേളിക്കയ്യെന്നും പറയും. കഥകളി ആരംഭിച്ചുവെന്നറിയിക്കാനായി രാത്രി എട്ടുമണിയോടുകൂടി ചേങ്ങല, ഇലത്താളം, ശുദ്ധമദ്ദളം എന്നീ വാദ്യ വിശേഷങ്ങളുടെ ഒരു മേളമാണപ്പോൾ നടക്കുക. പിന്നീടു് തോടയം ആരംഭിക്കുകയായി അരങ്ങു തിരശ്ശീലകൊണ്ടു മറച്ച് രണ്ടോ മൂന്നോ കുട്ടിത്തരക്കാരായ നടന്മാർ മേളക്കാരെ അഭിമുഖീകരിച്ചു ചില നൃത്തങ്ങൾ ആരംഭിക്കുന്നു. രംഗവിഘ്നോപശാന്തിക്കായി നടത്തുന്ന ഇഷ്ടദേവതാപ്രാർത്ഥനയാണു് അപ്പോഴത്തെ ഗാനങ്ങളിൽ മുഴങ്ങുക. തോടയം എന്ന ഈ ചടങ്ങുകഴിഞ്ഞാൽ ദേവതാപരമായ ചില വന്ദനശ്ലോകങ്ങൾ ചൊല്ലുകയായി. അനന്തരം കഥയിലെ പ്രഥമശ്ലോകം ചൊല്ലുകയും നായികാനായകന്മാരോ മറേറതെങ്കിലും ഒരു പ്രധാനകഥാപാത്രമോ രംഗത്തെക്കു പുറപ്പെടുകയും ചെയ്യുന്നു. ഈ ചടങ്ങിനു ‘പുറപ്പാടെ’ന്നാണു പറയുന്നതു്. ചെണ്ട എന്ന വാദ്യം അരങ്ങത്തു പ്രയോഗിക്കുന്നതും ഈ അവസരത്തിൽത്തന്നെ. അനന്തരം, ‘മഞ്ജുതരകുഞ്ജതലകേളിസദനേ’ എന്നു തുടങ്ങുന്ന അഷ്ടപദിഗാനം ആരംഭിക്കുന്നു. മഞ്ജുതരയ്ക്കു ‘മേളപ്പദ’മെന്നും പേരുണ്ട്. പാട്ടുകാരുടേയും വാദ്യക്കാരുടേയും പാടവം ഈ രംഗത്തിലാണു പ്രത്യക്ഷമാകുന്നത്. ഇത്രയും കഴിഞ്ഞാൽ മുറയ്ക്കുള്ള കഥ ആരംഭിക്കുകയായി.