ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

ആറ്റൂർ: പണ്ഡിത രത്നമായ ആറ്റൂർ കൃഷ്ണപ്പിഷാരടിയുടെ ഒരു ഗദ്യനാടകമാണു ധീരവ്രത. ഭീഷ്‌മരെ നായകനാക്കി രചിച്ചിട്ടുള്ള പ്രസ്തുത കൃതിയുടെ ഉൽപത്തി 1945-നിടയ്ക്കാണു്

ചെല്ലാനം വി. എസ്‌. ആൻഡ്രൂ : ഒട്ടുവളരെ പ്രഹസനങ്ങളും നാടകങ്ങളും എഴുതിയിട്ടുള്ള ഒരു കലാകാരനും വിദഗ്ദ്ധ നടനുമാണു വി. എസ്. ആൻഡ്രു. മലയാള ഗദ്യനാടകങ്ങളുടെ ആരംഭഘട്ടങ്ങളിൽ ആൻഡ്രവിൻ്റെ നാടകങ്ങൾ മദ്ധ്യകേരളത്തിൽ പല സ്ഥലങ്ങളിലും വളരെയേറെ അഭിനയിച്ചിരുന്നു. ഫലിതരസം നിറഞ്ഞവയാണു് അദ്ദേഹത്തിൻ്റെ പ്രഹസനങ്ങൾ എല്ലാം തന്നെ. ജ്ഞാനസുന്ദരി, ഇസ്താക്കിചരിതം, പറുദീസാനഷ്ടം, വിശ്വാസവിജയം, രാമരാജ്യം, അക്ബർ മഹാൻ, കാർന്നോരുടെ കലാപ്രണയം, ശ്രീയേശു നാടകം എന്നിങ്ങനെയുള്ള നാടകങ്ങളും, മുട്ടാളപ്പട്ടാളം, കാലകോലാഹലം, നിയമസഭാകലാപം, ഭക്തിധീരൻ എന്നിങ്ങനെയുള്ള പ്രഹസനങ്ങളും ഈ കലോപാസകൻ്റെ തൂലികയിൽനിന്നു കൈരളിക്കു ലഭിച്ചിട്ടുള്ള ഏതാനും നല്ല ഉപഹാരങ്ങളാണു്. ആൻഡുവിൻ്റെ നാടകവേദിയിൽ അഭിനയിച്ചു കീർത്തിയാർജ്ജിച്ച രണ്ടു പ്രമുഖ നടന്മാരാണു് കുഞ്ഞുകുഞ്ഞു ഭാഗവതരും. ആർട്ടിസ്റ്റ് പി. ജെ. ചെറിയാനും എന്നുള്ള വസ്തുതകൂടി ഈയവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.

