ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

ഇതരവിവർത്തനങ്ങൾ: ഭവഭൂതിയുടെ മാലതിമാധവം കൊട്ടാരത്തിൽ ശങ്കുണ്ണിയാണു് തർജ്ജമ ചെയ്തിട്ടുള്ളതു്. കാളിദാസൻ്റെ ‘വിക്രമോർവ്വശീയം’ നാടകവും ശങ്കുണ്ണി തർജ്ജമ ചെയ്തിട്ടുണ്ടു്. പ്രസ്തുത കൃതി കൊടുംങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനും, ‘ഭാഷപ്പെടുത്തി’യിട്ടുണ്ട്. ശക്തിഭദ്രൻ്റെ കൃതിയായ ‘ആശ്ചര്യയ്യചൂഡാമണി’ തമ്പുരാൻ ഭാഷപ്പെടുത്തിയിട്ടുള്ളതും പ്രസ്താവയോഗ്യമാകുന്നു. ഭട്ടനാരായണകൃതിയായ വേണീസംഹാരം പന്തളത്തുതമ്പുരാനാണ് തർജ്ജമ ചെയ്തിട്ടുള്ളതു്. കാളിദാസകൃതിയായ ‘മാളവികാഗ്നിമിത്രവും’, ഭാസകൃതിയായ ‘സ്വപ്നവാസവദത്ത’യും ഏ. ആർ. രാജരാജവർമ്മ ചെയ്തിട്ടുള്ള രണ്ടു തർജ്ജമകളാണു്. ശബ്ദഭംഗി കുറവായിരുന്നാലും അർത്ഥനിഷ്കർഷ ഏ. ആറിൻ്റെ തർജ്ജമകളുടെ ഒരു പ്രത്യേകതയാകുന്നു. അതു് ഈ നാടക തർജ്ജമകളിലും കാണാം. കൃഷ്ണമിശ്രൻ്റെ ‘പ്രബോധചന്ദ്രോദയം’ കുമാരനാശാൻ തർജ്ജമ ചെയ്തിട്ടുണ്ട്. ഭാസകൃതിയായ പ്രതിമാനാടകം എം. രാജരാജവർമ്മയും, കുറ്റിപ്പുറത്തു കേശവൻനായരും തർജ്ജമ ചെയ്തുകാണുന്നു. ശൂദ്രകൻ്റെ’ മൃച്ഛകടികം’ പത്തങ്കങ്ങളുള്ള ഒരു പ്രകരണമാണ്. പ്രസ്തുത കൃതിക്കു് എം. ഗോപാല മേനോനും, വരവൂർ ശാമുമേനവനും ഓരോ തർജ്ജമ പുറപ്പെടുവിച്ചിട്ടുണ്ട്. ഏ. ആർ. തമ്പുരാൻ്റെ ‘ചാരുദത്തൻ’ മൃച്ഛകടികത്തേയും, ഭാസൻ്റെ ചാരുദത്തത്തേയും ചേർത്തിണക്കി നിർമ്മിച്ചിട്ടുള്ള ഒരു സ്വതന്ത്രരൂപകമാണു്. മുരാരിയുടെ ‘അനർഘരാഘവം, കുമ്മനം ഗോവിന്ദപ്പിള്ള തർജ്ജിമ ചെയ്തിട്ടുണ്ട്. കെ. പി. കറുപ്പൻ ചെയ്തിട്ടുള്ള ‘ഭൈമീപരിണയം’ മഹാനാടകതർജ്ജമയും ഇവിടെ പ്രസ്താവാർഹമാകുന്നു. അതുപോലെതന്നെ വി. കൃഷ്ണൻതമ്പിയുടെ ചാണക്യൻ. ഗോവിന്ദപ്പിഷാരടിയുടെ നാഗാനന്ദം തുടങ്ങിയ വിവർത്തനങ്ങളും പ്രസ്താവാർഹങ്ങൾതന്നെ. ഭാസകൃതികളായ സ്വപ്നവാസവദത്തം, മദ്ധ്യമവ്യായോഗം, ഊരുഭംഗം, പഞ്ചരാത്രം മുതലായ രൂപകങ്ങൾ വള്ളത്തോൾ തുടങ്ങിയവർ വിവർത്തനം ചെയ്തിട്ടുള്ളതും വിസ്മരണീയങ്ങളല്ല.