ഗദ്യസാഹിത്യചരിത്രം. പതിനൊന്നാമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)

കൈനിക്കര കുമാരപിള്ള: ഏതു വിഷയവും പ്രതിപാദനരീതിയുടെ ഭംഗികൊണ്ടു ചമല്ക്കാര സമ്പൂർണ്ണമാക്കാൻ കഴിവുള്ള ഒരു വിദഗ്ദ്ധ കലാകാരനാണു് കുമാരപിള്ള. അദ്ദേഹം എഴുതിയിട്ടുള്ള നാടകങ്ങളിൽ ഒന്നാണു് വേഷങ്ങൾ. 1118-ൽ നടത്തിയ ചങ്ങനാശ്ശേരി ഹൈസ്കൂൾ ജൂബിലി ആഘോഷത്തിൽ അഭിനയിക്കുവാൻവേണ്ടി കുമാരപിള്ള എഴുതിയ ഒരു നാടകമാണതു്. ഒരു നായർ കുടുംബത്തെയാണു് നാടകത്തിൽ ചിത്രീകരിച്ചിട്ടുള്ളതു്. ഗൗരവബുദ്ധിയും ഹാസ്യബോധവും പൊരുത്തക്കേടു കൂടാതെ ഇതിൽ ഉടനീളം വ്യാപിപ്പിച്ചിരിക്കുന്നു. “കുടുംബ ജീവിതത്തിൽ അലയടിക്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിൻ്റെയും വിനോദപ്രകർഷത്തിൻ്റെയും അടിയിൽ അലിഖിതങ്ങളും എന്നാൽ ആയസദൃഢങ്ങളുമായ ചില സദാചാരനിയമങ്ങൾ പ്രവർത്തിക്കുന്നുണ്ടു്’, എന്ന തത്ത്വം ഈ നാടകത്തിൽ ശരിക്കും ദർശിക്കുവാൻ സാധിക്കും. ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരു കുടുംബ ജീവിതത്തിൻ്റെ ചേതോഹരമായ ചിത്രീകരണമാണ്’ ‘വേഷങ്ങൾ’. മിക്ക പാത്രങ്ങളും ആത്മസത്യത്തെ ഗോപനം ചെയ്യാൻ ശ്രമിക്കുന്നവർ – വേഷങ്ങൾ – ആകകൊണ്ടാണു് പ്രസ്തുത കൃതിക്ക് വേഷങ്ങൾ എന്നു നാമകരണം ചെയ്തിട്ടുള്ളതെന്ന വസ്തുതയും പ്രസ്താവ്യമാണു്. പ്രേമപരിണാമം: ഒരു രാഷ്ട്രീയ പ്രവർത്തകനിൽ ഒരു സർക്കാരുദ്യോഗസ്ഥൻ്റെ മകൾ അനുരക്തയായിത്തീരുന്നതും, പ്രേമവും രാഷ്ട്രീയാദർശവും തമ്മിൽ മല്ലിടുന്നതും, രണ്ടിനേയും ബലികഴിക്കാതെ മുന്നോട്ടു പോകാൻ യത്നിക്കുന്ന രാഷ്ട്രീയ പ്രവർത്തകൻ സ്വധർമ്മം പലതും മറന്നു, ഒടുവിൽ രോഗിയും അവശനുമായിത്തീർന്നു തൻ്റെ സ്നേഹസ്വരൂപിണിയായ ഭാര്യയെത്തന്നെ ശരണം പ്രാപിക്കുന്നതുമാണ് ഈ നാടകത്തിലെ പ്രതിപാദ്യം. പുതുമയുള്ള ഒരു വിഷയമൊന്നുമല്ലിതെങ്കിലും കുമാരപിള്ളയുടെ ആവിഷ്ക്കാരരീതി നാടകത്തെ പുതുമയുള്ളതാക്കിത്തീർത്തിട്ടുണ്ടു്. സംഭാഷണമാണല്ലൊ നാടകത്തിൻ്റെ ജീവൻ. അതു വികാര സാന്ദ്രമായിത്തന്നെ ആദ്യന്തം ഇതിൽ പ്രകാശിക്കുന്നു.

ഹരിശ്ചന്ദ്രൻ, മോഹവും മുക്തിയും, അഗ്നിപരീക്ഷ, മണിമംഗലം എന്നിവയാണു് ഗ്രന്ഥകർത്താവിൻ്റെ മറ്റു നാടകങ്ങൾ.