ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

ഒന്നാംഭാഗം

ഉത്പത്തി: വിജ്ഞാനത്തേയും വിനോദത്തേയും ഏകകാലത്തിൽ പ്രദാനം ചെയ്യുന്നവയാണു് സാഹിത്യഗ്രന്ഥങ്ങൾ. അവ രണ്ടു വിധത്തിൽ നമുക്കനുഭവപ്പെടുന്നു. ശ്രവണേന്ദ്രിയം വഴിക്കും നയനേന്ദ്രിയം ശ്രോത്രദ്വാരാ അനുഭവപ്പെടുന്ന, അഥവാ കേട്ടു രസിക്കുന്ന കൃതികൾക്കു ശ്രവ്യകാവ്യങ്ങളെന്നും, നയനേന്ദ്രിയദ്വാരാ അനുഭവപ്പെടുന്ന, അഥവാ കണ്ടുരസിക്കുന്ന കൃതികൾക്കു ദൃശ്യകാവ്യങ്ങളെന്നും പറഞ്ഞു വരുന്നു. ദൃശ്യകാവ്യങ്ങളിൽ മകുടസ്ഥാനം വഹിക്കുന്നതു നാടകങ്ങളാണു്. അഭിനയിക്കുന്ന നടന്മാരിൽ, ദൃഷ്ഷന്താദികളായ കഥാപാത്രങ്ങളുടെ രൂപങ്ങളെ ആരോപിക്കുന്നതിനാൽ നാടകം തുടങ്ങിയ ദൃശ്യകാവ്യങ്ങൾക്കു രൂപകങ്ങൾ എന്നുകൂടി പേർ പറയാറുണ്ടു്. സംസ്കൃതത്തിൽ പത്തുതരം രൂപകങ്ങളും പതിനെട്ടുതരം ഉപരൂപകങ്ങളുമുണ്ടു്. കഥാവസ്തു, കഥാനായകൻ, കാവ്യരസം എന്നിവയുടെ വൈവിദ്ധ്യത്തെ ആസ്പദമാക്കിയാണു് രൂപകങ്ങൾക്ക് ഇങ്ങനെ നാനാത്വം സംഭവിച്ചിട്ടുള്ളത്. സംസ്കൃത രൂപകങ്ങൾക്കു വളരെയധികം പഴക്കമുണ്ടു്. എന്നാൽ മലയാളത്തിൽ നാടകം തുടങ്ങിയ രൂപകങ്ങൾ അടുത്ത കാലത്തുമാത്രമാണു് ഉണ്ടായിട്ടുള്ളതു്. അവയിൽ അധികവും സംസ്കൃത നാടകങ്ങളുടെ അനുവാദങ്ങളോ, അനുകരണങ്ങളോ മാത്രമാണുതാനും. എന്നാൽ മലയാളത്തിനു് സ്വന്തമെന്നുപറയാവുന്ന ഒരു ദൃശ്യകലാപ്രസ്ഥാനം അതിപ്രാക്തനമായിത്തന്നെ ഉണ്ടായിട്ടുണ്ടു്. അതിൻ്റെ ചരിതത്തെ അല്പമൊന്നു വിവരിക്കുവാനാണു് ഇതിനുപരി ഉദ്യമിക്കുന്നതു്.

എല്ലാ ദേശക്കാരുടെ ഇടയിലും, അഭിനയകലയുടെ ഉടൽ ഓരോ ദേവതാരാധനാസമ്പ്രദായങ്ങളിൽനിന്നു് ഉദിച്ചുയർന്നു പരിപുഷ്ടമായിത്തീർന്നിട്ടുള്ളതാണെന്നു ചരിത്രം ഘോഷിക്കുന്നു. മലയാളത്തിലും അങ്ങനെതന്നെ. ഭദ്രകാളിപ്പാട്ട്, ബ്രാഹ്മണിപ്പാട്ട് മുതലായവയിലാണു് കേരളീയ നാട്യകലയുടെ പൂർവ്വരൂപങ്ങൾ നാമിന്നു കാണുന്നതു്. കോലടിപ്പാട്ട്, കണിയാൻപാട്ട്, പുള്ളുവപ്പാട്ട്, പൂരക്കളിപ്പാട്ട്, മോഹിനിയാട്ടം മുതലായവയും കേരളീയ നാട്യകലയുടെ പ്രാരംഭരൂപങ്ങളത്രേ. പ്രസ്തുതാഭിനയങ്ങൾ എല്ലാംതന്നെ കേരളക്ഷേത്രങ്ങളിൽ പണ്ടുപണ്ടേ ഉണ്ടായിരുവയാണു്. ഓണക്കളി, തിരുവാതിരക്കളി മുതലായവയിൽ പ്രസ്തുത കലയുടെ കുറച്ചുകൂടി പരിഷ്കൃതമായ രൂപങ്ങൾ കാണുവാൻ കഴിയും.