ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
പരിഹാസരസികനായ മോളിയേറുടെ ഉൽകൃഷ്ടനാടകങ്ങളിലൊന്നാണു് എം. പി. പോൾ വിവർത്തനം ചെയ്തിട്ടുള്ള ‘ലുബ്ധൻ’. ഈ നാടകത്തെത്തന്നെ അനുകരിച്ച് സി. ജെ. തോമസ് ‘പിശുക്കൻ്റെ കല്ല്യാണം’ എന്നൊരു കൃതിയും എഴുതിയിട്ടുണ്ടു്. മോളിയേറുടെ മികച്ച മറ്റു രണ്ടു നാടകങ്ങളാണു’ ‘തർത്യൂഫും’, ‘ബൂർഷ്വാമാന്യനും. പ്രസ്തുത കൃതികൾ ‘രണ്ടു മോളിയേർനാടകങ്ങൾ’ എന്ന ശീർഷകത്തിൽ എസ്. ഗുപ്തൻനായർ പരിഭാഷപ്പെടുത്തിയിരിക്കുന്നു.
ഷേക്സ്പിയറുടെ പല നാടകങ്ങളും വിവർത്തനങ്ങളായി ഭാഷയിൽ അവതരിച്ചിട്ടുണ്ടു്. വറുഗീസുമാപ്പിളയുടെ ‘കലഹിനീദമനം’, കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ ‘ഫാംലെറ്റ് നാടകം’ എന്നീ വിവർത്തനങ്ങൾ പരക്കെ അറിയപ്പെട്ടിട്ടുള്ളവയാണു്. ദിവാൻ ബഹദൂർ എ. ഗോവിന്ദപ്പിള്ള ഹാംലെററു്, ലീയർനാടകം. മാക്‌ബത്തു്, വെനീസിലെ വ്യാപാരി, ഒതെല്ലൊ എന്നിങ്ങനെ ഷേക്സ്പിയരുടെ ഒട്ടുവളരെ കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. മിഡ് സമ്മർ നൈറ്റ്‌സ് ഡ്രീം. കെ. പരമുപിള്ള ‘വിഭ്രമവിലാസം’ എന്ന പേരിലും, ചുനക്കരെ ഉണ്ണികൃഷ്ണവാര്യർ വാസന്തീകസ്വപ്നം എന്ന പേരിലും വിവർത്തനം ചെയ്തിരിക്കുന്നു. ട്വെൽഫ്‌ത് നൈറ്റ് എന്ന കൃതി സി. പി. തോമസ്’ ‘മനം പോലെ മംഗല്യം’ എന്നപേരിലും, ഡോ. കോയാത്തു കൊച്ചുണ്ണിമേനോൻ ‘ദ്വാദശനിശ’ എന്നപേരിലും തർജ്ജമ ചെയ്തിട്ടുണ്ടു്. സഞ്ജയൻ്റെ ഒഥല്ലൊ, കെ. രാമകൃഷ്ണപിള്ളയുടെ (കുട്ടനാട്ട്) മാക്‌ബത്തു് തുടങ്ങിയവ വിശിഷ്ടമായ ചില പരിഭാഷകളാണു്.
ഹാപ്റ്റ്‌മാൻ്റെ ഒരു പ്രസിദ്ധകൃതിയാണു് ‘ഹനേലെ’. ചങ്ങമ്പുഴ കൃഷ്ണപിള്ള അതു വിവർത്തനം ചെയ്തിട്ടുണ്ടു്. ടോൾസ്റ്റോയിയുടെ The Power of Darkness എന്ന നാടകം ‘തമഃശക്തി’ എന്നപേരിൽ എൻ. കെ ദാമോദരൻ വിവർത്തനം ചെയ്തിട്ടുള്ളതു ശ്രദ്ധേയമാണു്. ദാമോദരൻ്റെ മറ്റൊരു വിവർത്തനം ഗോർക്കിയുടെ അടിത്തട്ടുകൾ എന്ന കൃതിയാണു്.
റഷ്യൻ സാഹിത്യകാരനായ ആൻ്റൺ ചെക്കോവിൻ്റെ രണ്ടു് ഏകാങ്കങ്ങളുടെ തർജ്ജമകളാണു് ചങ്ങമ്പുഴയുടെ ‘വിവാഹാലോചന’യും ‘കരടി’യും. ഇതുപോലെ ഷില്ലർ, മീറ്റർലിങ്ക് തുടങ്ങിയ പാശ്ചാത്യ സാഹിത്യകാരന്മാരുടെ കൃതികളിൽ ചിലതെല്ലാം വിവർത്തനങ്ങളായി ഇതിനകം നമുക്കു ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ബർണ്ണാഡ് ഷായുടെ കൃതികളിൽ ചിലതും ഭാഷയിൽ പകരാതിരുന്നിട്ടില്ല. ഇവയ്ക്കു പുറമെ, പല വൈദേശികകൃതികളുടെ അനുകരണങ്ങളായും അപഹരണങ്ങളായും ഒട്ടേറെ നാടകങ്ങളും ഇവിടെ പ്രസിദ്ധീകൃതങ്ങളായിട്ടുണ്ടു് .