ഇ. വി. : സി. വി.യുടെ കാലശേഷം, ഈ പ്രസ്ഥാനത്തിൽ നമ്മുടെ ശ്രദ്ധയെ സവിശേഷം അർഹിക്കുന്ന ഒരു സാഹിത്യകാരൻ, സി. വി. യുടെ ജാമാതാവായ ഇ. വി. കൃഷ്ണപിള്ളയാണു്. ആധുനിക ഗദ്യ നാടകങ്ങളുടെ പേർ പറയുമ്പോൾ ആദ്യമോർക്കുന്നതും അദ്ദേഹത്തെത്തന്നെ. ഈ. വിയുടെ ചെറുകഥകളെ അപേക്ഷിച്ചു നല്ല വ്യക്തിത്വമുള്ള പല കഥാപാത്രങ്ങളേയും അദ്ദേഹത്തിൻ്റെ നാടകങ്ങളിൽ നമുക്കു കാണാം. സംഭാഷണം വഴിക്കു നാടകത്തെ കൂടുതൽ ജനകീയമാക്കുവാൻ ആദ്യമായി യത്നിച്ചിട്ടുള്ളതു് കൃഷ്ണപിള്ളയാണു്. പരിഹാസം അദ്ദേത്തിൽ നൈസർഗ്ഗികമായിട്ടുള്ള ഒരു സ്വഭാവ വിശേഷമത്രെ. മിക്ക നാടകകർത്താക്കളേയും പോലെതന്നെ ഇ. വി.യും ചരിത്രപരമായ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണു് തൻ്റെ നാടകമേടകൾ നിർമ്മിക്കുവാൻ ആരംഭിച്ചിട്ടുള്ളതു്. ഇ. വി.യുടെ നാടകങ്ങൾ മിക്കവയും വീരരസപ്രധാനങ്ങളുമാണു്. നാടകകൃത്തു് ഒരു നാട്യകാരൻകൂടിയായിരുന്നതിനാൽ അഭിനയത അദ്ദേഹത്തിൻ്റെ കൃതികളുടെ ഒരു മുഖ്യ ഗുണമത്രെ. സീതാലക്ഷ്മി, രാജാകേശവദാസൻ, രാമരാജപട്ടാഭിഷേകം, ഇരവി കുട്ടിപ്പിള്ള എന്നിവയാണു് ഇ. വി.യുടെ ചരിത്രനാടകങ്ങൾ. സി. വി.യുടെ പ്രധാന കഥാപാത്രങളിൽ അനേകംപേർ ഇ. വി.യു ടെ സീതാലക്ഷ്മി തുടങ്ങിയ ചരിത്ര നാടകങ്ങളിൽ കടന്നുകൂടിയിട്ടുണ്ട്. നവീന രീതിയിലുള്ള ഗദ്യനാടകങ്ങളിൽ ആദ്യത്തേതായി കണക്കാക്കാം ഇ. വി.യുടെ സീതാലക്ഷ്മി. എട്ടുവീട്ടിൽപ്പിള്ളമാരുടെ വംശത്തിൽപ്പെട്ട കുടമൺപിള്ളയുടെ ഭാഗിനേയിയാണു് ഇതിലെ കഥാനായികയായ സീതാലക്ഷ്മി. തമ്പിമാരുടെ അമ്മാവനായ കൃഷ്ണൻതമ്പിയുടെ പുത്രൻ അനന്തൻതമ്പി നായകനും, ഒരേതരത്തിലുള്ള അഭിപ്രായങ്ങളോടുകൂടിയ അവർ പ്രണയബദ്ധരായിത്തീരുന്നു. പക്ഷേ, പ്രതികാര നിർവ്വഹണം ആദ്യത്തേതും, പ്രണയസിദ്ധി രണ്ടാമത്തേതുമായി മാത്രമേ നായിക കരുതുന്നുള്ളൂ. പ്രതികാര പ്രേരണയാൽ അന്ധയായ സീതാലക്ഷ്മി അനന്തപത്മനാഭൻ്റെ മുറിക്കകത്തു കഠാരിയുമായി പ്രവേശിക്കുന്ന രംഗവും മറ്റും ഇതിൽ അതീവ വികാരോഷ്കളമെന്നേ പറയേണ്ടു. ഇ.വി.യുടെ മറ്റു ചരിത്രനാടകങ്ങളും ഇതുപോലെതന്നെ വീരരസോജ്ജ്വലങ്ങളാണു്. കള്ള പ്രമാണം, പ്രണയക്കമ്മീഷൻ, ബി. എ. മായാവി, പെണ്ണരശുനാട്ട്, വിസ്തൃതി, വിവാഹക്കമ്മട്ടം, മായാമാനുഷൻ എന്നീ ഈ. വി.യുടെ സാമുദായിക നാടകങ്ങളത്രെ. മറ്റൊരു വിധത്തിൽ നോക്കുമ്പോൾ ഫലിതപ്രധാനങ്ങളായ പ്രഹസനങ്ങളാണിവയെന്നും പറയാം.