ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
ലിസിസ്ട്രാറ്റാ: സി. ജെ. തോമസ് പരിഭാഷപ്പെടുത്തിയിട്ടുള്ള പ്രസ്തുതകൃതി, ക്രിസ്തുവിനു നാനൂറുവർഷങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന യവന സാഹിത്യകാരനായ അരിസ്റ്റോഫനിസിൻ്റെ സുപ്രസിദ്ധമായ ഒരു ഹാസ്യനാടകമാണു്. ആഥൻസും സ്പാർട്ടയും തമ്മിലുള്ള യുദ്ധം വളരെക്കാലം നീണ്ടുനിന്നു. തന്മൂലം പൊറുതിമുട്ടിയ സ്ത്രീകൾ സംഘടിച്ചു പുരുഷന്മാരെ യുദ്ധത്തിൽനിന്നു പ്രത്യാനയിക്കുന്നതാണ് ഈ കോമഡിയിലെ കഥ. മലയാളത്തിൽ വിവർത്തനം ചെയ്യുന്ന ആദ്യത്തെ ഗ്രീക്കു ഹാസ്യനാടകവും ഇതുതന്നെ.
ഹിപ്പോലീറ്റസ്സ്: യൂറിപ്പിഡീസ് എന്ന യവന സാഹിത്യകാരൻ്റെ പ്രമുഖ നാടകങ്ങളിലൊന്നാണു് ഹിപ്പോലിറ്റസ്സ് എന്ന ദുരന്ത നാടകം. ഗ്രീക്ക്ക്ലാസ്സിക്കുകളുമായി ധാരാളം പരിചയം സമ്പാദിച്ചിട്ടുള്ള മാത്യു കുഴിവേലിയാണു് അതു ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിട്ടുള്ളതു്.
‘പതിദേവത’ എന്ന യൂറിപ്പിഡീസിൻ്റെ ഒരു നാടകം ഡാ. എസ്. കെ. നായരും വിവർത്തനം ചെയ്തിട്ടുണ്ട്. എസ്. കെ. നായരുടെ മറ്റൊരു നാടകമാണു് പ്രെമൊത്യുസ്.
യൂഡിപ്പസ്സ്: സൊഫോക്ലിസ്സിൻ്റെ ഭാവന അത്യുച്ചത്തിൽ പ്രകാശിപ്പിക്കുന്ന ഒരു കൃതിയാണു്’ ‘യൂഡിപ്പസ്സ്” എന്ന ദുരന്തനാടകം. ഗദ്യപദ്യാത്മകരൂപത്തിൽ കെ. എം. പണിക്കർ അതു വിവർത്തനം ചെയ്തിരിക്കുന്നു. ‘ഇലക്ട്ര’ എന്ന യവന നാടകവും പണിക്കർ പരിഭാഷപ്പടുത്തിയിട്ടുണ്ടു്.
