പദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകലാപ്രസ്ഥാനം

സാമാന്യസ്വഭാവം: ആട്ടക്കഥയിലെ ശ്ലോകങ്ങളും ദണ്ഡകങ്ങളും എല്ലാം കവിവാക്യങ്ങളും, പദങ്ങൾ മുഴുവൻ കഥാപാത്ര സംവാദങ്ങളുമായിരിക്കുമെന്നു മുമ്പേ സൂചിപ്പിച്ചുവല്ലോ. പുറപ്പാടോടുകൂടിത്തന്നെ പ്രധാനകഥാപാത്രം പ്രവേശിക്കുന്നു. കിർമ്മീരവധത്തിൽ ധർമ്മപുത്രരും പാഞ്ചാലിയുമാണ് ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്. കഥാപാത്രങ്ങളുടെ ഹൃദയങ്ങളെ കാമതരളമാക്കുന്ന അവസ്ഥാന്തരങ്ങൾ ഉടനെ അവിടെ ആവിർഭവിച്ചുകൊള്ളും. അടുത്തുതന്നെ ഒരു ഉദ്യാനമോ നദീതീരമോ കാണാതിരിക്കുകയില്ല. ദക്ഷയാഗത്തിൽ കാളിന്ദീ നദിയെ വർണ്ണിച്ചിട്ടുള്ളതു നോക്കുക. നായികയ്ക്ക് ഏതെങ്കിലും ഒരു രാക്ഷസനിൽ നിന്നു പരാഭവം നേരിടുന്നതിനുള്ള അവസരമാണ് അടുത്തുണ്ടാകുന്നതു്. കിർമ്മീരവധത്തിൽ പാണ്ഡവന്മാർ ‘അമരാപഗയിൽ ചെന്നു ഗുരുവോടുകൂടെ അപര സന്ധ്യ വന്ദിച്ചുവരുവാൻ’ പോയ സന്ദർഭം നോക്കി ‘സിംഹിക’ എന്ന രാക്ഷസി പ്രവേശിച്ചു “വനമുണ്ടിവിടെ ദുർ​ഗ്​ഗാഭവനവുമുണ്ട് വനജാക്ഷി പോക നാം കാണ്മാനായ്‌ക്കൊണ്ട്” എന്നിങ്ങനെ പാഞ്ചാലിയെ പ്രലോഭിപ്പിച്ചുകൊണ്ട് പോകുന്നു. ഇതു കഴിഞ്ഞാൽ അപരിഷ്കൃതരീതിയിലുള്ള ഒരു പോർവിളിയും യുദ്ധവും വധവും എല്ലാം ഉടൻ നടന്നുകൊള്ളും. ഒടുവിൽ വിജയിയെ ദേവന്മാർ പുഷ്പവൃഷ്ടികൊണ്ടും, മഹഷിമാർ ആശിസ്സുകൾ കൊണ്ടും സമ്മോദിപ്പിക്കുന്നു. അതോടുകൂടി നിർവ്വഹണവും കഴിഞ്ഞു. ഈ രീതിയിലാണു് മിക്ക കഥകളുടെയും പോക്ക്.

മനുഷ്യജീവിതത്തിൻ്റെ പ്രതിരൂപങ്ങളായി പ്രകാശിക്കുന്ന നാടകം തുടങ്ങിയ രൂപകങ്ങളിലെപ്പോലെ വികാരോദ്ദീപകങ്ങളായ വർണ്ണനകളോ, കഥാപാത്രങ്ങളുടെ സ്വഭാവപോഷണമോ, അവിച്ഛിന്നമായ ആശയപ്രവാഹമോ, ഉൽകൃഷ്ടങ്ങളായ ചിന്തകളോ ഇത്തരം കൃതികളിൽ വളരെ വിരളമായിട്ടേ കാണപ്പെടുകയുള്ളു, ”മാരകേളി ചെയ്‌വതിന്നു പാരമുണ്ടു മോഹമിന്നു്” എന്നിങ്ങനെ കുലീനയും നവോഢയുമായ വധുവിനെക്കൊണ്ട് കാമപ്രാർത്ഥനചെയ്യിക്കുന്നതും മററും ഇത്തരം കൃതികളിൽ സാധാരണമാണ്. സ്ത്രീ പുരുഷന്മാരുടെ ഓരോ കാലഘട്ടത്തിലുമുള്ള മനോവികാരങ്ങളെ യഥാതഥം കണ്ടറിയുവാൻ കഥാകൃത്തുക്കൾ അശക്തരാണെന്നുള്ള ആക്ഷേപത്തിനു് ഈപോലെയുള്ള പ്രസ്താവങ്ങൾ ഉപോൽബലകങ്ങളായ തെളിവുകളായി ചമയുന്നു. നളചരിതം മുതലായി അപൂർവ്വം ചില കൃതികൾ ഒഴിച്ചാൽ പറയത്തക്ക യാതൊരു നവീനതയോ, വിവിധതയോ, സ്വതന്ത്രതയോ ഇല്ലാത്തവയാണു മിക്ക ആട്ടക്കഥകളും.