ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
സംസ്കൃത നാടകങ്ങളിലെ ഗദ്യം – സംഭാഷണം – അവയിലെ ശ്ലോകങ്ങൾ തമ്മിൽ ഘടിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായിട്ടു മാത്രമേ മിക്കവാറും സ്വീകരിച്ചിട്ടുള്ളു. ഇന്നത്തെ ഗദ്യനാടകങ്ങൾക്ക്, സംഭാഷണമാണ് ജീവനും രസവും നല്കുന്നതു്. കഥാഗതിയെ മുന്നോട്ടു നയിക്കുന്നതും കഥാപാത്രങ്ങളുടെ വ്യതിരിക്ത ഭാവങ്ങളെ പ്രകാശിപ്പിക്കുന്നതും അവയിലെ സംഭാഷണം കൊണ്ടു മാത്രമാണു്. സംസ്കൃത നാടകങ്ങളിൽ അനുപേക്ഷണീയമെന്നവണ്ണം കണ്ടുവരാറുള്ള ആത്മഗതങ്ങളും ആകാശ ഭാഷിതങ്ങളും ആധുനിക ഗദ്യ നാടകങ്ങളിൽ തിരസ്‌കരിച്ചിരിക്കുകയാണു്. ഇങ്ങനെ ഓരോന്നു പരിശോധിക്കുമ്പോൾ സംസ്കൃത നാടകങ്ങളിൽ നിന്നു വളരെ വ്യതിയാനങ്ങൾ ആധുനിക ഗദ്യനാടകങ്ങൾക്കുണ്ടെന്നു കാണുവാൻ കഴിയും.
നാടക രചനയുടെ സാങ്കേതിക (Technique) മാറ്റങ്ങളിൽ മേല്പറഞ്ഞ വിധമുള്ള വ്യതിയാനങ്ങൾവരുത്തി ആധുനിക ഗദ്യനാടകങ്ങൾ നിർമ്മിച്ചവരിൽ ആദ്യനും അഗ്രഗണ്യനും ഹെൻ്റ്റിക്ക് ഇബ്സനത്രേ. അദ്ദേഹം കെട്ടിപ്പടുത്ത റിയലിസ്റ്റിക് സാങ്കേതിക മാറ്റത്തിനു പില്ക്കാലത്തു വേണ്ടിടത്തോളം പ്രതിഷ്ഠയും പ്രചാരവും പുരോഗതിയും ലഭിക്കുവാൻ ഇടയായിട്ടുണ്ട് ‘ആശയനിഷ്ഠങ്ങളും (Play of ideals) അഭിപ്രായ നിഷ്ഠങ്ങളും (Play of opinions) പ്രശ്ന നിഷ്ഠങ്ങളും (Problem plays) ആയ പല ഉപശാഖകളും ഇബ്സൻ്റെ മുൻപറഞ്ഞ യാഥാർത്ഥ്യ (Realism) ത്തിൽനിന്നും പൊട്ടി മുളച്ചിട്ടുള്ളവയാണു്.’ പാശ്ചാത്യ ലോകത്തിൽ ആധുനിക ഗദ്യ നാടകങ്ങൾക്കുണ്ടായ അന്യാദൃശ്യമായ വളർച്ചയുടെ ഫലമായി ആ പ്രസ്ഥാനത്തിൽ ഇന്നു് ഒട്ടനേകം ശാഖകൾ – പ്രസ്ഥാനവിശേഷങ്ങൾ ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. എന്നാൽ മലയാള ഭാഷയിൽ ആധുനിക കലാസങ്കേതങ്ങളെ അസ്പദമാക്കിയുള്ള സ്വതന്ത്ര നാടകങ്ങൾ അധികമൊന്നും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. ഇന്നു പുറപ്പെട്ടുകൊണ്ടിരിക്കുന്ന ഗദ്യനാടകങ്ങളിൽ ഭൂരിഭാഗവും പ്രഹസനങ്ങളിൽ ഉൾപ്പെടുന്നവയാണു്. അല്ലെങ്കിൽ എന്തിനു്? പ്രഹസനങ്ങളെന്നും ഗദ്യനാടകങ്ങളെന്നും ഉള്ള അന്തരംതന്നെ ഇന്ന് ഇല്ലാതായിരിക്കയാണു്. അവയെ വേർതിരിക്കുന്ന വരമ്പും ഇന്നു തേഞ്ഞുമാഞ്ഞു പോയിരിക്കയാണ്. വിഷയ സ്വീകരണത്തിൽ സ്വാതന്ത്ര്യം കൈക്കൊണ്ടതോടുകൂടി ഭരത നാട്യശാസ്ത്രത്തിലെ വിധികളോരോന്നും ഉല്ലംഘിച്ചു കഴിഞ്ഞു. അതോടുകൂടി രൂപകോപരൂപകവിഭജനം തന്നെ അസ്തമിച്ചിരിക്കയാണു്. അങ്കവിഭാഗവും അതുപോലെതന്നെ. നാടകങ്ങൾ, പ്രഹസനങ്ങൾ, ഏകാങ്കങ്ങൾ എന്നിങ്ങനെയുള്ള വിഭജനം ഇന്നത്തെ ദൃശ്യകലകളിൽ വ്യാമിശ്രങ്ങളായിട്ടാണിരിക്കുന്നതു്. പലതും അങ്ങുമിങ്ങും കലർന്നുകാണാം ബഷീറിൻ്റെ ‘കഥാബീജം’ അതിനൊരു ദൃഷ്ടാന്തമായി പറയാം. അതു് ഏകാങ്കമാണെങ്കിലും പ്രേക്ഷകർ രണ്ടുമണിക്കൂറിലധികം സമയം ഒരേ രംഗത്ത് ഇരിക്കേണ്ടിവരുന്നു. സാധാരണ ഒരു നാടകം അഭിനയിക്കേണ്ടിവരുന്ന സമയം മിക്കവാറും അതിനും വേണ്ടിവരുന്നുണ്ടു്. എന്നിട്ടും അതിനെ നാടകത്തിൽ ഉൾപ്പെടുത്താതെ പ്രഹസനത്തിൽ കൊള്ളിച്ചിരിക്കയാണു്. ഇതാലോചിക്കുമ്പോൾ നാടകങ്ങളെന്നും പ്രഹസനങ്ങളെന്നും ഏകാങ്കങ്ങളെന്നും മറ്റുമുള്ള വേർതിരിവ് ഇവിടെ ചെയ്യാതിരിക്കുകയാണു് അധികം നന്നെന്നു തോന്നുന്നു. ഇനി, ഈ ഗദ്യനാടക ശാഖയിൽ പ്രവർത്തിച്ചിട്ടുള്ളവരും, പ്രവർത്തിച്ച പ്രമുഖവ്യക്തികളേയും, അവരുടെ കൃതികളേയും കുറിച്ചു സാമാന്യമായി ചിലതു പ്രസ്താവിക്കുവാനാണു മുതിരുന്നതു്.
