ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

മലയാളസിനിമ: മലയാള ചലച്ചിത്ര വ്യവസായത്തിൻ്റെ രജത ജൂബിലി കൊണ്ടാടുന്ന ഒരു കാലഘട്ടമാണിതു്. 25 വഷങ്ങൾക്കുമുമ്പു് , അതായതു് 1938-ൽ ‘ബാലൻ’ എന്ന മലയാള ചിത്രം കേരളത്തിൽ ആദ്യമായി രംഗത്തിറങ്ങി. സേലത്തെ മോഡേൺ തിയേറ്റേഴ്‌സിനോടാണു് അതിനു നമുക്കുള്ള കടപ്പാട്. ബാലനു പിൻഗാമികളായി 1949 വരെ അധികം ചിത്രങ്ങളൊന്നും പ്രത്യക്ഷപ്പെട്ടില്ല. 1940-ൽ ജ്ഞാനാംബികയും 41-ൽ പ്രഹ്ലാദനും പുറപ്പെട്ടശേഷം ആറേഴു വർഷത്തേക്കു മലയാള സിനിമയുടെ കൂമ്പടഞ്ഞതുപോലെ തോന്നി. 1948-ൽ എറണാകുളത്തു കേരളടോക്കീസ് രൂപംകൊണ്ടതോടുകൂടി ‘നിർമ്മല’ എന്നൊരു പുതിയ ചിത്രം അരങ്ങത്തുവന്നു. സേലത്തെ മോഡേൺ തിയേറ്റേഴ്‌സിൽ നിന്നുമാണു് അതു് അവതരിപ്പിച്ചതും. 1949-ൽ ആലപ്പുഴ ഉദയാ സ്റ്റുഡിയൊവിൽനിന്ന് വെള്ളിനക്ഷത്രം വെളിയിൽ വന്നു. തുടർന്നു കെ. ആൻഡ് കെ. യുടെ നല്ലതങ്ക, കോമള ഫിലിംസിൻ്റെ സ്ത്രീ, കൈലാസ് പിക്‌ച്ചേഴ് സിൻെറ ശശിധരൻ, പക്ഷിരാജായുടെ പ്രസന്ന എന്നിവ രംഗപ്രവേശം ചെയ്തു. 1950-ൽ ശ്രീകൃഷ്ണ പ്രൊഡക്ഷൻസിൽനിന്നു ‘ചന്ദ്രിക’യുടെ പ്രകാശം പരന്നതു മുതൽ മലയാള ചലച്ചിത്രത്തിനുണ്ടായ പുരോഗതി ആശാവഹമായിരുന്നു. 1951-ൽ കെ. ആൻഡ് കെ. യുടെ ‘ജീവിത നൗക‌യിലേറി അതു പോപ്പുലർ പ്രൊഡക്ഷൻസിൻ്റെ ‘നവലോക’ത്തിലെത്തി. 1952-53 ആയതോടുകൂടി സിനിമയുടെ വളർച്ച ക്രമപ്രവൃദ്ധമായിത്തീർന്നു. എറണാകുളത്തെ അസോസ്യേറ്റഡ് പ്രൊഡക്ഷൻസ് ‘അമ്മ’യെ രംഗത്തിറക്കി. മറ്റൊരു വഴിക്ക് ‘അച്ഛനും’ അരങ്ങത്തെത്തുകയായി. അസോസ്യേറ്റഡ് പ്രൊഡക്ഷൻസിൻ്റെ ആശാദീപം വലിയൊരു വിജയമായിരുന്നു. തുടർന്നു വിശപ്പിൻ്റെ വിളി, ആത്മസഖി, ആത്മശാന്തി, മരുമകൾ, സുഹൃത്തു്, അൽഫോൻസ, കാഞ്ചന എന്നിവ ഓരോന്നും മുന്നേറുകയായി. 1954 ആരംഭത്തോടുകൂടി തിരമാല, ലോകനീതി, ശരിയോ തെറ്റോ, പൊൻകതിർ, അവകാശി, മനസ്സാക്ഷി, പുത്രധർമ്മം, അവൻ വരുന്നു, വേലക്കാരൻ, ജനോവ, സന്ദേഹി എന്നിങ്ങനെ അനേകമെണ്ണം അരങ്ങേറി മറയുകയുണ്ടായി. 1954 അവസാനത്തിൽ രംഗപ്രവേശം ചെയ്ത ‘നീലക്കുയിൽ’ കേരളീയരെ ആകമാനം ആനന്ദത്തിൽ ആറാടിച്ചു. അതു് അഖിലേന്ത്യാപ്രസിദ്ധി നേടുകയും ചെയ്തു. നീലക്കുയിലിനുശേഷം ബാല്യസഖി, കിടപ്പാടം, ഹരിശ്ചന്ദ്ര, കാലം മാറുന്നു, നാട്യതാര, സി. ഐ. ഡി. ഇങ്ങനെ ഏതാനും ചിത്രങ്ങൾ 1955-ൽ രംഗപ്രവേശം ചെയ്ത ‘സ്നേഹസീമ’ ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. തുടർന്നു ന്യൂസ്‌പേപ്പർ ബോയി, പാടാത്ത പൈങ്കിളി, ഉമ്മ, നായരു പിടിച്ച പുലിവാലു് എന്നിങ്ങനെ വൈവിദ്ധ്യം പൂണ്ട ചിത്രങ്ങൾ ഓരോന്നിറങ്ങുകയായി. 1961- ൽ കണ്ടംബെച്ച കോട്ട് ഒരു വർണ്ണചിത്രമാക്കി അവതരിപ്പിച്ചു. സാമുദായികമായ ഒരു മാർക്കറ്റും അതിനുണ്ടായി. തുടർന്നുണ്ടായ മറ്റൊരു വർണ്ണചിത്രമാണു് ശബരിമല അയ്യപ്പൻ. അതു് ഭക്തിരസക്കാരെ കൂടുതൽ ആകർഷിച്ചു. ഉണ്ണിയാർച്ചയാണു് അയ്യപ്പൻ്റെ പിൻഗാമിയായി പുറപ്പെട്ടതു്. 1962-ൽ മുടിയനായ പുത്രനാണു് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടതു്. തുടർന്നു ശ്രീരാമപട്ടാഭിഷേകം, വേലുത്തമ്പിദളവ, കണ്ണും കരളും, പുതിയ ആകാശം പുതിയ ഭൂമി, ഭാര്യ, ഭാഗ്യ ജാതകം, സ്വർഗ്ഗരാജ്യം, കാല്പാടുകൾ, പാലാട്ടുകോമൻ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങൾ രംഗത്തെത്തി. ഇവയിൽ ചിലതു തീരെ പരാജയമടയുകയും ചെയ്തു. വിയർപ്പിൻ്റെ വില, നിത്യകന്യക, ഡോക്ടർ, സുശീല, കടലമ്മ, കാട്ടുമൈന, ചിലമ്പൊലി, മൂടുപടം, അമ്മയെക്കാണാൻ, നിണമണിഞ്ഞ കാല്പാടുകൾ എന്നീ ചിത്രങ്ങൾ 1963-ൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടവയാണു്. ഇക്കൊല്ലവും, 1964-ലും, അതു വ്യാവസായികമായി ഉൽക്കർഷത്തെ പ്രാപിച്ചുകൊണ്ടു മുന്നേറുകയാണ്.