ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

“ഇവയ്ക്കു യഥാക്രമം വിവരണഘട്ടം (Exposition), സന്ദേഹഘട്ടം (Crisis or Situation), നിർവ്വഹണ ഘട്ടം (Catastrophe or Denouement) എന്ന പേരുകളുമുണ്ട്. സംസ്കൃത നാടകത്തിലുള്ള മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവ്വഹണം എന്ന അഞ്ചു സന്ധികളിൽ, മുഖത്തിനു വിവരണ ഘട്ടത്തോടും, പ്രതിമുഖം, വിമർശം എന്നിവ കൂടിച്ചേർന്നതിനു സന്ദേഹ ഘട്ടത്തോടും, നിർവ്വഹണത്തിനു നിർവ്വഹണഘട്ടത്തോടും അടുത്ത സാദൃശ്യമുണ്ടു്. വിവരണഘട്ടം കഥ തുടങ്ങുമ്പോഴുള്ള സ്ഥിതിയേയും, സന്ദേഹഘട്ടം അതിലുണ്ടാകുന്ന പരിവർത്തനങ്ങളേയും, നിർവ്വഹണഘട്ടം അതിലുണ്ടാകുന്ന പരിവർത്തനങ്ങളുടെ കലാശത്തേയും വിവരിക്കുന്നു. ഈ ഘട്ടങ്ങളെ, അഥവാ സന്ധികളെ, ആസ്പദിച്ചു് ഒരു ഗദ്യനാടക കർത്താവിനു് മൂന്നു് സാങ്കേതിക മാറ്റങ്ങൾ സ്വീകരിക്കാവുന്നതാണു്. മൂന്നു ഘട്ടങ്ങളേയും മുറയ്ക്കു നാടകത്തിനകത്തു കൊണ്ടുവരിക (ഇതാണു പഴയരrതി): സന്ദേഹ ഘട്ടത്തിൽ നാടകം തുടങ്ങി വിവരണ ഘട്ടത്തിലെ സംഗതികളെ പിന്നീടു നാടകീയമായി വിവരിക്കുക; നിർവ്വഹണ ഘട്ടത്തിൽ തുടങ്ങി ആദ്യത്തെ രണ്ടു ഘട്ടങ്ങളേയും പിന്നീടു നാടകീയമായി വിവരിക്കുക എന്നിവയാണു പ്രസ്തുത മൂന്നു സാങ്കേതിക മാറ്റങ്ങൾ…ഇന്നത്തെ ദുഃഖപര്യാവസായികളായ ഗദ്യനാടകങ്ങളിൽ ഭൂരിഭാഗവും, സന്ദേഹഘട്ടത്തിൻ്റെ മദ്ധ്യദശയിലും, ശുഭപര്യാവസായികളായ ഗദ്യനാടകങ്ങളിൽ ഭൂരിഭാഗവും വിവരണ ഘട്ടത്തിലുമാണു് തുടങ്ങുന്നതു്.” *(രൂപമഞ്ജരി എ. ബാലകൃഷ്ണപിള്ള)

മേൽപ്രസ്താവിച്ച മൂന്നു സാങ്കേതിക മാർഗ്ഗങ്ങളിൽ ആദ്യത്തേതു പഴയതും, ഒടുവിലത്തെ രണ്ടു മാർഗ്ഗങ്ങളും നോർവ്വേക്കാരനായ ഹെന്റ്റ്റിക്ക് ഇബ്സൻ ആധുനിക കാലത്തു നടപ്പിൽവരുത്തിയിട്ടുള്ളതുമാണു്. സംസ്കൃത നാടകങ്ങളുടെ ഗതി ഈ വഴിക്കല്ലെന്നുള്ളതു സ്പഷ്ടമാണല്ലോ. തന്നെയുമല്ല. ‘ഊരുഭംഗം’ എന്ന കൃതി നീക്കിയാൽ മറ്റെല്ലാ നാടകങ്ങളും സംസ്കൃതത്തിൽ ശുഭപര്യാവസായികളാണു്. അംഗിയായ രസം ശൃംഗാരമോ വീരമോ ആയിരിക്കുകയും ചെയ്യും. ആധുനിക ഗദ്യ നാടകങ്ങൾ മിക്കവയും ഇതിനു വിപരീതമാണല്ലോ. അങ്കങ്ങളുടെ കാര്യത്തിലും വളരെ അന്തരമുണ്ടു്. സംസ്കൃത നാടകങ്ങളിൽ അങ്കങ്ങൾ അഞ്ചിൽ കുറയാതെയും പത്തിൽ കൂടാതേയും വേണമെന്നാണു് വ്യവസ്ഥ. സാധാരണമായി മിക്കവയും ഏഴങ്കങ്ങളിൽ പര്യവസാനിപ്പിക്കുകയാണു പതിവ്. എന്നാൽ ആധുനിക നാടകങ്ങളിൽ മൂന്നു മുതൽ അഞ്ചുവരെ മാത്രമേ അങ്കങ്ങളുണ്ടായിരിക്കയുള്ളു. ഓരോ അങ്കത്തിനും പല രാഗങ്ങളും കാണും. ദീർഘങ്ങളായ രംഗവിവരണങ്ങളും ഉണ്ടായിരിക്കും.