ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
ഓംചേരി: ഹൃദയസ്പർശകങ്ങളായ അഞ്ച് ഏകാങ്കങ്ങളുടെ സമാഹാരമാണു് ഓംചേരിയുടെ ‘ഒപ്പത്തിനൊപ്പം.’ വേണ്ടത്ര ഭാവനയും യുക്തിബോധവും കലർത്തി തൂലികയെ ചലിപ്പിക്കുവാൻ പരിചയിച്ചിട്ടുള്ള ഒരു കലാകാരനാണു് ഓംചേരി. പല നാടക കർത്താക്കളും കഥാപാത്രങ്ങളെക്കൊണ്ടു പ്രചാരണ പ്രസംഗങ്ങൾ ചെയ്യിച്ചു പ്രേക്ഷകരേയും ശ്രോതാക്കളേയും അക്ഷമരാക്കിത്തീർക്കുമ്പോൾ, ഓംചേരി ചെറിയ ചെറിയ വാചകങ്ങളിൽ സ്വാഭാവികമായ സംഭാഷണങ്ങൾകൊണ്ടു രംഗസ്ഥിതരെ ആകർഷിക്കുന്നു. അതോടൊപ്പം കഥാഗതിയിൽ ഇടയ്ക്കിടയ്ക്ക് വന്നുകൂടുന്ന സംഘട്ടനാത്മകമായ സംഭവ വികാസങ്ങൾ കാണികളെ കൂടുതൽ ഉൽബുദ്ധരാക്കിത്തീർക്കുകയും ചെയ്യുന്നു. സാന്ദർഭികമായി വന്നണയുന്ന ഫലിതോക്തികൾ ആസ്വാദകരെ ഏറ്റവും ഉന്മേഷചിത്തരാക്കിത്തീർക്കുകയുമായി. ഒപ്പത്തിനൊപ്പം എന്ന ഈ കൃതി മേല്പറഞ്ഞ ഗുണവിശേഷങ്ങളുടെ ഒരു ഉത്തമ നിദർശനമാണു്. പൊങ്ങച്ചക്കാരായ രണ്ടു കോളേജു കുമാരികളുടെ കഥയാണു് ‘ഒപ്പത്തിനൊപ്പം’ എന്ന ഏകാങ്കത്തിൽ. ‘വിളിക്കാതെ വന്നവൾ’ എന്ന കൃതിയിൽ സരളയുടേയും സുകുമാരൻ്റേയും വിവാഹത്തിനു തടസ്സമായിനിന്ന കാർത്ത്യായനിയമ്മയെ വാശിപിടിപ്പിക്കുവാൻപോരുന്ന ഒരു ഭീഷണിക്കത്തു്, സകല പ്രതിബന്ധങ്ങളേയും തകർത്ത് അവരെ നിഷ്പ്രയാസം ഒന്നിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു. ചില ദൗർബല്യങ്ങളും, താൽക്കാലികമായി വന്നുകൂടുന്ന ചില മനോഭാവങ്ങളുമാണല്ലോ, സാധാരണക്കാരെ ജീവൽപ്രധാനമായ ചില തീരുമാനങ്ങളിലേക്കു നയിക്കുന്നതു്. കാർത്ത്യായനിയമ്മയുടെ മനഃപരിവർത്തനം അത്തരത്തിലുണ്ടായതാണു്. ‘മറുമരുന്നുകൾ,’ ‘ഒട്ടുമാവുകൾ’ ഇവയാണു് അടുത്ത രണ്ടു് ഏകാങ്കങ്ങൾ. കൈക്കൂലിയും കൊള്ളയും കൊണ്ടു് പണം സമ്പാദിച്ചവൻ ജനപ്രമാണിയും ജനസമ്മതനുമായിക്കഴിയുമ്പോൾ, സത്യസന്ധതയോടുകൂടി ജോലിനോക്കി ഉദ്യോഗത്തിൽനിന്നു വിരമിച്ച ഒരുവൻ ദരിദ്രനും എല്ലാവർക്കും കൊള്ളരുതാത്തവനുമായിത്തീരുന്നു. ഇതാണു് ‘കൊള്ളരുതാത്തവൻ’ എന്ന നാടകത്തിലെ പ്രമേയം. സാമൂഹികവും ഗാർഹികവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ഇതിലെ ഏകാങ്കങ്ങൾ ഓരോന്നും, ജീവിതത്തിലെ പൊരുത്തക്കേടുകളെ തുറന്നുകാണിക്കുന്നവയും, ആത്മസംതൃപ്തിക്കു കുറേയെങ്കിലും വകനല്കുന്നവയുമാണെന്നു പറയുവാൻ മടിക്കേണ്ടതില്ല.
ഓംചേരിയുടെ മറ്റു കൃതികൾ, ഇതു നമ്മുടെ നാടാണ്, ഈ വെളിച്ചം നിങ്ങൾക്കുള്ളതാണു്, ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു (ഏകാങ്കങ്ങൾ) എന്നു തുടങ്ങിയവയാണു്.
