ദൃശ്യകാവ്യപ്രസ്ഥാനം (രണ്ടാം ഭാഗം)
എൻ. പി. ചെല്ലപ്പൻ നായർ: ഫലിതത്തിൻ്റെയും, പരിഹാസത്തിൻ്റെയും ചെല്ലസ്സന്താനമാണ് ചെല്ലപ്പൻ നായർ. വായിച്ചു രസിക്കാനും അഭിനയിച്ചാസ്വദിക്കാനും വേണ്ടത്ര വകയുള്ളതാണു് അദ്ദേഹത്തിൻ്റെ കൃതികൾ. ‘ഇബിലീസുകളുടെ നാട്ടിൽ’ എന്ന കൃതിയിൽ, നമ്മുടെ രാജ്യത്തു സാധാരണ കാണാറുള്ള രാഷ്ട്രീയോപജീവികളെയാണ് ഇബിലീസുകളായി കല്പിച്ചിട്ടുള്ളതു്. അവർമൂലം രാജ്യത്തിൽ നേരിടുന്ന വിനകളുടെ വിനോദാത്മകമായ ഒരു ചിത്രീകരണമാണ് പ്രസ്തുത കൃതിയിലെ ഉള്ളടക്കം. രസിക്കാനും ചിരിക്കാനും പറ്റിയ ഒരു നാടകം. പ്രണയജാംബവാൻ, പ്രേമവൈചിത്യം, ശശികല, കർണ്ണൻ, കലയുടെ കാമുകൻ, ലഫ്റ്റനൻ്റ് നാണി. ആറ്റംബോംബ്. മിന്നൽപ്രണയം, ഇടിയും മിന്നലും, ഭാവന, ലേഡിഡോക്ടർ, വികടയോഗി, ക്ഷീരബല സഹചരാദി കഷായത്തിൽ എന്നിങ്ങനെ ഒട്ടേറെ നാടകങ്ങൾ ഈ പരിഹാസ രസികനിൽനിന്നു നമുക്കു ലഭിച്ചിട്ടുണ്ടു്. ഇവയിൽ ചിലതു് അനുകരണങ്ങളാണെന്നു തോന്നുന്നു.
ടി. എൻ : തിരുവനന്തപുരം സ്വദേശിയായ ടി. എൻ. ഗോപിനാഥൻ നായർ സാഹിത്യപഞ്ചാനനൻ പി. കെ. നാരയണപിള്ളയുടെ പുത്രനാണു്. ഗോപിനാഥൻ നായരുടെ പ്രഹസനങ്ങളിൽ ഏതെങ്കിലും ചിലതു് അഭിനയിക്കാത്ത വിദ്യാലയങ്ങളോ, കലാലയങ്ങളോ കേരളത്തിൽ അധികം കാണുമെന്നു തോന്നുന്നില്ല. നിപുണനായ ഒരു നാടകകൃത്ത് എന്നപോലെതന്നെ, അഭിനയചതുരനായ ഒരു നടനുമാണു് ടി. എൻ. പാത്രസൃഷ്ടി, കഥാഘടന എന്നീ അംശങ്ങളിൽ നായരുടെ നാടകങ്ങൾ കൂടുതൽ അഭിനന്ദനീയങ്ങളാകുന്നു. ‘പരിവർത്തനത്തിൽ പുരോഗാമിയായ രാഘവൻ്റെ മല്പിടുത്തം, ഉദ്യോഗസ്ഥയന്ത്രമായിത്തീർന്ന അച്ഛൻ്റെ് ആദ്യകാല ജീവിതത്തെ അനുസ്മരിപ്പിക്കുകയും, തൽഫലമായി അയാളുടെ ഹൃദയത്തിനു കാലോചിതമായ പരിവർത്തനം വരുത്തുകയും ചെയ്യുന്നു. കവി മാധവമേനോനെപ്പോലെയുള്ള ശുദ്ധഗതിക്കാരും, നളിനിയെപ്പോലെയുള്ള സ്വതന്ത്രകളും നമ്മുടെ നാട്ടിലും ഇല്ലാതില്ല. ഗോപിനാഥൻ നായരുടെ നാടകങ്ങളിലെ സംഭാഷണങ്ങളിൽ ചിലതു് ഒരുതരം ഗദ്യകവിതകളുടെ പ്രതീതി ശ്രോതാക്കളിൽ അങ്കുരിപ്പിക്കുവാൻ പോരുന്നവയാണു്. അകവും പുറവും. നിലാവും നിഴലും, വിധിയേ വിധി, പൂക്കാരി, തകർന്ന മുരളി, പ്രതിദ്ധ്വനി, ജനദ്രോഹി, അനാച്ഛാദനം, അമ്മവീട്, അവൾ ഒരു പെൺ’ആണു്’, ഘടികാരം നീങ്ങുന്നു, പിന്തിരിപ്പൻ പ്രസ്ഥാനം, മൃഗം, രണ്ടും രണ്ടും അഞ്ചു്, വഴിയെ പോയ വയ്യാവേലി, ചലനങ്ങൾ എന്നിവയാണു് ടി. എൻ. – ൻ്റെ മറ്റു കൃതികൾ. ഇവയിൽ ജനദ്രോഹി, അനാച്ഛാദനം തുടങ്ങി ചിലതെല്ലാം ഛായാനുകരണങ്ങളോ വിവർത്തനങ്ങളോ ആണെന്നുള്ളതും വിസ്മരിക്കാവുന്നതല്ല.
