ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

കെ.എം. ജോർജ്ജ്: ചൂഷണസാഹിത്യം, പത്നീസമാജം, പണിമുടക്ക്, രാഗവർദ്ധിനി, അർദ്ധരാത്രിയിൽ എന്നിങ്ങനെയുള്ള ഏതാനും ഏകാങ്കങ്ങളുടെ സമാഹാരമാണു് ജോർജ്ജിൻ്റെ ‘ഏകാങ്കമണ്ഡലം’. ഓരോന്നിലും പല രംഗങ്ങൾ വീതമുണ്ട്. രംഗങ്ങൾ പലതുണ്ടാകുന്നതു കൊണ്ട് രസക്ഷതി ഭവിക്കണമെന്നില്ല. എന്നാൽ അവ ദീർഘങ്ങളായിരുന്നാൽ വിപരീതഫലം ചെയ്യുവാനാണിടയുള്ളതു്. ‘സാഹിത്യചൂഷണ’ത്തിൽ അങ്ങനെ ഒരു ന്യൂനത ചൂണ്ടിക്കാണിക്കാവുന്നതാണു്. റേഡിയോ നാടകങ്ങൾ, ഒൻപതു റേഡിയോ നാടകങ്ങൾ ഇവയാണു് ജോർജ്ജിൻ്റെ മറ്റു കൃതികൾ.

പി. വി. കൃഷ്ണൻ നായർ: ചിത്രകാരൻ, സമാഗമം, ഗൂഢസേന, മദ്യപൻ എന്നീ നാലു ഏകാങ്കങ്ങളുടെ സമാഹാരമാണു് ശ്രീ പി. വി. കൃഷ്ണൻ നായരുടെ ‘സമാഗമം.’ ജ്യേഷ്ഠാനുജത്തിമാരായ ഇന്ത്യ, ചൈന എന്നീ രാഷ്ട്രങ്ങളുടെ ചിരകാല വിയോഗത്തിനു ശേഷമുണ്ടായ സമാഗമമത്രെ സമാഗമത്തിലെ ഇതിവൃത്തം. സാഹോദര്യം വിസ്മരിച്ച് ഇളയമ്മയായ ചൈനയെ ഉപദ്രവിച്ച അമ്മാവനായ ജപ്പാനെ ഉപദേശിക്കുവാൻ ഇൻഡ്യയുടെ പുത്രനായ ബുദ്ധൻ അങ്ങോട്ടു പുറപ്പെടുന്നതും, ഈ മാതാക്കളുടെ പിതാമഹനായ ഹിമവാൻ പ്രത്യക്ഷപ്പെട്ട് രണ്ടു പൗത്രിമാരുടെ തോളിലും കൈവച്ച് അവരെ അനുഗ്രഹിക്കുന്നതും സമാഗമത്തിലെ സംഭവങ്ങളാണു്. നാടകം അഭിനയയോഗ്യമല്ല, എന്നുവരികിലും ഇൻഡ്യൻ സംസ്ക്കാരത്തെ സമ്മോഹനമായി പ്രതിഫലിപ്പിച്ചു കാണിക്കുവാൻ അതിനു കഴിഞ്ഞിട്ടുണ്ടു്. മറ്റുകൃതികളും ഭാരതീയ സംസ്ക്കാരത്തിൻ്റെ ഓരോവിധത്തിലുള്ള പ്രതിഫലനങ്ങൾതന്നെ.

കാരൂർ: പ്രതിഫലം, അപ്പൂപ്പൻ എന്ന രണ്ടു് ഏകാങ്കനാടകങ്ങളുടെ സമാഹാരമാണു്’ കാരൂരിൻ്റെ ‘അപ്പൂപ്പൻ’. കഥാപാത്രങ്ങളുടെ ചിത്തവൃത്തികളെ കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിച്ചു കാണിക്കുവാൻ രണ്ടു നാടകങ്ങളിലും കാരൂരിനു സാധിച്ചിട്ടുണ്ട്. സംഭാഷണങ്ങളുടെ സ്വാഭാവികത അവയെ ഏറ്റവും ഹൃദയഹാരിയാക്കിത്തീർക്കുകയും ചെയ്യുന്നു. അപ്പൂപ്പൻ വിനോദാത്മകമായ ഒരു ഏകാങ്കനാടകമാണു്. എന്നാൽ രണ്ടാമത്തേത് വായനക്കാരുടെ കണ്ണിൽ വെള്ളം നിറയ്ക്കുന്നതുമാണു്.