ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
സിനിമ അഥവാ ചലച്ചിത്രം: ജനതയുടെ സാംസ്‌കാരികാനുഭൂതികൾക്ക് അവലംബമായിട്ടുള്ളവയത്രെ സംഗീതസാഹിത്യാദികലകൾ. തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിൽ ഇവയിൽ ഓരോന്നും എത്രകണ്ട് ആസ്വാദനക്ലേശം കുറഞ്ഞുകിട്ടുമോ അത്തരത്തിലുള്ള ഓരോന്നുമായിരിക്കും കൂടുതൽ കൂടുതൽ സ്വാഗതാർഹമാവുക. സിനിമ, റേഡിയൊ, ടെലിവിഷൻ തുടങ്ങിയവ, സാംസ്‌കാരികാനുഭൂതികൾക്കുള്ള അത്തരം ആവിഷ്കരണപ്രകാരങ്ങളാണു്. ഇവയിൽ സിനിമ എന്ന ദൃശ്യപ്രസ്ഥാനത്തെപ്പറ്റിയാണ് അല്പം ചിലത് ഇവിടെ കുറിക്കുന്നത്.
ലോകത്തിലെ മഹാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കാം സിനിമയെ. അതിൻ്റെ പുരോഗതിയും വിസ്മയാവഹംതന്നെ. ഒരു രാഷ്ട്രത്തിൻ്റെ സംസ്ക്കാര പരിഷ്കാരങ്ങളും ഭൂപ്രകൃതിയും മറ്റും ഇതരരാജ്യക്കാർക്ക് ദൃഷ്ടിഗോചരമാക്കിത്തീർക്കുവാൻ സിനിമയെപ്പോലെ ഉപകരിക്കുന്ന കലാവിദ്യ വേറൊന്നില്ല. ഇന്നു നമ്മുടെ ദൈനംദിന ജീവിതത്തിൽ അതു് അതുല്യമായ സ്വാധീനശക്തി ചെലുത്തിക്കൊണ്ടിരിക്കുന്നു. മാനവ സംസ്‌കാരത്തെ നിലനിറുത്തുന്നതിനും, പരിഷ്കൃത ലോകത്തിൻ്റെ പുരോഗതി പാമരസഞ്ചയം മനസ്സിലാക്കുന്നതിനും, അവരിൽ പുരോഗമനവാഞ്ചര ജനിപ്പിക്കുന്നതിനും ഇതുപോലെ പ്രേരണാശക്തിയുള്ള മറ്റൊരു കല ഇല്ലെന്നുതന്നെ പറയാം. അതുപോലെതന്നെ ഒരു ജനതയുടെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ഉന്മൂലനം ചെയ്യുവാനും ആ കലയ്ക്കുള്ള ശക്തി അന്യാദൃശമെന്നേ പറയേണ്ടു. ഇതര ജനസമുദായങ്ങളുടെ ആകൃതിയും ആചാരമര്യാദകളും സംഗീത സാഹിത്യാദി കലാവാസനകളും വായിച്ചറിയുക മാത്രമേ അകലെയുള്ളവർ അടുത്തകാലംവരെ ചെയ്തിരുന്നുള്ളു. എന്നാൽ സിനിമയുടെ ആവിർഭാവത്തോടുകൂടി ഓരോന്നും കൺമുമ്പിൽ കണ്ട അനുഭവം നമുക്കനുഭവപ്പെട്ടുവരികയാണു്.
