ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
സി. വി.യുടെ കൃതികൾ: ഏതാനും ചരിത്രനാടകങ്ങളാണ് മലയാളത്തിൽ ആദ്യമുണ്ടായ ഗദ്യനാടകങ്ങൾ. അവ നാടകരൂപത്തിൽ ഇറങ്ങിയവയുമല്ല. സി. വി.യുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജ തുടങ്ങിയ ആഖ്യായികകൾ തിരുവനന്തപുരത്തെ ചില നടന്മാർക്ക് അഭിനയിക്കുവാൻവേണ്ടി അന്നു നാടകരൂപത്തിൽ ഇറക്കിയവയാണു് പ്രസ്തുത ഗദ്യ നാടകങ്ങൾ. സി. വി.യുടെ ആഖ്യായികകളെക്കുറിച്ചു മുന്നദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിൻ്റെ പ്രഹസനങ്ങളെപ്പറ്റിമാത്രമെ ഇവിടെ അനുസ്മരിക്കുന്നുള്ളു. കുറുപ്പില്ലാക്കളരിയാണു് അദ്ദേഹത്തിൻ്റെ പ്രഹസനങ്ങളിൽ പ്രധാനമായതു്. പണ്ടത്തെ പാച്ചൻ, തെന്തനാം കോട്ടു ഹരിശ്ചന്ദ്രൻ, കയ്മളശ്ശൻ്റെ കുടശിക്കൈ, ചെറുതേൻ കൊളംബസ്, കുറുപ്പിൻ്റെ തിരിപ്പു്, ബട്ട്ലർ പപ്പൻ, ഡാക്ടർക്ക് കിട്ടിയ മിച്ചം ഇവയാണു മററു പ്രഹസനങ്ങൾ. സാമുദായികമായ ചില ദുരാചാരങ്ങളെ ദൂരീകരിക്കുവാനുള്ള പ്രേരണ സമുദായത്തിൽ വളർത്തുക എന്നതായിരുന്നു സി.വി. യുടെ പ്രഹസനങ്ങളുടെ ലക്ഷ്യം. തിരുവനന്തപുരം പട്ടണത്തിലും അതിൻ്റെ പരിസരങ്ങളിലും നടന്നിരുന്ന ചില സാമുദായികാചാരങ്ങളേയും അന്ധമായ ചില അനുകരണങ്ങളേയുമാണ് അവയിൽ വിമർശിച്ചിട്ടുള്ളതു്. തദ്ദേശപ്രാതാന്യമേ അവയ്ക്കു കല്പിക്കുവാനുമുള്ളു. പരിഹാസമാണ് അവയിൽ വഴിഞ്ഞൊഴുകുന്നതു്. ഭാഷയിലെ പ്രഹസന പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് സി. വി. രാമൻപിള്ളയാണെന്നു പറയുന്നതിൽ പക്ഷാന്തരമുണ്ടാകുവാനിടയില്ല.
അപ്പൻ തമ്പുരാൻ: കാലവിപര്യയം, മുന്നാട്ടുവീരൻ എന്നീ രണ്ടു കൃതികളാണു് തമ്പുരാൻ നിർമ്മിച്ചിട്ടുള്ളത്. കാലവിപര്യയത്തിനു പ്രഹസനപ്രമേയമെന്ന അപരനാമംകൂടി നല്ലിയിട്ടുണ്ടു്. “ചില തത്ത്വങ്ങളെ നടന രംഗത്തിൽക്കൂടി അന്വയവ്യതിരേകലക്ഷ്യങ്ങളെക്കൊണ്ടു സമാസിച്ചു കാണിക്കുകയാകുന്നു കാലവിപര്യയത്തിലെ കാഴ്ചച്ചുരുക്കം. തത്ത്വചിന്താപരമായ പ്രമേയമാകയാലാണ് ‘പ്രഹസനപ്രമേയ ‘കോടിയിൽ ഇതിനേയും ഉൾപ്പെടുത്തിയതു്” എന്നു ഗ്രന്ഥകാരൻ പ്രസ്താവിച്ചിരിക്കുന്നു. മുന്നാട്ടുവീരൻ, എം. ആർ. കെ. സി.യുടെ വെള്ളുവക്കമ്മാരൻ എന്ന ആഖ്യായികയിലെ ഇതിവൃത്തത്തെ ഉപജീവിച്ചെഴുതിയിട്ടുള്ള ഒരു ഗദ്യ നാടകമാണു്. അതിൽ പത്തു രംഗങ്ങളാണുള്ളതു്. 1110-ലെ പരിഷൽ ത്രൈമാസികത്തിൽ പ്രസ്തുതകൃതി പ്രസിദ്ധപ്പെടുത്തിയിരുന്നു. പിന്നീടാണു പുസ്തകരൂപത്തെ പ്രാപിച്ചത്. മലയാളത്തിലെ ഏകാങ്കങ്ങളിൽ ആദ്യഘട്ടത്തിലെ ഒരു കൃതി എന്ന നിലയിൽ സാഹിത്യചരിത്രത്തിൽ ഇതൊരു മാന്യസ്ഥാനമർഹിക്കുന്നു.
