ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
എം. ആർ. എം. പി. ഭട്ടതിരിപ്പാടന്മാർ: നമ്പൂതിരി സമുദായത്തിലെ അന്തർജ്ജനങ്ങൾ അനുഭവിക്കുന്ന ഘോരയാതനകളെ പ്രതിഫലിപ്പിച്ചു കാണിക്കുന്ന മറ്റൊരു സാമുദായിക രൂപകമാണു് എം. ആർ. ബി.യുടെ ‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’. ഒരു ദുരന്ത നാടകമാണതു്. അതിലെ നായികയായ ഇട്ടിപ്പാപ്തിയെപ്പോലെയുള്ള എത്രയെത്ര അന്തർജ്ജനങ്ങളാണു് നമ്പൂതിരി സമുദായത്തിൽ ആരുമറിയാതെ ദുസ്സഹയാതനകൾ അനുഭവിച്ചു മൺമറഞ്ഞുപോയിട്ടുള്ളതു്! സ്വസമുദായത്തിലെ വേളി സമ്പ്രദായത്തെ പരിഷ്കരിക്കുന്നതിനും, മറക്കുടയ്ക്കുള്ളിൽ വെളിച്ചം വീശുന്നതിനും ഈ നാടകം തികച്ചും പ്രയോജനപ്പെട്ടിട്ടുണ്ട്. രാമൻഭട്ടതിരിയുടെ അടുക്കളയിൽനിന്നു് അരങ്ങത്തേക്ക്’ എന്ന പ്രഹസനമാണു് പ്രസ്തുത കൃതിക്കു മാർഗ്ഗദശകത്വം നല്കിയിട്ടുള്ളതെന്നു തോന്നുന്നു.
‘ഋതുമതി’, സമുദായ പരിഷ്ക്കരണാർത്ഥം എം. പി. ഭട്ടതിരിപ്പാട്ട് (പ്രേമ്ജി) എഴുതിയിട്ടുള്ള ഒരു നാടകമാണു്. നമ്പൂതിരി സമുദായത്തിൽ നിന്നു് അവശ്യം ബഹിഷ്ക്കരിക്കേണ്ട അനവധി വിലക്ഷണാചാരങ്ങളെ ഇതിൽ കലാചാതുര്യത്തോടെ പ്രകാശിപ്പിച്ചിരിക്കുന്നു. പനമ്പിള്ളി നമ്പൂരിപ്പാടിൻ്റെ മരുമകളായ ദേവകിയാണു് ഈ നാടകത്തിലെ നായിക. നായികയുടെ സ്വഭാവാവിഷ്ക്കരണത്തിൽ എം. പി. പരിപൂർണ്ണ വിജയം നേടിയിട്ടുണ്ട്. ‘ഋതുമതി’ അനുവാചകന്മാരുടേയും സന്ദർശികന്മാരുടേയും കണ്ണുനീർകൊണ്ട് സാമുദായിക മാലിന്യങ്ങളെ ദ്രവിപ്പിക്കുവാനും നിർമ്മാർജ്ജനം ചെയ്യുവാനും സഹായിക്കുന്ന ഒരു വിശിഷ്ട നാടകമാണു്” എന്ന് ജി. ശങ്കരക്കുറുപ്പു പ്രസ്താവിച്ചിട്ടുള്ളതു് അക്ഷരംപ്രതി ശരിയാണ്.
മുകളിൽ പ്രസ്താവിച്ച മൂന്നു നാടകങ്ങളും ‘മനയ്ക്കകത്തെ ഭാഷ’ പരിചയമില്ലാത്തവർക്കു രസാസ്വാദനത്തിനു് അല്പം ക്ലേശം ഉണ്ടാക്കിയേക്കാം. പക്ഷേ, അതു ശുദ്ധിപ്പെടുത്തുകയോ പരിഷ്ക്കരിക്കയോ ചെയ്താൽ ആ കൃതികളുടെ ജീവനായ തന്മയത്വം നശിക്കുകയും ചെയ്യും.
