ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
ഗദ്യനാടകങ്ങൾ
അഭിജ്ഞാനശാകുന്തളത്തിൻ്റെ വിവർത്തനത്തോടുകൂടി മലയാളത്തിൽ നാടക പ്രസ്ഥാനം ആരംഭിച്ചു. എന്നാൽ അത്തരം മിശ്രനാടകങ്ങളിലെ ഗദ്യം, മലയാള ഗദ്യപോഷണവിഷയത്തിൽ കാര്യമായ പങ്കു ലഹിച്ചിരുന്നില്ല. ആധുനിക ഗദ്യനാടകങ്ങളുടെ പുറപ്പാടോടുകൂടിയാണു്, ആ ശാഖവഴിക്കുള്ള ഉൽക്കർഷം മലയാള ഗദ്യത്തിനു കൈവന്നിട്ടുള്ളതു്. സാമുദായിക വിഷയങ്ങളെ ഇതിവൃത്തമാക്കിയുള്ളതാണു് ഗദ്യനാടകങ്ങളിൽ ഏറിയപങ്കും. സാമാന്യജനങ്ങളുടെ ജീവിതവും, അവർ നിത്യം കൈകാര്യം ചെയ്യുന്ന സംഭാഷണശൈലിയുമാണു് അത്തരം നാടകങ്ങളിൽ ആവിഷ്ക്കരിക്കാറുള്ളത്. സമുദായോദ്ധാരണമാണല്ലോ എല്ലാ കലകളുടേയും പരമമായ ധർമ്മം. കല വികാരങ്ങളുടെ ഭാഷയിൽ ഹൃദയത്തോടു സംസാരിക്കുന്നു. അതിൻ്റെ പ്രേരണയിൽ നിന്നു് അകന്നുനില്ക്കുവാൻ മനുഷ്യനു സാധിക്കുന്നില്ല. അത്തരത്തിലുള്ള കല മനുഷ്യനെ സ്വധർമ്മങ്ങളിലേക്കു് അവനറിയാതെ തന്നെ നയിക്കുകയായി. ദൃശ്യകലയായ നാടകങ്ങൾവഴി നമുക്കനുഭവപ്പെടുന്ന വികാരങ്ങൾക്കു് ഒരു പ്രത്യേകത കൂടിയുണ്ടു്. അതു പരോക്ഷാനുഭവമല്ല, പ്രത്യക്ഷാനുഭവമാണു് നമ്മളിൽ സംജാതമാക്കുന്നതു്. ഹൃദയത്തെ ഇളക്കി മനുഷ്യനെ കർമ്മോന്മുഖനാക്കുന്നതിനു സാഹിത്യത്തിലെ ഇതര ശാഖകളെ അപേക്ഷിച്ച് നാടകകലയ്‌ക്ക് അന്യാദൃശശക്തി ഉണ്ടായിരിക്കുന്നതിൻ്റെ കാരണവും അതുതന്നെ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സമുദായ സംസ്കൃതി സാഹിത്യത്തെ അവലംബിച്ചു നിലകൊള്ളുന്നുവെങ്കിൽ, ആ സംസ്‌കാരത്തിനു വഴി തെളിക്കുന്ന ഏറ്റവും സുശക്തമായ ഉപകരണം നാടകമാണു്. അതു രണ്ടു വിധത്തിലും — സാഹിത്യാംശത്തിലൂടെയും അഭിനയാംശത്തിലൂടെയും — മാനസിക പരിവർത്തനം വരുത്തുന്നു.
സംസ്കൃത നാടകങ്ങൾക്കും ആധുനിക ഗദ്യ നാടകങ്ങൾക്കും തമ്മിലുള്ള ചില അന്തരങ്ങളെക്കുറിച്ചുകൂടി ഈയവസരത്തിൽ അല്പം സൂചിപ്പിച്ചു കൊള്ളട്ടെ.
“സംസ്കൃത നാടകങ്ങളിലെ ധീരോദാത്താദിനായകന്മാരിൽ ഇന്നയിന്ന ഗുണങ്ങൾ വേണമെന്നുള്ളതുകൊണ്ടു് അവയിലെ പാത്രങ്ങൾ റൊമാൻസിലെപ്പോലെ മനുഷ്യരുടെ മാതൃകകളും (Types), ഗദ്യനാടകങ്ങളിലെ പാത്രങ്ങൾ നോവലുകളിലെ കഥാപാത്രങ്ങളെപ്പോലെ സ്വഭാവത്തിൻ്റെ പ്രത്യേകതയെ വ്യക്തമാക്കുന്ന വ്യക്തികളും (Individuals) ആണു്. മുഖം, പ്രതിമുഖം, ഗർഭം, വിമർശം, ഉപസംഹൃതി (നിർവ്വഹണം) എന്നിങ്ങനെ കഥയുടെ അംഗങ്ങളെ വേണ്ടപോലെ സന്ധിപ്പിക്കുന്ന ഘടനാവൈചിത്ര്യങ്ങൾ — സന്ധികൾ — സംസ്കൃത നാടകത്തിൽ അഞ്ചു വിധമുള്ളപ്പോൾ ഗദ്യനാടകങ്ങളിൽ ആരംഭം, മദ്ധ്യം. അവസാനം എന്നു് അവ മൂന്നു വിധത്തിൽ മാത്രമേയുള്ളു.
