ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
ഉപസംഹാരം: മനുഷ്യൻ്റെ കണ്ണിനും കരളിനും വിജ്ഞാനവിനോദങ്ങളെ ഒരേസമയത്തു പ്രദാനംചെയ്യുന്നവയാണല്ലോ ദൃശ്യകലകൾ. അവയിൽ നാടകവും സിനിമയും സർവ്വ പ്രാധാന്യമർഹിക്കുന്നു. രണ്ടിനും തമ്മിൽ അവിഭക്തമായ ബന്ധവുമുണ്ട്. ഒന്നു്, മനുഷ്യ സമുദായത്തെ ബാധിച്ചു നില്ക്കുന്ന അനവധി ജീവൽ പ്രശ്നങ്ങൾക്കു നിവാരണ മാർഗ്ഗം നിർദ്ദേശിച്ചുകൊണ്ടുള്ള കഥകളെ നടീനടന്മാർ നേരിട്ടഭിനയിച്ചു പ്രേക്ഷകരുടെ മനോമണ്ഡലത്തിൽ പരിവർത്തനങ്ങൾ വരുത്തുന്നു. മറ്റൊന്നു്, നടീനടന്മാരുടെ അഭിനയത്തെ ഛായാഗ്രഹണം ചെയ്തു വെള്ളിത്തിരശീലയിൽക്കൂടി പ്രേക്ഷകരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നു. രണ്ടിൻ്റെയും ലക്ഷ്യവും മിക്കവാറും ഒന്നുതന്നെ. രണ്ടാമത്തേതിനു പ്രചാരണ സൗകര്യം കൂടുതലുള്ളതുകൊണ്ടു്. നാടകത്തേക്കാൾ കൂടുതൽ ലോകവ്യാപകമായി നിലകൊള്ളുവാൻ അതു സ്വയം കഴിവുറ്റതായിത്തീരുന്നു.
“ഇക്കഴിഞ്ഞ മഹായുദ്ധകാലത്തു ശത്രുക്കൾക്കെതിരായി കലയെ പ്രയോഗിച്ചു നേരിട്ടു കണ്ട ഫലപ്രാപ്തി, പട്ടാളച്ചിട്ടയിൽ വളർന്നു മുരടിച്ചുപോയവരേയും ഇളക്കിമറിച്ചിട്ടുണ്ടാകണം. അവരുടെ ആർദ്രവികാരങ്ങളെ തട്ടിയുണർത്തി മാനസോജ്ജീവനം നല്കിയിട്ടുണ്ടാകണം. നാസികളുടേയും, ജാപ്പു ഫാസിസ്റ്റുകളുടേയും രാക്ഷസീയ പ്രവർത്തനങ്ങളെ ഊതിവീർപ്പിച്ചു. കലാമർമ്മജ്ഞന്മാർ വെള്ളിത്തിരയിൽ പ്രദർശിപ്പിച്ചപ്പോൾ ബ്രിട്ടീഷമ്മേരിക്കൻ കക്ഷികളോടും സോവിയറ്റുറഷ്യയോടും കാണികൾക്കുണ്ടായ സഹാനുഭൂതി. ശത്രുപക്ഷത്തോടു തോന്നിയ വിദ്വേഷം, അവജ്ഞ എന്നിവ കലാവിജയത്തിൻ്റെ കൊടിയടയാളങ്ങളാണു.”
ഇങ്ങനെ പ്രത്യക്ഷ ഫലദർശനത്തോടുകൂടിയ ഈ കലകളെ അനർഘമായ ധർമ്മം അവഗണിച്ച് ഒരു വാണിജ്യ മനോഭാവത്തോടുകൂടിമാത്രമാണു് ഇന്നു് അവയുടെ പ്രയോക്താക്കൾ വിനിമയം ചെയ്യുകൊണ്ടിരിക്കുന്നതു്. തന്മൂലം വന്നുചേർന്നിട്ടുള്ള ധർമ്മഭ്രംശം, സന്മാർഗ്ഗഭ്രംശം തുടങ്ങിയ ദുരദൃഷ്ടങ്ങൾ അല്പമൊന്നുമല്ല. ജനസാമാന്യത്തിൻ്റെ ഉൽക്കട വികാരങ്ങളെ നിയന്ത്രിച്ചു ശുദ്ധിപ്പെടുത്തി, സംസ്‌കാരനൈർമ്മല്യത്തിൻ്റെ മണിവേദിയിലേക്ക് ഹൃദയങ്ങളെ ആനയിക്കുക എന്ന ആദർശത്തെ അധികമാളുകളും മാനിച്ചുകാണുന്നില്ല. പക്ഷേ, ഇവിടെ ഒരു പൂർവ്വപക്ഷവുമുണ്ടാകാം. വിമർശകൻ്റെ വ്യക്തിപരമായ വീക്ഷണമല്ല, ചലച്ചിത്ര നിർമ്മാതാവിനുള്ളത്. അയാൾ ലക്ഷക്കണക്കിനുള്ള ആസ്വാദകലോകത്തിൻ്റെ രുചിഭേദങ്ങൾക്കെല്ലാം വഴിയുണ്ടാക്കണം അല്ലാത്തപക്ഷം ചലച്ചിത്രനിർമ്മാതാവിനു മുടക്കിയ മുതൽപോലും കിട്ടുവാൻ പ്രയാസമായിരിക്കും. അപ്പോൾ നിർമ്മാതാവു് തൻ്റെ കീഴിലുള്ള എല്ലാ ഘടകങ്ങളേയും – സംവിധായകൻ, സംവിധായകനെ കേന്ദ്രമാക്കി ഛായാഗ്രാഹകൻ, ശബ്ദലേഖകൻ, അഭിനേതാക്കൾ എന്നിങ്ങനെയുള്ള എല്ലാ ഘടകങ്ങളേയും — ലക്ഷക്കണക്കിലുള്ള ബഹുജനങ്ങളുടെ ഭിന്നരുചികളെ മുന്നിൽക്കണ്ടുകൊണ്ടുവേണം ഇണക്കിച്ചേർക്കുവാൻ. സാഹിത്യത്തിൻ്റെ സംസ്കാര ചൈതന്യത്തിൽ നിന്നു് ഉയിരെടുത്തിട്ടുള്ളതാണു് ചലച്ചിത്ര കലയെങ്കിലും അതു് ആദ്യന്തം ഒരു വ്യാവസായിക കലയായിട്ടാണു് നിലകൊള്ളുന്നതെന്നതും വിസ്മരിച്ചുകൂടാ. എന്നാൽ ഈ സാധൂകരണം ശരിയായിരുന്നാൽത്തന്നെയും, മാനവ സംസ്കാരത്തോട് ഏറ്റവും അടുപ്പവും ഉത്തരവാദിത്തവും ചലച്ചിത്രനിർമ്മാതാവിനു് ഉണ്ടെന്നുള്ള യാഥാർത്ഥ്യം വിസ്മരിക്കാവുന്നതല്ല. സാംസ്‌കാരിക മൂല്യവും ചലച്ചിത്രവിജയത്തിൻ്റെ മൂല്യവും ഒത്തിണങ്ങുന്ന ഒരുകാലഘട്ടത്തിൽ മാത്രമേ ഈ വിശിഷ്ട കലകൊണ്ടുള്ള സമ്പൂർണ്ണ സാഫല്യം സമുദായത്തിനു് സംജാതമാകാൻ സാധ്യതയുള്ളൂ.
