ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

അഗ്നിപഞ്ജരം, പത്മനാഭപിള്ളയുടെ മറെറാരു നാടകമാണു്. വൈവാഹികബന്ധം വെറും സാമൂഹികനിയമങ്ങൾക്ക് അടിമപ്പെടാതെ ഒരു ആത്മീയബന്ധത്തിൽ അടിയുറച്ചു നിലകൊള്ളുന്നതായാൽ അതു സുഖവും സമാധാനവും കൈവരുത്തുന്നതായിരിക്കുമെന്നും, മറിച്ചായാൽ വിപരീതഫലമേ വരുത്തൂ എന്നുമുള്ള ജീവിത തത്ത്വത്തെ ചിത്രീകരിക്കുന്ന ഒരു നാടകമാണ് അഗ്നിപഞ്ജരം. സത്യനാഥനും സരോജവുമായുള്ള വിവാഹബന്ധം വെറും നിയമത്തിൻ്റേതുമാത്രമായിരുന്നു. ആത്മീയമായ അടിത്തറയിൽനിന്നു മുളച്ചുപൊന്താത്ത ആ ബന്ധം വിവാഹ ജീവിതത്തിൻ്റെ പരിശുദ്ധിയെത്തന്നെ നഷ്ടപ്പെടുത്തി. ഹൃദയ സംഘട്ടനത്തിൽ നിന്നുയർന്നു” അഗ്നിപഞ്ജരത്തിൽ കിടന്നു ആ ഇരുജീവികളും സ്വയം ദഹിച്ചടങ്ങുകയാണു്. വികാരോജ്ജ്വലമായ ഒരു നാടകം. സംഭാഷണ ഭാഷ, കല്പപാദപത്തിൻ്റെയും വേലുത്തമ്പിദളവയുടെയും മാറ്റിൽത്തന്നെ കാച്ചിയുരുക്കിയെടുത്തിരിക്കുന്നു, കുറച്ചുകൂടി ലളിതമാക്കാമായിരുന്നു.

യവനികയും വിധിമണ്ഡപവുമാണ് പത്മനാഭപിള്ളയുടെ മുഖ്യമായ മറ്റു നാടകങ്ങൾ. വളരുന്ന ചക്രവാളം, ചന്ദ്രിക എന്നിങ്ങനെ വേറെയും ചില കൃതികൾ അദ്ദേഹമെഴുതിയിട്ടുണ്ടു്.