ദൃശ്യകലാപ്രസ്ഥാനം
ഭാഷ: ആട്ടക്കഥകളിലെ ഭാഷ സംസ്കൃതബഹുലമായ മണിപ്രവാളമാണു്.
ചമ്പൂകാവ്യങ്ങളേയും അധഃസ്ഥിതമാക്കുന്ന ‘ഭാഷാസംസ്കൃതയോഗ’മാണു് ഇവയിലുള്ളത്. കവിവാക്യങ്ങളെല്ലാം ശ്ലോകങ്ങളും, പാത്രങ്ങളുടെ സംഭാഷണം മുഴുവൻ പദങ്ങളുമായിരിക്കണമെന്നാണു. ഇത്തരം കൃതികളുടെ സാധാരണനിയമമെന്നു തോന്നുന്നു. കവിവാക്യങ്ങളായ ശ്ലോകങ്ങൾ അധികവും സംസ്കൃതമയങ്ങൾ തന്നെയായിരിക്കും. കോട്ടയത്തു തമ്പുരാൻ്റെ കിർമ്മീരവധത്തിൽ സംസ്കൃതരൂപമല്ലാതെ മലയാളപദം തൊടുവിച്ചിട്ടുള്ള ഒരൊറ്റ ശ്ലോകംപോലും കാണുന്നില്ല. ഇത്തരം കൃതികളെ മണിപ്രവാളപ്രസ്ഥാനത്തിൽ ഉൾപ്പെടുത്തിപ്പറയുന്നതുതന്നെ കുറെ സാഹസമല്ലേ എന്നു തോന്നിപ്പോകുന്നു.
അർവ്വാചീന സംസ്കൃത കാവ്യകാരന്മാരിൽ പലരിലും കണ്ടുവരുന്ന അലങ്കാരഭ്രമം ആട്ടക്കഥാകർത്താക്കന്മാരിൽ ഒട്ടും കുറവല്ല.
ക്ഷ്വേളാഘോഷാതിഭീതിപ്രചലദനിമിഷാ സിംഹികാഭാഷ്യപുഷ്യ-
ദ്ദ്വേഷാ ദോഷാചരീത്ഥം ഖലു നിജവപുഷാ ഭീഷയന്തീ പ്രദോഷേ
ഈഷാ കൂലങ്കഷേവ പ്രപരുഷപരുഷാ ജോഷമാദായ ദോഷാ-
യോഷാഭൂഷാമനൈഷീൽ പ്രിയവധരുഷിതാ പാർഷതീം ദൂരമേഷാ.(കിർമ്മീരവധം )
