ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
മുൻഷി പരമുപിള്ള : ഒരു സരസ നാടകകൃത്താണു പരമുപിള്ള. മനുഷ്യജീവിതത്തിലെ വികൃതങ്ങളും, എന്നാൽ ദയനീയങ്ങളുമായ സംഭവങ്ങളെ വികാരതീക്ഷ്ണതയോടുകൂടി ചിത്രീകരിക്കുവാൻ പരമുപിള്ളയുടെ തൂലികയ്ക്കു നല്ല കരുത്തുണ്ട്. സുപ്രഭ (2 ഭാഗങ്ങൾ), പ്രതിഭ, മധുവിധു, പ്രകാശം, രഹസ്യങ്ങൾ, എൻ്റെ സ്വരാജ്യം എന്നിവ അദ്ദേഹത്തിൻ്റെ പ്രസിദ്ധ കൃതികളത്രേ.
ചേലനാട്ട് അച്യുതമേനോൻ: പാലാട്ടുകോമൻ, ഒരു വീരബാലൻ, വിചിത്രമായ വിവാഹം എന്നീ മൂന്നു ലഘുനാടകങ്ങളുടെ സമാഹാരമാണു് സി അച്യുതമേനോൻ്റെ ‘വീരാങ്കണം.’ ആദ്യത്തേതു രണ്ടും, ആഖ്യാനരൂപത്തിൽ ആദ്യം പ്രസിദ്ധപ്പെടുത്തിയിരുന്നതും പിന്നീടു നാടകരൂപത്തിലെത്തിച്ചതുമായ പ്രാചീന കഥാപ്രദ്യോതകങ്ങളായ രണ്ട് നാടകങ്ങളാണ്. വിചിത്രമായ വിവാഹവും പ്രാചീനകഥയെ അവലംബിച്ചുള്ളതു തന്നെ. തച്ചോളി ഒതേനൻ നായകനും, ചിരു അതിലെ നായികയുമാണു്. അച്യുതമേനവൻ്റെ പുഞ്ചിരി, പുത്തിരിയങ്കം, കോമൻനായർ, തച്ചോളിച്ചന്തു, ബില്ലുകൊണ്ടുള്ള തല്ല് തുടങ്ങിയ പ്രഹസനങ്ങളും പ്രസ്താവാർഹം തന്നെ.
വി. ടി. രാമൻ ഭട്ടതിരിപ്പാട്ട്: ‘അടുക്കളയിൽ നിന്നു് അരങ്ങത്തേക്ക്’ എന്ന സാമുദായിക നാടകംകൊണ്ടു സുപ്രസിദ്ധനായിക്കഴിഞ്ഞിട്ടുള്ള ഒരു കലാകോവിദനാണു് വി. ടി. ഭട്ടതിരിപ്പാട്ട്. നമ്പൂതിരി യുവതികളുടെ നരകജീവിതത്തെ വധൂവരന്മാരുടെ അനുരാഗം മുതലായ മാനസികബന്ധത്തേയോ, വയസ്സുകൊണ്ടും വപുസ്സുകൊണ്ടുമുള്ള ആനുരൂപ്യത്തേയോ വിവാഹാനന്തരമുള്ള അവരുടെ ദാമ്പത്യ വിഷയകമായ ജീവിത സൗഖ്യത്തേയോ ഒന്നും തന്നെ ചിന്തിക്കാതെ ‘മോരും മുതിരയുമെന്നവണ്ണമുള്ള യുവതീവൃദ്ധ വിവാഹത്തെ’ –തടയുവാൻവേണ്ടി നിർമ്മിച്ചു് കന്യകമാരുടെ കരപല്ലവങ്ങളിൽത്തന്നെ ഭട്ടതിരിപ്പാടു സമർപ്പിച്ചിട്ടുള്ള ഒരു നാടകമാണ് ‘അടുക്കളയിൽനിന്നു് അരങ്ങത്തേക്ക്’. തേതിയും മാധവനുമാണു് അതിലെ നായികാനായകന്മാർ. നമ്പൂതിരി യുവജനസംഘം 1105-ലായിരുന്നു ആ നാടകം ആദ്യമായി പ്രസിദ്ധപ്പെടുത്തിയതു്. ഉൽപതിഷ്ണുക്കളായ ഉണ്ണിനമ്പൂതിരിമാർക്ക് യാഥാസ്ഥിതികരോട്ട് അടരാടുവാൻ ഈ നാടകം അത്യധികം പ്രായാജനപ്പെട്ടു. പ്രസ്തുത നാടകത്തിൻ്റെ പ്രചാരത്തോടുകൂടി നമ്പൂതിരി സമുദായത്തിൽ ഉണ്ടായിട്ടുള്ള പരിവർത്തനങ്ങൾ അത്ഭുതാവഹമെന്നേ പറയേണ്ടു. നമ്പൂതിരിമാരുടെയിടയിൽ ഇദംപ്രഥമമായി അഭിനയിച്ചിട്ടുള്ളതും സാമൂഹ്യവിപ്ലവത്തിനു ബീജാവാപം ചെയ്തിട്ടുള്ളതുമായ പ്രസ്തുത കൃതി മറ്റനേകം സാമൂഹ്യ നാടകങ്ങൾക്കു മാർഗ്ഗദർശകമായിത്തീരുകയും ചെയ്തു. ശ്രേയസ്കരമായ സമുദായ പരിവർത്തനത്തിനു് ഇത്തരം പ്രഹസനങ്ങൾ മൃതസഞ്ജീവനികൾ തന്നെ; സംശയമില്ല.
