ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

സി. എൽ. ജോസ്: അഭിനയപ്രധാനമായ അനേകം നാടകങ്ങൾ എഴുതി അതിവേഗത്തിൽ ഉയർന്നുവരുന്ന ഒരു യുവകലാകാരനാണു്, സി. എൽ. ജോസ്. നനയാത്ത കണ്ണുകളെ നനയ്ക്കാൻ ഈ യുവാവിൻ്റെ ‘നക്ഷത്രവിളക്കി’നു ശക്തിയുണ്ട്. പണക്കാരനായ അനുജൻ്റേയും, പട്ടിണിക്കാരനായ ചേട്ടൻ്റേയും കഥ മനംതെളിഞ്ഞു് എഴുതിയിട്ടുള്ളതാണു് ജോസിൻ്റെ ‘മാനം തെളിഞ്ഞു’ എന്ന ആദ്യകൃതി. ഏതും സമർത്ഥമായ സംഭാഷണചാതുരികൊണ്ടു ഹൃദയംഗമമാക്കിത്തീർക്കുവാനുള്ള ഒരു പ്രത്യേകകഴിവു് ഈ നാടകകൃത്തിൽ കാണുന്നുണ്ടു്. ആശയങ്ങളെ വസ്തുനിഷ്ടമായി പരിശോധിച്ച ശേഷമേ അദ്ദേഹം അതു പകുത്താറുമുള്ളു. ജീവിതം ഒരു കൊടുങ്കാറ്റാണു്. പൊള്ളുന്ന പരമാർത്ഥങ്ങൾ, ഭൂമിയിലെ മാലാഖാ, മഴക്കാറു നീങ്ങി, വേദനയുടെ താഴ്വരയിൽ എന്നിവയാണു് ജോസിൻ്റെ മറ്റു നാടകങ്ങൾ. തീപിടിച്ച ആത്മാവു് ഈ അടുത്ത അവസരത്തിൽ പുറപ്പെടുവിച്ച ഒരു നാടകമാണു്.

കോന്നിയൂർ നരേന്ദ്രനാഥ്: നാലു രംഗങ്ങളുള്ള ഒരു ചെറിയ നാടകമാണു് നരേന്ദ്രനാഥിൻ്റെ ‘തെറ്റിദ്ധാരണ നീങ്ങുന്നു’ എന്ന കൃതി. ഇടത്തരത്തിൽപ്പെട്ട ഒരു കുടുംബത്തിൻ്റെ കഥയാണതിൽ പ്രകാശിപ്പിക്കുന്നതു്. വേദന നിറഞ്ഞ ഒരന്തരീക്ഷത്തിൽ പലപല പ്രതികൂല ശക്തികളിൽപ്പെട്ടു നട്ടംതിരിയുന്ന ഏതാനും ജീവികളെ നിരീക്ഷണപടുവായ നാടകകൃത്ത് വികാരവായ്പോടെ അതിൽ ചിത്രീകരിക്കുന്നു. നാടകത്തിലെ ഓജസ്സുറ്റ സംഭാഷണം, വായനക്കാരെയും രംഗസ്ഥിതരെയും ഉന്മേഷ ചിത്തരാക്കുവാൻ തികച്ചും പോരുന്നതു തന്നെ. ഈ നാടകത്തിൻ്റെ വിജയത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നതും മറ്റൊന്നല്ല. പരിശ്രമ ശീലനും ഉല്പതിഷ്ണുവുമായ ഈ കലാകാരനിൽനിന്നു ‘മനുഷ്യരാശിക്കുവേണ്ടി’, ‘നുറുങ്ങുന്ന ശൃംഖലകൾ’ എന്നിങ്ങനെ ചില നാടകങ്ങൾ കൂടി ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.