ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
പൊൻകുന്നം വർക്കി : പ്രശസ്ത കാഥികനായ പൊൻകുന്നവും ഒട്ടേറെ നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഒരുപക്ഷേ, കഥാരംഗത്തുനിന്നു പിന്മാറി അദ്ദേഹം കുറേക്കാലമായി നാടകരംഗത്തും സിനിമാരംഗത്തുമായിത്തന്നെ വിഹരിക്കയാണെന്നു പറയാം. ചെറുകഥകൾപോലെതന്നെ ആശയസംഘട്ടനം കലർന്നവയാണു് വർക്കിയുടെ നാടകങ്ങളും. ‘പൂജ’യെ മുൻനിറുത്തിയാണു് വർക്കി നാടകരംഗത്തേക്കു കടന്നുവന്നതെന്നു തോന്നുന്നു. കതിരുകാണാക്കിളി, ജേതാക്കൾ, ഞാനൊരധികപ്പറ്റാണു്. പ്രേമ വിപ്ലവം, വഴിതുറന്നു, വിശറിക്കു കാറ്റുവേണ്ട, സ്വർഗ്ഗം നാണിക്കുന്നു എന്നുതുടങ്ങിയവയത്രേ മറ്റു നാടകങ്ങൾ.
വിശറിക്കു കാറ്റുവേണ്ട; രാഷ്ട്രീയം, വിനോദം, പ്രണയം എന്നിവയെല്ലാം യഥോചിതം ഇണക്കി പ്രകാശിപ്പിച്ചിട്ടുള്ള ഒരു നാടകമാണിതു്. കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ വിദ്യാഭ്യാസ ബില്ല്, കാർഷികബന്ധ ബില്ല് എന്നിവയെല്ലാം ഇതിൽ ചർച്ചാവിഷയമാക്കിയിട്ടുണ്ടു്. അഭിനയയോഗ്യവുമാണു് പ്രസ്തുത നാടകം. വർക്കിയുടെ മറ്റു നാടകങ്ങളും പല സ്ഥലങ്ങളിലും അഭിനയിക്കപ്പെട്ടിട്ടുള്ളവയാണു്.
മേക്കൊല്ല: എൻ. പരമേശ്വരൻനായർ എഴുതിയിട്ടുള്ള വിജയം, വിജയകരമായിത്തീർന്നിട്ടുള്ള ഒരു നാടകമാണു്. ഒന്നാമങ്കത്തിൽ ആറും, രണ്ടിൽ രണ്ടും, മൂന്നിൽ മൂന്നും രംഗങ്ങൾ വീതമുണ്ട്. ഇതിവൃത്തം ആദർശ ശുദ്ധിയുള്ള ഒന്നത്രേ. പാത്രസൃഷ്ടിയിൽ നാടകകൃത്തു് പ്രദർശിപ്പിച്ചിട്ടുള്ള പാടവം പ്രശംസാർഹമാണ്. ഓരോ കഥാപാത്രവും അതതിൻ്റെ നിലയിൽ വ്യക്തിത്വമുള്ളവയായിത്തീർന്നിട്ടുണ്ട്. ഇതിലധികം വിജയം ഒരു നാടകം പ്രതീക്ഷിക്കേണ്ടതില്ല. ‘വിജയ’ത്തിൻ്റെ വിജയം ഇതുകൊണ്ടുതന്നെ വ്യക്തമാണല്ലൊ. എന്നാൽ ഇതിലെ ചില രംഗങ്ങൾ വേണമെങ്കിൽ കുറയ്ക്കാമായിരുന്നു എന്നൊരു പക്ഷമില്ലാതില്ല. ഒന്നാമങ്കത്തിലെ, രണ്ടും മൂന്നും അങ്കങ്ങൾ നീക്കിയാലും കഥാഗതിക്കു യാതൊരു ഉടവും വരുന്നില്ല. പക്ഷേ, അവയിലെ നേരമ്പോക്കുകൾ രംഗപുഷ്ടിക്കു പ്രയോജനപ്പെടുന്നവയാണെന്നു സമ്മതിക്കേണ്ടതുമുണ്ടു്. മേക്കൊല്ലയിൽ നിന്നു നല്ല നാടകങ്ങൾ ചിലതുകൂടി നമുക്കു ലഭിക്കാതിരുന്നിട്ടില്ല. ആശാപാശം, കനകപ്രഭ, വീരനിധനം, അടഞ്ഞവാതിൽ എന്നിവ അവയിൽ മുഖ്യങ്ങളത്രേ. ‘ഗീതാനന്ദ്’ ദേശീയോദ്ഗ്രഥനത്തിനു സഹായകമാകുമാറു് ഈയിടെ രചിച്ച ഒരു പുതിയ നാടകമാണു്.
