ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

കൈനിക്കര പത്മനാഭപിള്ള: പത്മനാഭപിള്ളയുടെ ‘കാൽവരിയിലെ കല്പപാദപം’, ‘വേലുത്തമ്പി ദളവ’, ‘അഗ്നിപഞ്ജരം’ എന്നീ നാടകങ്ങൾ പ്രസിദ്ധങ്ങളാണ്. ലോകചരിത്രത്തിലെ ഏറ്റവും വികാര തരളിതമായ സംഭവമാണു് – യേശുവിൻ്റെ ചരമ ജീവിതഘട്ടമാണു് – കല്പപാദപത്തിൽ ചിത്രീകരിച്ചിട്ടുള്ളത്. ബൈബിളിൽനിന്നാണു് ഇതിവൃത്തം സ്വീകരിച്ചിട്ടുള്ളതെങ്കിലും, പ്രസിദ്ധ ആഖ്യായികാകാരിണിയായ മേരി കാർലിയുടെ ‘ബറബാസ്സ്’ എന്ന നോവലിലെ ചില ഭാഗങ്ങളും ഇതിൽ ഘടിപ്പിക്കാതിരുന്നിട്ടില്ല. ഒരു പ്രധാന പാത്രമായ ജൂഡിത്തിൻ്റെ സൃഷ്ടി നോവലിനെ അനുകരിച്ചുള്ളതാണു്. ജന്മോഹിനിയായ ഈ നായികയുടെ സൃഷ്ടിയിൽ ഗ്രന്ഥകർത്താവിൻ്റെ നിർമ്മാണ പാടവം വേണ്ടത്ര തെളിഞ്ഞു വിളങ്ങുന്നുണ്ടെങ്കിലും കരുണം, ശാന്തം എന്നീ രസങ്ങളുടെ ഉറവിടമായ പ്രസ്തുത നാടകത്തിൽ കാമക്രീഡകൾക്കായി ലഹള കൂട്ടുന്ന വിഷയലോലുപയായ ഒരു നായികയെ രംഗപ്രവേശം ചെയ്യിക്കുന്നതിൽ കുറെ അനൗചിത്യമോ അപാകതയോ ഇല്ലേ എന്നു സംശയിക്കേണ്ടതുണ്ട്. കാഴ്ചക്കാരുടെ വികാരാവേശം അതിൻ്റെ മൂർദ്ധന്യതയിൽ എത്തുന്ന ഒരു ഘട്ടമാണു് നാടകത്തിലെ ക്രൂശാരോഹണം. അതോടുകൂടി നാടകം അവസാനിപ്പിക്കാമായിരുന്നു എന്നുള്ള അഭിപ്രായവും അനാദരണീയമല്ല. പുനരുത്ഥാനരംഗം പ്രകടമാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണു് പിന്നിട്ടുള്ള അഞ്ചു രംഗങ്ങൾ നീട്ടിയിട്ടുള്ളത്. അത്രത്തോളം നീട്ടാതെതന്നെ ആ ഭാഗം പ്രകാശിപ്പിച്ചിരുന്നെങ്കിൽ അതേവരെ ക്രമപ്രവൃദ്ധമായിത്തീർന്നിരുന്ന രസത്തിനു് ഒട്ടും തന്നെ ഉടവുതട്ടുമായിരുന്നില്ലെന്നും തോന്നുന്നു. ഇങ്ങനെ ചില പക്ഷാന്തരങ്ങൾ പ്രസ്തുത കൃതിയെസ്സംബന്ധിച്ചു പ്രകടിപ്പിക്കാമെങ്കിലും, കല്പപാദപം പ്രാഥമ്യംകൊണ്ടും പ്രാധാന്യംകൊണ്ടും മലയാളത്തിലെ ഗദ്യനാടകങ്ങളുടെ മുന്നണിയിൽ ഇന്നും നിലകൊള്ളുന്നു. കൈനിക്കര സഹോദരന്മാർ ചേർന്നു ആരംഭത്തിൽ അഭിനയിച്ചിട്ടുള്ള ഈ നാടകം, കേരളക്കര മുഴുക്കെ പ്രസിദ്ധമാണു്. ഗദ്യനാടകങ്ങളുടെ ആരംഭഘട്ടത്തിൽ ത്തന്നെ ഇത്രയും പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള മറ്റൊരു നാടകം മലയാളത്തിൽ പറയുവാനില്ല. അതിലെ ജൂദാസിൻ്റെ ഭാവരൂപങ്ങൾ ഇന്നും പലരുടേയും മനോനേത്രങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെടാറുണ്ടു്. പലരും ഈ നാടകകാലം മുതൽ അതിലെ ജൂദാസിനെ അനുകരിച്ചു് അഭിനയിക്കാറുമുണ്ട്. നാടകത്തിലെ ഭാഷ, അന്തസ്സും ആഭിജാത്യവുമുള്ളതാണു്. അതു ‘ജനകീയത’യ്ക്കു ചേർന്ന നാടോടിഭാഷയല്ലെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു.