ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
ജി. ശങ്കരപ്പിള്ള: 1957-ൽ സാഹിത്യ പരിഷത്തു നടത്തിയ നാടക മത്സരത്തിൽ സമ്മാനാർഹമായിത്തീർന്ന ഒരു കൃതിയാണ് ജി. ശങ്കരപ്പിള്ള എം. എ.യുടെ ‘വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു’ എന്ന നാടകം. വായിക്കാനും അഭിനയിക്കാനും കൊള്ളാവുന്ന ഒരു കൃതിയാണതു്. പിതാവിനു തടസ്സമായിരുന്ന ദേവകീപരിണയം, പിന്നീടു തടസ്സങ്ങൾ നീങ്ങി അദ്ദേഹത്തിൻ്റെ അനുഗ്രഹത്തോടുകൂടിത്തന്നെ, സ്വപുത്രൻ നടത്തുന്നതാണു അതിലെ പ്രമേയം. ഒരു ചുരുങ്ങിയ കാലയളവിൽ നടക്കുന്ന സംഭവങ്ങളാണ് ആറു രംഗങ്ങളിലായി നാടകത്തിൽ വർണ്ണിക്കുന്നതു്. വൈവിധ്യം പൂണ്ട രംഗസജ്ജീകരണവും പാത്രസംവിധാനവും പ്രശംസാർഹമാണു്. സ്നേഹദൂതൻ, ശങ്കരപ്പിള്ളയുടെ രചനാഭംഗിയേറിയ ഒരു ചെറുനാടകമാണു്. വിലങ്ങും വീണയുമാണ് മറ്റൊന്ന്, ശരശയനം, ആഹ്വാനം എന്നീ ഏകാങ്കങ്ങളും പ്രസ്താവയോഗ്യങ്ങൾ തന്നെ.
വീരൻ: തൂവലും തൂമ്പയുമാണു് പി. കെ. വീരരാഘവൻ നായരുടെ നാടകങ്ങളിൽ ഏറ്റവും പ്രസിദ്ധമായതു്. കുട്ടനാട്ടിലെ ഇടത്തരം ഒരു കൃഷീവലകുടുംബമായ കറവാട്ടു പരമുപ്പണിക്കരുടെ രണ്ടു പുത്രന്മാരാണു് രാഘവനും കൊച്ചുകൃഷ്ണനും. രാഘവൻ കോളേജിലേക്കും, കൊച്ചുകൃഷ്ണൻ തൂമ്പയുമായി പാടത്തേക്കുമാണു്. ഭാവിജീവിതത്തിനുവേണ്ടി പുറപ്പെട്ട തു്. വിദ്യാഭ്യാസം കഴിഞ്ഞു വന്ന രാഘവൻ പേർഷ്യയിലേക്കു പോകുവാൻ പണത്തിനു ബുദ്ധിമുട്ടിക്കുകയുണ്ടായി. അനുജൻ്റെ മറുപടി രാഘവനെ ചൊടിപ്പിച്ചു. വാഗ്വാദം മുറുകി, ജ്യേഷ്ഠൻ അനുജൻ്റെ ചെകിട്ടത്തടിച്ചു. തൂവലും തൂമ്പയുമായി സംഘട്ടനത്തിലെത്തി. തൽക്ഷണം അവിടെ വന്നെത്തിയ പിതാവു് അവരെ സാന്ത്വനം ചെയ്തു പറഞ്ഞയച്ചു. പിന്നെയും പടക്കളമായിത്തീരാവുന്ന ഒരു രംഗം പാടത്തുണ്ടാകുന്നു. അന്നു ഹതവീര്യനായി നിസ്സഹായനായിത്തീർന്ന ജ്യേഷ്ഠനെ അനുജൻ രക്ഷിക്കുന്നു. രാഘവൻ്റെ ഉള്ളിൽ കുടികൊണ്ടിരുന്ന വികാരങ്ങൾ ഉണരുകയായി. തൻ്റെ ഡിഗ്രിസമ്പാദനത്തിനു്, തൂമ്പയെടുത്തു കിളച്ചു കതിർമണികൾ വിളയിച്ചിരുന്ന അനുജൻ്റെയും കൂട്ടുകാരുടെയും ചോരയും വിയർപ്പുമാണു് കാരണമെന്ന തത്ത്വം മനസ്സിലാക്കിയ രാഘവൻ ഒരു പുതിയ മനുഷ്യനായി മാറുന്നു. കൊച്ചുകൃഷ്ണനെ കർഷകനാക്കിയ കണ്ണൻപുലയൻ്റെ പക്കൽനിന്നു തൂമ്പവാങ്ങി അയാൾ തൊഴിലാളി വർഗ്ഗത്തിൻ്റെ നേതൃത്വം സ്വീകരിക്കയും, തൻ്റെ അവിവേക നടപടികൾക്ക് അച്ഛൻ്റെയടുക്കൽ ക്ഷമാപണം ചെയ്യുകയും ചെയ്യുന്നു. വികാരതീക്ഷ്ണമായ ഈ മുഖ്യകഥയോടനുബന്ധിച്ചുതന്നെ ചില പ്രണയ കഥകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ടു്. വായനക്കാരുടെ ഹൃദയങ്ങളെ വികാരങ്ങളുടെ അഗാധതയിലേക്കു പായിക്കുവാൻ കരുത്തുറ്റ ഒരു നാടകമാണു് തൂവലും തൂമ്പയും. 1957-ൽ കോട്ടയം സാഹിത്യപരിഷൽ സമ്മേളനത്തിൽ അഭിനയിച്ച ഈ നാടകം സഹ്യാദ്രിക്കപ്പുറത്തുള്ള കലാകാരന്മാരെയും ആകർഷിക്കയുണ്ടായി. തൽഫലമായി, മാമാവരേർക്കർ എം. പി. യുടെ ഉത്സാഹത്താൽ പ്രസ്തുത നാടകം ഹിന്ദിയിൽ പരിഭാഷപ്പെടുത്തി ഡെൽഹിയിൽവെച്ച് അഭിനയിക്കുവാനും, ഇൻഡ്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിനു പാത്രമായിത്തീരുവാനും ഇടയാകുകയും ചെയ്തു.
നാലും നാലു്, നാളെ കാണുന്നവനെ ഇന്നു കാണുന്നില്ല, പൊറുതിയും പൊരുത്തവും എന്നിവയാണു് വീരൻ്റെ മറ്റു കൃതികൾ.
